സിറിയയിലെ മുഹമ്മദ് അൽ ബശീർ ആരാണ് ?
text_fieldsഡമസ്കസ്: ഡിസംബർ പത്തു മുതൽ സിറിയയിൽ ഇടക്കാല സർക്കാറാണ് ഭരിക്കുന്നത്. അവരുടെ പ്രധാന ദൗത്യം, ബശ്ശാറിനുശേഷമുള്ള സിറിയയിൽ സുതാര്യവും ജനാധിപത്യ പൂർണവുമായ അധികാരക്കൈമാറ്റം സാധ്യമാക്കുക എന്നതാണ്. ഇടക്കാല സർക്കാറിന്റെ നേതൃത്വം മുഹമ്മദ് അൽ ബശീറിനാണ്.
41കാരനായ ബശീർ, ഇദ്ലിബ് പ്രവിശ്യ കേന്ദ്രീകരിച്ച് വിമതർ രൂപം നൽകിയ സമാന്തര സർക്കാറിന്റെ (സിറിയൻ സാൽവേഷൻ സർക്കാർ) പ്രധാനമന്ത്രിയായിരുന്നു. 2017ൽ നിലവിൽവന്ന സർക്കാറിൽ ആദ്യം വികസന കാര്യ മന്ത്രിയായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അതിനുശേഷമാണ്, എച്ച്.ടി.എസ് ഒരു സൈന്യം എന്ന നിലയിൽ കരുത്താർജിച്ചത്.
ഇദ്ലിബിലെ ജബലു സാവിയയിൽ ജനിച്ച ബശീറിന്, ഇലക്ട്രിക്കലിലും ഇലക്ട്രോണിക്സിലും എൻജിനീയറിങ് ബിരുദമുണ്ട്. സിവിൽ നിയമത്തിൽ ബിരുദധാരിയുമാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുമ്പ്, സിറിയൻ സർക്കാറിന്റെ ഇന്ധന കമ്പനിയിൽ എൻജിനീയറായിരുന്നു. 2011ൽ പ്രക്ഷോഭം ആരംഭിച്ചതോടെ ജോലി വിട്ട അദ്ദേഹം അൽ അമൽ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി.
ആഭ്യന്തര യുദ്ധത്തിൽ സ്വന്തക്കാരെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനായിരുന്നു ഇത്. ഈ കാലഘട്ടത്തിലാണ് അദ്ദേഹം എച്ച്.ടി.എസ് നേതാവായ ജൂലാനിയുമായി അടുക്കുന്നത്. ‘സ്ഥിരത’, ‘സമാധാനം’ എന്നിവയാണ് തന്റെ താക്കോൽ വാക്കുകളെന്ന് പ്രധാനമന്ത്രിയായി നിയമിതനായ അദ്ദഹം അൽ ജസീറക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.