കൊറോണ വൈറസിന് കാരണം ആസ്ട്രേലിയൻ ബീഫോ? ചൈനയുടെ വാദം ശരിവെച്ച് ഡബ്ല്യു.എച്ച്.ഒ സംഘം
text_fieldsബെയ്ജിങ്: കൊറോണ വൈറസ് രാജ്യത്തിന് പുറത്തുനിന്ന് എത്തിയതാണെന്ന ചൈനീസ് വാദം ശരിവെച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘം. ശീതീകരിച്ച് എത്തിച്ച ആസ്ട്രേലിയൻ ബീഫിൽ നിന്നാവാം കൊറോണ വൈറസിന്‍റെ ഉത്ഭവമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ. വൈറസ് ലാബിൽ നിന്ന് പുറത്തെത്തിയതാണെന്ന കാര്യം ഇവർ നിഷേധിച്ചു.
ഇറക്കുമതി ചെയ്ത മാംസത്തിൽ നിന്ന് തന്നെയാണോ വൈറസ് ഉത്ഭവിച്ചതെന്ന കാര്യത്തിലാണ് ഇനി കൂടുതൽ പഠനം നടത്തേണ്ടതെന്ന് ഡബ്ല്യു.എച്ച്.ഒ സംഘത്തലവൻ പീറ്റർ എംബാരേക് പറഞ്ഞു. ലബോറട്ടറിയിൽ സൃഷ്ടിച്ചതാണെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയിലെ വുഹാനിലാണ് 2019ന്‍റെ അവസാനത്തോടെ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ വ്യാപകമായ ശേഷം ലോകമാകെ പടർന്ന വൈറസ് രോഗത്താൽ മരിച്ചത് 23.53 ലക്ഷം പേരാണ്.
ചൈനയിലെ ലാബിൽ നിന്ന് പുറത്തുകടന്ന വൈറസാണ് ലോകമാകെ പടർന്നതെന്ന് ആരോപണമുണ്ടായിരുന്നു. യു.എസ് ഉൾപ്പെടെ രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, വൈറസ് ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം ചൈന പാടെ നിഷേധിച്ചിരുന്നു. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നാവാം വൈറസ് ഉത്ഭവിച്ചത് എന്നാണ് ചൈനീസ് ഭരണകൂടം പറഞ്ഞത്. വുഹാനിലെ മാംസ വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
വൈറസ് ലോകത്തെല്ലായിടത്തും ഒരേസമയം പടർന്നിരുന്നുവെന്നും എന്നാൽ ഏറ്റവും ആദ്യം റിപ്പോർട്ട് ചെയ്തതും പ്രതികരിച്ചതും തങ്ങളാണെന്നാണ് ചൈനീസ് അധികൃതർ മുമ്പ് അവകാശപ്പെട്ടത്.
തങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ ചൈനക്ക് സഹായകമായിരിക്കുകയാണ് പുതിയ റിപ്പോർട്ട്. എന്നാൽ, ചൈനയെ വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.