Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'വെടിയുണ്ടകൾ തറച്ച...

'വെടിയുണ്ടകൾ തറച്ച ചുവരുകൾ, കൂട്ടക്കുഴിമാടം, അൽ ശിഫ ഒരു മരണ മുനമ്പ്'; ലോകാരോഗ്യ സംഘടനയുടെ ദൗത്യസംഘം കണ്ട ഞെട്ടിക്കുന്ന കാഴ്ചകൾ

text_fields
bookmark_border
al shifa
cancel
camera_alt

ലോകാരോഗ്യ സംഘടനയുടെ ദൗത്യസംഘം ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ

ഗസ്സ സിറ്റി: ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംയുക്ത ദൗത്യസംഘം ഇന്നലെ സന്ദർശനം നടത്തിയപ്പോൾ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നത്. ആശുപത്രിയിലെ രോഗികളെയും അഭയം തേടിയ സാധാരണക്കാരെയും ഇസ്രായേൽ സൈന്യം ഒഴിപ്പിക്കുന്നതിനിടെ നടത്തിയ സന്ദർശനത്തെ അതീവ സാഹസിക ദൗത്യമെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ഗസ്സയിലെ ഏറ്റവും മികച്ച ആശുപത്രി ഇന്ന് മരണ മേഖലയാണെന്നും സാഹചര്യം അങ്ങേയറ്റം പരിതാപകരമാണെന്നും സംഘം വിലയിരുത്തി.

പൊതുജനാരോഗ്യ വിദഗ്ധർ, ലോജിസ്റ്റിക് ഓഫിസർമാർ, ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികളിൽ നിന്നുള്ള സുരക്ഷാ ജീവനക്കാർ എന്നിവരുടെ സംഘമാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അൽ ശിഫയിലെ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയത്.

ദൗത്യസംഘത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്താനായി ഇസ്രായേൽ സൈന്യവുമായി മുൻകൂട്ടി പറഞ്ഞുറപ്പിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചത്. എന്നാലും, ആശുപത്രിക്ക് വളരെയടുത്ത് പോലും വലിയ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിൽ ദൗത്യം അതീവ സാഹസികമായിരുന്നു -ലോകാരോഗ്യ സംഘടന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ആശുപത്രിയിൽ അഭയം തേടിയ 2500ഓളം പേരോട് ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇവരും ഏതാനും രോഗികളും സംഘത്തിന്‍റെ സന്ദർശനത്തിനിടെ തന്നെ ആശുപത്രിയിൽ നിന്ന് ഒഴിഞ്ഞുപോയി. നിലവിലെ സുരക്ഷാ സാഹചര്യത്തിൽ ഒരു മണിക്കൂർ മാത്രമാണ് സംഘത്തിന് അൽ ശിഫക്കുള്ളിൽ ചെലവഴിക്കാനായത്. ആശുപത്രിയെ മരണമേഖലയെന്നും അവിടുത്തെ സാഹചര്യത്തെ അങ്ങേയറ്റം നിരാശാജനകമെന്നുമാണ് സംഘം വിശേഷിപ്പിച്ചത്. ഷെല്ലുകളും വെടിയുണ്ടകളും പതിച്ചതിന്‍റെ അടയാളങ്ങൾ ആശുപത്രിയിൽ എല്ലായിടത്തുമുണ്ട്. ആശുപത്രിയുടെ പ്രവേശന കവാടത്തിൽ തന്നെ ഒരു കൂട്ടക്കുഴിമാടമാണുള്ളത്. 80 പേരെയാണ് ഇവിടെ അടക്കിയത്.

ഗസ്സയിലെ ഏറ്റവും വലിയതും, ആധുനിക സജ്ജീകരണങ്ങളോടെയുമുള്ള അൽ ശിഫ ആശുപത്രി ഇന്ന് മരുന്നോ ഇന്ധനമോ ശുദ്ധജലമോ ഭക്ഷ്യവസ്തുക്കളോ ഇല്ലാതെ, ആരോഗ്യകേന്ദ്രമെന്ന നിലയിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലെത്തിയിരിക്കുന്നു. നിലവിലെ സുരക്ഷാ സാഹചര്യത്തിൽ ആശുപത്രിയിൽ മാലിന്യനിർമാർജനം അസാധ്യമാണെന്ന് ദൗത്യസംഘം വിലയിരുത്തി.

അൽ ശിഫയുടെ ഇടനാഴികളും ആശുപത്രി ഗ്രൗണ്ടും പകർച്ചവ്യാധി സാധ്യതയേറുന്ന വിധം മെഡിക്കൽ മാലിന്യങ്ങളും മറ്റും നിറഞ്ഞിരിക്കുകയാണ്. രോഗികളും ജീവനക്കാരും തങ്ങളുടെ സുരക്ഷയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും അതീവ ആശങ്കയിലാണ്. തങ്ങളെ ഒഴിപ്പിക്കാൻ അവർ ദൗത്യസംഘത്തോട് അപേക്ഷിച്ചു. നിലവിൽ ആശുപത്രിയിൽ ഒരു രോഗിയെ പോലും പ്രവേശിപ്പിക്കാനാവില്ല. പരിക്കേറ്റവരെയും അസുഖബാധിതരെയും ഇപ്പോൾ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്. ഇവിടേയും ഉൾക്കൊള്ളാവുന്നതിലുമെത്രയോ ഏറെയാണ് രോഗികൾ.

അൽ ശിഫയിൽ നിലവിൽ അവശേഷിക്കുന്നത് 25 ആരോഗ്യപ്രവർത്തകരും 291 രോഗികളുമാണ്. ആരോഗ്യസംവിധാനങ്ങളെല്ലാം നിലച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി രോഗികൾ മരിച്ചു. 32 കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള രോഗികൾ അതീവ ഗുരുതരാവസ്ഥയിലുണ്ട്. വെന്‍റിലേറ്റർ സംവിധാനമില്ലാതെ രണ്ട് പേർ ഐ.സി.യുവിലാണ്. 22 ഡയാലിസിസ് രോഗികൾക്ക് ജീവൻ നിലനിർത്താനുള്ള സാഹചര്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

യുദ്ധക്കെടുതിയുടെ ഇരകളാണ് ഭൂരിഭാഗം രോഗികളും. എല്ലുകളൊടിഞ്ഞവരും അംഗഭംഗം സംഭവിച്ചവരും തലക്ക് പരിക്കേറ്റവരും പൊള്ളലേറ്റവരുമുണ്ട്. നട്ടെല്ലിന് പരിക്കേറ്റ 29 രോഗികളുണ്ട്. ഇവർക്ക് മെഡിക്കൽ സഹായം കൂടാതെ എങ്ങോട്ടും നീങ്ങാനാവില്ല -ദൗത്യസംഘത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അൽ ശിഫ ആശുപത്രിക്ക് ഇനിയും പ്രവർത്തിക്കാൻ സാധ്യമല്ലായെന്ന് വിലയിരുത്തിയതോടെ രോഗികളെയും ജീവനക്കാരെയും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റാൻ ദൗത്യസംഘം അഭ്യർഥിച്ചു. ഇതിനുള്ള പദ്ധതികൾ ഒരുക്കുകയാണ് ലോകാരോഗ്യ സംഘടന. അടുത്ത 72 മണിക്കൂറിനുള്ളിൽ അൽ ശിഫയിലെ രോഗികളെയും ആരോഗ്യപ്രവർത്തകരെയും തെക്കൻ ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സിലേക്കും യൂറോപ്യൻ ഹോസ്പിറ്റലിലേക്കും മാറ്റാനാണ് നീക്കം. അതേസമയം, ഈ ആശുപത്രികളും നിലവിൽ ഉൾക്കൊള്ളാവുന്നതിലുമേറെ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്.

വടക്കൻ ഗസ്സയിലെ ആശുപത്രികളിലെ രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും കാര്യത്തിൽ അങ്ങേയറ്റം ആശങ്കാകുലരാണെന്ന് ലോകാരോഗ്യസംഘടന പ്രസ്താവനയിൽ പറഞ്ഞു. അൽ ശിഫയുടെയും ഗസ്സയിലെ മറ്റ് ആശുപത്രികളുടെയും പ്രവർത്തനം പുന:സ്ഥാപിക്കാൻ എത്രയും പെട്ടെന്നുള്ള ഇടപെടലുകൾ വേണം. ഗസ്സയിലെ യുദ്ധവും മാനുഷിക ദുരന്തവും അവസാനിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്ന് ആവർത്തിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എത്രയും വേഗം വെടിനിർത്തലിനും തടസ്സമില്ലാതെ സഹായമെത്തിക്കുന്നതിനും ബന്ദികളെ നിരുപാധികം വിട്ടയക്കുന്നതിനും ആശുപത്രികൾക്കും മറ്റ് പ്രധാന കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും സംഘടന ആഹ്വാനം ചെയ്തു. മനുഷ്യത്വത്തോടും അനുകമ്പയോടും കൂടി എത്രയും വേഗം നടപടികൾ ഉണ്ടാവണമെന്നാണ് ഗസ്സയിലെ മനുഷ്യർ നേരിടുന്ന അങ്ങേയറ്റം ദുരിതസാഹചര്യങ്ങൾ ആവശ്യപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaWHOIsrael Palestine ConflictAl-Shifa Hospital
News Summary - WHO leads very high-risk joint humanitarian mission to Al-Shifa Hospital in Gaza
Next Story