
കോവിഡിനെ രണ്ടു വർഷത്തിനകം തുടച്ചുനീക്കാമെന്ന് പ്രതീക്ഷ –ലോകാരോഗ്യ സംഘടന
text_fieldsജനീവ: മനുഷ്യരാശിയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കോവിഡ് വൈറസിനെ രണ്ടു വർഷത്തിനകം പൂർണമായി ഇല്ലാതാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ലോകാരോഗ്യ സംഘടന തലവൻ ഡോ. ടെഡ്രോസ് അദ്നം ഗബ്രിയേസിസ്. 1918ൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലുവിനേക്കാൾ വേഗത്തിൽ കോവിഡ് വൈറസിനെ ഇല്ലാതാക്കാൻ സാധ്യക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ആസ്ഥാനമായ ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മഹാമാരിയെ എത്രയുംവേഗം ലോകത്തുനിന്ന് തുടച്ചു നീക്കാനാവുമെന്ന് ഇദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. സാങ്കേതികത അതിവേഗം വികസിച്ച് പരസ്പരം കൂടുതലായി അടുത്ത ഈ കാലത്ത് വൈറസ് ബാധയും അതിവേഗം സംഭവിക്കും. അത്രതന്നെ വേഗത്തിൽ ഇത് പോകുകയും ചെയ്യുമെന്നും അദ്നം ഗബ്രിയേസിസ് പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, 12 വയസ്സ് വരെയുള്ള കുട്ടികൾ മുതിർന്നവർ ധരിക്കുന്നതു പോലുള്ള മാസ്ക്കുകൾ നിർബന്ധമായും ധരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതു സംബന്ധിച്ച പുതിയ മാർഗനിർദേശവും യൂനിസെഫ് വെള്ളിയാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിൽ വൈറസ് പടരുന്നത് തടയാൻ മാസ്ക്കുകൾ ഉപകരിക്കും. എന്നാൽ, പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണ നിർമാണ രംഗത്ത് നടക്കുന്ന തട്ടിപ്പുകൾ ആരോഗ്യപ്രവർത്തകരെ മാത്രമല്ല, കോവിഡ് രോഗികളുടെ ജീവനും അപകടത്തിലാക്കും. ഇത്തരം തട്ടിപ്പുകൾ കൊലപാതകത്തിന് തുല്യമാണ്. കോവിഡ് മരണത്തിൽ മൂന്നാമതുള്ള മെക്സികോയിലെ സ്ഥിതി ഇനിയും ലോകം തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈറസിനെ പിടിച്ചുകെട്ടാൻ വിവിധ രാജ്യങ്ങളിൽ അന്തിമ ഘട്ടത്തിലുള്ള വാക്സിൻ എല്ലാ രാജ്യങ്ങൾക്കും നൽകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.