ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 4,800 കുട്ടികൾ
text_fieldsഗസ്സ സിറ്റി: 1,000 കിലോ ഭാരമുള്ള, ഉഗ്രശേഷിയോടെ പൊട്ടിത്തെറിക്കുന്ന എണ്ണമറ്റ ബോംബുകൾ ഗസ്സയിലെ താമസകെട്ടിടങ്ങളിലും പൊതുഇടങ്ങളിലും പതിക്കുമ്പോൾ പിടഞ്ഞുവീഴുന്നവരിൽ വലിയപങ്കും കുരുന്നുകൾ. ഇതുവരെയും 10,000ത്തോളം പേർ മരിച്ചവരിൽ 4800ഓളം കുരുന്നുകളുണ്ടെന്ന് ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പറയുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ അല്ലാതെയോ കുടുങ്ങിക്കിടക്കുന്ന 1950 പേരിൽ 1,050ഉം കുട്ടികളാണെന്ന് കൂടി ചേർത്തുവായിക്കണം. ബോംബുകൾ നിലംപരിശാക്കിയ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ദിവസങ്ങളോളം നിലവിളി കേട്ടിട്ടും പ്രതികരിക്കാനോ മൃതദേഹമെങ്കിലും പുറത്തെടുക്കാനോ കഴിയാത്ത മഹാദുരന്തം ഗസ്സക്ക് മാത്രമാകുമെന്നുറപ്പ്.
ഹമാസിനെയെന്ന പേരിൽ ഓരോ ഫലസ്തീനിയെയും അക്രമിക്കുന്ന ഇസ്രായേൽ ക്രൂരത ഏറ്റവും കൂടുതൽ അറിഞ്ഞവർ തീർച്ചയായും കുട്ടികളായിരിക്കും. ഉറ്റവരത്രയും പിടഞ്ഞുവീണ് ഒറ്റക്കായിപ്പോയ പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചുനീറിയുള്ള കരച്ചിലിന് ലോകം ഇതുവരെയും ചെവിയോർത്തുതുടങ്ങിയിട്ടില്ല. പരിക്കേറ്റ് ആശുപത്രിക്കിടക്കയിൽ മരണവുമായി മല്ലിടുന്നവർ വെറെ. ഗസ്സയിലെ 246 വിദ്യാലയങ്ങളാണ് ഇതുവരെയായി ഇസ്രായേൽ ബോംബുകൾ പൂർണമായോ ഭാഗികമായോ ഇല്ലാതാക്കിയത്.
‘ഗസ്സയുടെ ആകാശത്തെ വർണാഭമാക്കി നിറപ്രപഞ്ചങ്ങളില്ല. ഈ കുട്ടികൾ വെടിക്കെട്ടും നിറമുള്ള ബലൂണുകളും പട്ടങ്ങളും കാണുന്നില്ല. പകരം, അവർക്ക് നിറയെ കാണാനുള്ളത് ഇസ്രായേൽ യുദ്ധവിമാനങ്ങൾ വർഷിക്കുന്ന മരണ ബോംബുകളാണ്. അതും അവരുടെ തന്നെ തലകളിൽ. ഒന്നുമറിയാനാകാത്ത ഭാവിയെ നോക്കി ഭീതിയോടെ കൺമിഴിച്ചിരിക്കുകയാണ് അവർ’ -ഫലസ്തീൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു സമൂഹ മാധ്യമ പോസ്റ്റ് ഇങ്ങനെ.
കുട്ടികൾ ഇസ്രായേൽ ബോംബുകളുടെ പ്രധാന ഇരകളാണോയെന്ന് തോന്നിക്കുംവിധമാണ് പല ആക്രമണങ്ങളും. അഭയാർഥി ക്യാമ്പുകളിൽ നിരന്തരം വന്നുവീഴുന്ന ബോംബുകൾ തീർച്ചയായും ആദ്യം ജീവനെടുക്കുന്നത് കുട്ടികളുടെയാണ്. മൊത്തം മരിച്ചവരിൽ 73 ശതമാനവും കുട്ടികളോ സ്ത്രീകളോ ആണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു.
2008 മുതൽ 2023 ഒക്ടോബർ ഏഴുവരെ മൊത്തം കൊല്ലപ്പെട്ടത് 859 കുട്ടികളായിരുന്നു. ഇതാണ് നാലാഴ്ച മാത്രം പിന്നിടുന്നതിനിടെ അനേകം ഇരട്ടിയായി ഉയർന്നത്. കുട്ടികൾ ദുരന്തത്തിനിരയായ നിരവധി ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഗസ്സ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. എന്നാൽ, എല്ലാ ക്രൂരതകൾക്കും ന്യായീകരണവുമായി ലോകത്തിനുമുന്നിൽ കഥകൾ മെനയുന്ന തിരക്കിലാണ് ഇസ്രായേൽ.
അതേസമയം, ഈ എണ്ണം തെളിയിക്കുന്നത് മഹാദുരന്തമാണെന്ന് യൂനിസെഫ് വക്താവ് ടോബി ഫ്രിക്കർ പറയുന്നു. നിലവിൽ ഇന്ധനം തീർന്ന് 16 ആശുപത്രികൾ അടച്ചുപൂട്ടുക കൂടി ചെയ്തതോടെ മരണസംഖ്യ ഇനിയും കുത്തനെ ഉയരുമെന്നുതന്നെയാണ് ഏറ്റവും വലിയ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.