ആരാണ് പ്രിഗോഷിൻ.....?
text_fieldsമോസ്കോ: റഷ്യൻ പ്രദേശം പിടിച്ചടക്കിയെന്ന് ‘വാഗ്നർ’ സ്വകാര്യ സേനയുടെ തലവൻ യെവ്ജെനി പ്രിഗോഷിൻ അവകാശപ്പെടുമ്പോൾ എല്ലാവരും അന്വേഷിക്കുന്നത് ആരാണ് ഈ 62കാരൻ, എങ്ങനെ ഇത്ര സ്വാധീനം ഇയാൾക്കുണ്ടായി എന്നാണ്. റഷ്യൻ പ്രസിഡന്റ് പുടിൻ, പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, പ്രതിരോധമന്ത്രി സെർജി ഷോയ്ഗു എന്നിവർ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം സ്വാധീനമുള്ള വ്യക്തിയായി കരുതിയിരുന്നത് പ്രിഗോഷിനെയായിരുന്നു.
പുടിനുമായി ഉണ്ടായിരുന്ന അടുത്ത ബന്ധംതന്നെയാണ് ഇതിനു കാരണം. 1981ൽ കവർച്ചക്കേസിൽ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം ജയിൽ മോചിതനായശേഷം 1990ൽ റസ്റ്റാറന്റ് തുറന്ന് പുതിയൊരു ജീവിതത്തിന് ശ്രമിച്ചു. ഇവിടെയെത്താറുണ്ടായിരുന്ന പുടിനുമായുള്ള അടുപ്പം ബിസിനസ് വ്യാപിപ്പിക്കാനും സർക്കാർ കരാറുകൾ നേടാനും സഹായിച്ചു.
‘പുടിന്റെ പാചകക്കാരൻ’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് മാധ്യമരംഗത്തേക്കും ഇന്റർനെറ്റ് ട്രോൾ ഫാക്ടറി രംഗത്തേക്കും കടന്നുകയറി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനായി സമൂഹമാധ്യമത്തിൽ കരുനീക്കിയ കോൺകോഡ് കമ്പനിയുടെ പാതി ഉടമസ്ഥത പ്രിഗോഷിനായിരുന്നു. പുടിന്റെ ആശീർവാദത്തോടെ ജയിൽപുള്ളികളെയും ക്രിമിനലുകളെയും ഉൾപ്പെടുത്തി ‘വാഗ്നർ’ എന്നപേരിൽ രൂപവത്കരിച്ച 50,000 അംഗങ്ങളുള്ള സ്വകാര്യ സേന രൂപവത്കരിച്ചതോടെയാണ് പ്രിഗോഷിൻ മറ്റൊരു തലത്തിലേക്ക് വളർന്നത്.
വാഗ്നർ: കുറ്റവാളികളുടെ കൂലിപ്പട
യുക്രെയ്ൻ യുദ്ധത്തിൽ വിവിധ ഭാഗങ്ങളിൽ റഷ്യൻ സേന ശക്തമായ തിരിച്ചടി നേരിട്ടപ്പോൾ ‘വാഗ്നർ’ ഗ്രൂപ് കിഴക്കൻ യുക്രെയ്നിലെ ബക്മുത് നഗരം പിടിച്ചടക്കി ഞെട്ടിച്ചു. രക്തരൂഷിതമായ പോരാട്ടത്തിലൂടെയാണ് അവർ യുക്രെയ്ൻ സേനയെ ബക്മുതിൽനിന്ന് കെട്ടുകെട്ടിച്ചത്. റഷ്യൻ സേനയേക്കാൾ മിടുക്കന്മാർ എന്ന് അതോടെ പലരും വിശേഷിപ്പിച്ച് തുടങ്ങി. 2014ൽ 250 പേരുമായി തുടങ്ങിയ സംഘം എട്ടുവർഷം കൊണ്ട് 50,000 പേരടങ്ങുന്ന വൻ സേനയായി. ഇതിൽ 4000ത്തോളം പേർ ജയിലിൽനിന്ന് റിക്രൂട്ട് ചെയ്ത കുറ്റവാളികളാണെന്നാണ് റിപ്പോർട്ട്. കുറച്ചുകാലം യുദ്ധമുന്നണിയിൽനിന്നാൽ നല്ല ശമ്പളവും ശിക്ഷയിൽനിന്ന് മോചനവുമാണ് വാഗ്ദാനം. 2014ൽ ക്രിമിയ പിടിച്ചടക്കിയ, യുക്രെയ്നെതിരായ പോരാട്ടത്തിലാണ് ആദ്യമായി വാഗ്നർ ഗ്രൂപ് അണിനിരന്നത്. വാഗ്നർ ഗ്രൂപ് ഉത്തര കൊറിയയിൽനിന്ന് വൻതോതിൽ ആയുധം കൈപ്പറ്റുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടിരുന്നു. പല രാജ്യങ്ങളും സ്വകാര്യ സേനകളെ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും നേരിട്ടുള്ള പോരാട്ടത്തിനിറങ്ങുന്ന വാഗ്നർ ഗ്രൂപ്പിനെ പോലെ അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. സിറിയ, ലിബിയ, മധ്യ ആഫ്രിക്ക, മാലി തുടങ്ങിയ രാജ്യങ്ങളിലെ ഓപറേഷനുകളിലും റഷ്യൻ താൽപര്യത്തിനനുസരിച്ച് വാഗ്നർ സേന കളത്തിലിറങ്ങി.
ഇവിടങ്ങളിലെ വാഗ്നർ സേനാംഗങ്ങളുടെ ക്രൂരകൃത്യങ്ങളുടെ വാർത്തകളും ദൃശ്യങ്ങളും ധാരാളം പുറത്തുവന്നു.
ഇവരുടെ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും റഷ്യൻ അധികൃതർ കണ്ണടച്ചു. എതിരാളികളെ കഴുത്തറുത്തും ക്രൂരമായി മർദിച്ചും കൊലപ്പെടുത്താൻ കൊടും ക്രിമിനലുകളെ കുത്തിനിറച്ച സേനക്ക് കൈ അറച്ചില്ല. മധ്യ ആഫ്രിക്കയിൽ ഖനന കരാറുകൾ സ്വന്തമാക്കി അവിടങ്ങളിലും കൂലിപ്പടയെ ഉപയോഗപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്. മധ്യ ആഫ്രിക്കയിൽ വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കാനിറങ്ങിയ മൂന്ന് റഷ്യൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അതിലും കാര്യമായ അന്വേഷണമോ തുടർനടപടികളോ ഉണ്ടായില്ല. അത്രമാത്രം സ്വാധീനം അവർ പുടിൻ ഭരണകൂടത്തിൽ ഉണ്ടാക്കിയിരുന്നു.
സ്ഥിതിഗതികൾ വിലയിരുത്തി ജി7 രാജ്യങ്ങൾ
മോസ്കോ: റഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്ക അടക്കമുള്ള ജി7 രാജ്യങ്ങൾ. അമേരിക്കൻ, ജർമൻ വിദേശകാര്യ മന്ത്രാലയങ്ങൾ വിഷയം ചർച്ച ചെയ്തു. യൂറോപ്യൻ യൂനിയൻ വിദേശകാര്യ പോളിസി മേധാവിയും ചർച്ചയിൽ പങ്കെടുത്തു.
യുക്രെയ്നുള്ള പിന്തുണയിൽ മാറ്റമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. അമേരിക്കയെയും ജർമനിയെയും കൂടാതെ ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, കാനഡ, യു.കെ എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബെലറൂസ്, കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തുർക്കിയ പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ചു. പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമത്തിന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പിന്തുണ അറിയിച്ചു. റഷ്യയുമായി അതിർത്തി പങ്കിടുന്ന എസ്തോണിയ, ലാത്വിയ എന്നീ രാജ്യങ്ങൾ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുക്രെയ്നിനെ പിന്തുണക്കുന്ന രാജ്യങ്ങളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.