ചൈന യഥാർഥ കോവിഡ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ
text_fieldsജനീവ: ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ചൈന, ജപ്പാൻ, യു.എസ് രാജ്യങ്ങളിലാണ് കോവിഡ് നിരക്ക് കൂടുതൽ. അതേ സമയം, ചൈന കൃത്യമായ കോവിഡ് കണക്കുകൾ പങ്കുവെക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്.ഒ) വിമർശനം. കോവിഡ് സംബന്ധിച്ച ശരിയായ കണക്ക് പുറത്തുവിടുന്നില്ലെന്നാരോപിച്ച് ചൈനക്കെതിരെ മുമ്പും ഡബ്ല്യു.എച്ച്.ഒ രംഗത്തുവന്നിരുന്നു.
കോവിഡ് സംബന്ധിച്ച് ചൈനയിൽ നിന്ന് പുറത്തുവരുന്നത് യഥാർഥ മരണസംഖ്യല്ലെന്നാണ് കരുതുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ എമർജൻസി വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ വ്യക്തമാക്കി. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും റയാൻ ചൂണ്ടിക്കാട്ടി.
കോവിഡ് കണക്കുകൾ കൃത്യമായി പങ്കുവെക്കുന്നതിൽ യു.എസിനെ പ്രകീർത്തിക്കാനും ലോകാരോഗ്യ സംഘടന മറന്നില്ല. പുതിയ വകഭേദമായ XBB.1.5 ആണ് യു.എസിൽ വ്യാപിക്കുന്നത്. ഈ വകഭേദം സംബന്ധിച്ച എല്ലാവിവരങ്ങളും യു.എസ് നൽകിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞാഴ്ച മാത്രം 11,500 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 40 ശതമാനം യു.എസിൽ നിന്നാണ്.
എന്നാൽ ചൈന കണക്കുകൾ പുറത്തുവിടാത്തിടത്തോളം കാലം കൃത്യമായ കണക്ക് പങ്കുവെക്കാനാകില്ല. എന്നാൽ യഥാർഥ കോവിഡ് കണക്കുകൾ ആണ് പുറത്തുവിടുന്നതെന്നാണ് ചൈനയുടെ മറുപടി. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന ചൈനയിൽ അടുത്തിടെയാണ് ഇളവുകൾ നൽകിത്തുടങ്ങിയത്. തുടർന്നാണ് രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ വർധിച്ചത്. ചൈനയുടെ സീറോ കോവിഡ് നയത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.