ആരാണ് വാഖിറുസ്സമാൻ? ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട കരസേനാ മേധാവിയെ അറിയാം
text_fieldsധാക്ക: കനത്ത വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥാനമൊഴിയേണ്ടി വന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട കരസേനാ മേധാവി ജനറൽ വാഖിറുസ്സമാൻ വാർത്തകകളിൽ നിറയുകയാണ്. ബംഗ്ലാദേശിന്റെ കരസേനാ മേധാവിയായി ഒരു മാസം മുമ്പാണ് ഇദ്ദേഹം സ്ഥാനം ഏൽക്കുന്നത്. 58 കാരനായ ജനറൽ വാഖിറുസ്സമാൻ ജൂൺ 23 ന് സൈനിക മേധാവികളുടെ കാലാവധിയായ മൂന്നു വർഷത്തേക്കാണ് നിയമിതനായത്. കരസേനാ മേധാവിയാകുന്നതിന് മുമ്പ് അദ്ദേഹം ആറ് മാസത്തിലധികം ജനറൽ സ്റ്റാഫ് ചീഫ് ആയി സേവനമനുഷ്ഠിച്ചു.
സൈനിക പ്രവർത്തനങ്ങൾ, രഹസ്യാന്വേഷണം, യു.എൻ സമാധാന പ്രവർത്തനങ്ങളിൽ ബംഗ്ലാദേശിന്റെ പങ്ക്, ബജറ്റ് എന്നിവയിൽ അദ്ദേഹം മേൽനോട്ടം വഹിച്ചു. മൂന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ പ്രധാനമന്ത്രിയുടെ ഓഫിസിന് കീഴിലുള്ള ആംഡ് ഫോഴ്‌സ് ഡിവിഷനിൽ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഹസീനയുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ആധുനികവത്ക്കരണവുമായി ഇദ്ദേഹത്തിന് ബന്ധമുണ്ട്.
ഈ മാസം പ്രതിഷേധം രാജ്യത്തെ നടുക്കിയപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സുരക്ഷ ഉറപ്പാക്കാൻ സമാൻ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
1966-ൽ ധാക്കയിൽ ജനിച്ച അദ്ദേഹം 1997 മുതൽ 2000 വരെ കരസേനാ മേധാവിയായിരുന്ന ജനറൽ മുഹമ്മദ് മുസ്തഫിസുർ റഹ്മാന്റെ മകൾ സറഹ്നാസ് കമാലിക സമനെയാണ് വിവാഹം കഴിച്ചത്. ബംഗ്ലാദേശ് നാഷനൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ആർട്‌സും നേടിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ആർമി വെബ്‌സൈറ്റ് പറയുന്നു.
തിങ്കളാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് പലായനം ചെയ്തിരുന്നു. സർക്കാർ ജോലികളിലെ വിവാദ ക്വാട്ട സമ്പ്രദായം നിർത്തലാക്കണമെന്ന് വിദ്യാർത്ഥി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങളും അക്രമങ്ങളും ബംഗ്ലാദേശിനെ വിഴുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.