Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആരായിരുന്നു ഇസ്രായേൽ...

ആരായിരുന്നു ഇസ്രായേൽ ഹിറ്റ്ലിസ്റ്റിലെ യഹ്‌യ സിൻവാർ?

text_fields
bookmark_border
ആരായിരുന്നു ഇസ്രായേൽ ഹിറ്റ്ലിസ്റ്റിലെ   യഹ്‌യ സിൻവാർ?
cancel

2023 ഒക്‌ടോബർ 7ലെ ആക്രമണത്തിനുശേഷം ഇസ്രായേൽ തയ്യാറാക്കിയ ഹിറ്റ്ലിസ്റ്റിലെ അവസാനത്തെ ഉന്നത ഹമാസ് നേതാവാണ് യഹ്‌യ സിൻവാർ. ആക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു സിൻവാറെന്ന് ഇസ്രായേൽ ആരോപിക്കുന്നു. ഒരു വർഷത്തിനിപ്പുറം, ഒക്ടോബർ 17ന് വൈകീട്ട് തെക്കൻ ഗസ്സയെ ലക്ഷ്യമിട്ടുള്ള ഗ്രൗണ്ട് ഓപറേഷനിൽ ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആരായിരുന്നു ഇസ്രായേൽ ഇത്രയധികം ജാഗ്രതയോടെ ലക്ഷ്യമിട്ട യഹ്‌യ സിൻവാർ?

1962ൽ ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് അബൂ ഇബ്രാഹിം എന്നറിയപ്പെടുന്ന യഹ്‌യ സിൻവാർ ജനിച്ചത്. അന്ന് ഈജിപ്തി​ന്‍റെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. ഇസ്രയേൽ രൂപീകരണത്തിനിടയിൽ ഫലസ്തീനികളെ വൻതോതിൽ വംശീയ ഉന്മൂലനം ചെയ്ത 1948ലെ ‘നക്ബ’ കാലത്ത് സയണിസ്റ്റ് ശക്തികൾ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ അഷ്‌കെലോണിൽനിന്ന് കുടിയിറക്കിയതായിരുന്നു.

1980കളുടെ തുടക്കത്തിൽ മുസ്‍ലിം ബ്രദർഹുഡിൽ സജീവമായിരുന്നു സിൻവാർ. ഗസ്സയിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയായിരിക്കെ ഇസ്രായേൽ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന്, 20 വയസ്സുപോലും തികയാത്ത സിൻവാർ അറസ്റ്റ് ചെയ്യപ്പെട്ടു.

25ാം വയസ്സിൽ ഹമാസി​ന്‍റെ ആഭ്യന്തര സുരക്ഷാ സംഘടനയായ അൽ-മജ്ദ് സ്ഥാപിക്കുന്നതിൽ ഭാഗഭാക്കായി. ഇസ്രായേലി ചാരൻമാരെയും അവരുടെ ഫലസ്തീൻ സഹകാരികളെയും ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും കണ്ടെത്തുന്നതിന് ബാധ്യസ്ഥമായ സൈനിക വിഭാഗമാണിത്. ഹമാസി​ന്‍റെ മുഖ്യ സൈനിക വിഭാഗവും ഒക്ടോബർ 7 ലെ ആക്രമണത്തിനു മുമ്പ് ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ മിലിഷ്യയുമായ അൽ ഖസ്സാം ബ്രിഗേഡ്സ് സ്ഥാപിച്ചതി​ന്‍റെ ബഹുമതിയും സിൻവാറിനുണ്ട്.


1988ൽ തങ്ങളുമായി സഹകരിച്ച ഫലസ്തീനികളെ കൊലപ്പെടുത്തിയതിനും രണ്ട് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും സിൻവാറിനെ ഇസ്രായേൽ വീണ്ടും അറസ്റ്റ് ചെയ്തു. 22 വർഷം വിവിധ ഇസ്രായേലി ജയിലുകളിൽ കഴിഞ്ഞു. തട്ടിക്കൊണ്ടുപോയ ഒരു ഇസ്രായേലി സൈനികനു പകരമായി 2011ൽ സിൻവാർ ഉൾപ്പെടെ 1,027 തടവുകാരെ കൈമാറ്റം ചെയ്തു. മോചിതനായ സിൻവാർ വീണ്ടും ഹമാസിൽ ചേർന്നു. 2017ൽ ഗസ്സയിൽ ഇസ്മായിൽ ഹനിയ്യയുടെ പിൻഗാമിയായി ഹമാസി​ന്‍റെ നേതാവായി. ത​ന്‍റെ മുൻഗാമിയായ ഇസ്മായിൽ ഹനിയ്യയെ ജൂലൈയിൽ ഇറാൻ സന്ദർശനത്തിനിടെ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന് സിൻവാറിനെ ഹമാസി​ന്‍റെ ഉന്നത നേതാവായി തെരഞ്ഞെടുത്തു.

ഒക്ടോബർ 7ലെ സംഭവത്തിനു മുമ്പ്, ഇസ്രായേലിലേക്ക് ‘അനന്തമായ റോക്കറ്റുകൾ’ അയക്കുമെന്നും ‘സൈനികരെ​ക്കൊണ്ട് പ്രളയം തീർക്കുമെന്നും’ ഗസ്സയിലെ ഒരു റാലിയിൽ സിൻവാർ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 2023 ഒക്‌ടോബർ 7 മുതൽ അദ്ദേഹത്തെ പൊതുവേദികളിൽ കാണായില്ല. ഹമാസി​ന്‍റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സി​ന്‍റെ കമാൻഡർ മുഹമ്മദ് ദഈഫ്, ഡെപ്യൂട്ടി മർവാൻ ഇസ എന്നിവർക്കൊപ്പം സിൻവാർ ആസൂത്രണം ചെയ്തതാ​ണ് ആക്രമണമെന്ന് ഇസ്രായേൽ ആരോപിച്ചു.

ഗസ്സക്ക് കീഴിലുള്ള ലാബിരിന്തൈൻ തുരങ്ക ശൃംഖലകളിലൊന്നിലിരുന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സിൻവാർ കഴിഞ്ഞ ഒരു വർഷമായി ഇസ്രായേലി വ്യോമാക്രമണങ്ങളെ അതിജീവിച്ചതായി റിപ്പോർട്ടുകൾ വന്നു. സിൻവാർ രഹസ്യമായി പ്രവർത്തിക്കുകയും നിരന്തരം സ്ഥാനം മാറുകയും ആശയവിനിമയത്തിനായി ഡിജിറ്റൽ ഇതര വിശ്വസനീയ സന്ദേശവാഹകരെ ഉപയോഗിക്കുകയും ചെയ്യു​ന്നുവെന്നും പുറത്തുവന്നു. ബന്ദികളെ കേന്ദ്രീകരിച്ച് ഖത്തറി​ന്‍റെയും ഈജിപ്തി​ന്‍റെയും നേതൃത്വത്തിൽ മാസങ്ങൾ നീണ്ട വെടിനിർത്തൽ ചർച്ചകൾ നടത്തി. സിൻവാർ ആണ് തീരുമാനങ്ങളെടുത്തിരുന്നതെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. സന്ദേശവാഹകരുടെ രഹസ്യ ശൃംഖലയിലൂടെ ഫിൽട്ടർ ചെയ്യപ്പെടുന്ന പ്രതികരണങ്ങൾക്കായി ചർച്ചക്കാർ ദിവസങ്ങളോളം കാത്തിരിക്കുമായിരുന്നു.


ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിലെ ദരിദ്രമായ ബാല്യവും 22 വർഷത്തെ ക്രൂരമായ ഇസ്രായേൽ തടവറയുമാണ് അദ്ദേഹത്തിലെ നിശ്ചയദാർഢ്യത്തെ രൂപപ്പെടുത്തിയയെതെന്ന് സിൻവാറിനെ അറിയാവുന്നവർ പറയുന്നു. പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ അധിനിവേശ കാലത്തെ ഗസ്സയിലെ ത​ന്‍റെ ആദ്യകാല ജീവിതത്തെക്കുറിച്ച് സിൻവാർ പറയുമായിരുന്നു. കാലിയായ യു.എൻ സഹായ-ഭക്ഷണച്ചാക്കുകൾ കൊണ്ട് അദ്ദേഹത്തി​ന്‍റെ മാതാവ് ഉണ്ടാക്കിയ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നുവത്രെ! ജയിലിലായിരിക്കെ എഴുതിയ ആത്മകഥാംശമുള്ള നോവലിൽ ‘ഒരു രാക്ഷസൻ ഇരയുടെ അസ്ഥികൾ തകർക്കുന്നതുപോലെ’ ഫലസ്തീനിയൻ വീടുകൾ ബുൾഡോസ് ചെയ്യുന്ന സൈന്യത്തി​ന്‍റെ ദൃശ്യങ്ങൾ സിൻവാർ വിവരിച്ചു.

ജയിലിൽ കർശനമായ അച്ചടക്കത്തോടെ അദ്ദേഹം നിലകൊണ്ടു. ഹീബ്രു നന്നായി സംസാരിക്കാനും വായിക്കാനും പഠിക്കുകയും സഹതടവുകാരുടെ ഇടയിൽ ഒരു നേതാവാകുകയും ജയിൽ ജീവനക്കാരുമായുള്ള ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. ഇസ്രായേലിൽ തടവിലാക്കപ്പെട്ട എല്ലാ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുമെന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു.

സിൻവാറി​ന്‍റെ കാഴ്ചപ്പാടിൽ ഇസ്രായേൽ ഒരു രാഷ്ട്രീയ എതിരാളിയായി മാത്രമായിരുന്നില്ല. മുസ്‍ലിം ഭൂമിയിലെ അധിനിവേശ ശക്തിയുമായിരുന്നു. അതിനോടുള്ള പ്രതിരോധം അദ്ദേഹവും അനുയായികളും പലപ്പോഴും ഇസ്‍ലാമിക വിശ്വാസത്തി​ന്‍റെയും ത്യാഗത്തി​ന്‍റെയും ഭാഗമായി വ്യാഖ്യാനിച്ചു. പ്രത്യയശാസ്ത്രത്തി​ന്‍റെയും ലക്ഷ്യത്തി​ന്‍റെയും ദൃഢത അതിൽ നിഴലിച്ചിരുന്നുവെന്ന് സഹചാരികൾ പറഞ്ഞു. ഇസ്രയേലിനായി പ്രവർത്തിച്ചെന്ന് സംശയമുള്ള ഫലസ്തീനികളെ ശിക്ഷിക്കുന്നതിൽ അദ്ദേഹം നിഷ്കരുണം പ്രവർത്തിച്ചു. രണ്ട് ഇസ്രായേലി സൈനികരെയും 12 ഫലസ്തീൻകാരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനുപിന്നാലെ 22 വർഷത്തെ ഇസ്രായേലി തടവിൽനിന്ന് തെരുവിലെ നായകനായി അതിവേഗം ഉയർന്നു.

പതിറ്റാണ്ടുകളായ അധിനിവേശത്തിലെ ദൈനംദിന ബുദ്ധിമുട്ടുകളെയും ക്രൂരമായ യാഥാർഥ്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തി​ന്‍റെ ബോധ്യം ഫലസ്തീനികൾക്ക് ആത്മവിശ്വാസം പകർന്നു. 2012ൽ ഇറാൻ സന്ദർശനത്തിലൂടെ ​ഉണ്ടാക്കിയെടുത്ത ശക്തമായ ബന്ധത്തിലൂടെ ഹമാസി​ന്‍റെ തന്ത്രത്തി​ന്‍റെയും സൈനിക ശക്തിയുടെയും ശിൽപിയായാണ് സിൻവാറിനെ അറബ് -ഫലസ്തീൻ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഒക്‌ടോബർ 7 ആക്രമണത്തിനുമുമ്പ്, ത​ന്‍റെ ശത്രുവിനെ ശക്തമായി പ്രഹരിക്കാനുള്ള ആഗ്രഹം സിൻവാർ മറച്ചുവെച്ചില്ല. എന്നാൽ, അദ്ദേഹത്തി​ന്‍റെ അന്ത്യം പ്രഖ്യാപിച്ച് ഇസ്രായേൽ ആഹ്ളാദാരവം മുഴക്കു​മ്പോഴും ഒരു ഫലസ്തീൻ രാഷ്ട്രത്തി​ന്‍റെ സാധ്യത എന്നത്തേയും പോലെ വിദൂര സ്വപ്നമായി തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza WarYahya SinwarIsrael-Palestine conflictIsrael hitlist
News Summary - Who was Yahya Sinwar on the Israeli hitlist?
Next Story