ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനം എന്തിന്?
text_fieldsവിയന്ന: ദീർഘകാലത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. വന്ദേമാതരം ആലപിച്ചാണ് വിയന്നയിൽ ഗായകസംഘം നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്. യൂറോപ്യൻ സന്ദർശന വേളയിൽ യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങി ശക്തമായ രാജ്യങ്ങളിൽ എത്താറുണ്ടെങ്കിലും നിലവിൽ ആഗോള രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ലാത്ത ഓസ്ട്രിയ സന്ദർശിക്കുന്ന മോദിയുടെ തീരുമാനം അൽപം അമ്പരപ്പോടെയാണ് ഏവരും നോക്കിക്കണ്ടത്. റഷ്യൻ സന്ദർശനത്തിനു പിന്നാലെയാണെന്നത് മറ്റൊരു സവിശേഷത. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം സൂക്ഷിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഓസ്ട്രിയൻ സന്ദർശനത്തിനു പിന്നിലും ചില പ്രധാന കാരണങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മോദിയുടെ സന്ദർശനം, ഇന്ത്യയുടെ ദീർഘകാലമായുള്ള വിദേശ നയത്തിന്റെ ഭാഗമായുള്ള നീക്കമാണെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ആഗോളതലത്തിൽ റഷ്യ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി അവിടെയെത്തുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവർക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) യുടെ ഭാഗമാണ് റഷ്യയോട് അടുത്തുകിടക്കുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും. യൂറോപ്യൻ യൂണിയനിൽ അംഗമായ ഓസ്ട്രിയ പക്ഷേ നാറ്റോയിൽ അംഗമല്ല.
റഷ്യക്ക് പിന്നാലെ നാറ്റോ അംഗമായ ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് എത്തിയാൽ, അത് റഷ്യയുടെ അപ്രീതിക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിലാവാം മോദി ഓസ്ട്രിയ തെരഞ്ഞെടുത്തത്. റഷ്യക്കെതിരെ യു.എസും സഖ്യരാജ്യങ്ങളും ചേർന്ന് രൂപവത്കരിച്ച സൈനിക സഖ്യമാണ് നാറ്റോ. സോവിയറ്റ് യൂണിയനിൽനിന്ന് പിരിഞ്ഞുപോയ ഏതാനും രാജ്യങ്ങളും നിലവിൽ നാറ്റോയിൽ അംഗങ്ങളാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പ്രധാന കാരണം അവർ നാറ്റോയിൽ ചേരാൻ തീരുമാനിച്ചതാണ്. ഓസ്ട്രിയൻ സന്ദർശനത്തിലൂടെ റഷ്യയെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ഉണ്ടായിരിക്കാം. വാഷിങ്ടനിൽ നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെയാണ് മോദി ഓസ്ട്രിയയിൽ എത്തിയതും. പ്രധാന യൂറോപ്യൻ ശക്തികളെ നിരന്തരമായി കാണുന്ന മോദി ഓസ്ട്രിയയിലും എത്തുമ്പോൾ, വിദേശനയത്തിൽ ഇന്ത്യയുടെ സന്തുലിത നിലപാട് നിലനിർത്താനാകുമെന്നും നയതന്ത്രജ്ഞർ കണക്കാക്കുന്നു.
ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെൻ, ചാൻസലർ കാൾ നെഹാമ്മെർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യയിൽനിന്നും ഓസ്ട്രിയയിൽനിന്നുമുള്ള വ്യവസായികളുടെ യോഗത്തെ മോദിയും കാൾ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്കോയിലെയും വിയന്നയിലെയും ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
നെഹ്റുവിന്റെ കാലം മുതലുള്ള ബന്ധം
പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കാലം മുതൽക്ക് ഇന്ത്യക്ക് ഓസ്ട്രിയയുമായി ബന്ധമുണ്ട്. രണ്ടാം ലോക യുദ്ധകാലത്ത് സഖ്യശക്തികൾ ഓസ്ട്രിയ പിടിച്ചടക്കി. നാസി ജർമനിയുടെ പതനത്തോടെ ഓസ്ട്രിയയെ സ്വതന്ത്ര രാജ്യമായി പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. എന്നാൽ അത് വീണ്ടും നാസികളുടെ ഉദയത്തിന് കാരണമാകുമോ എന്ന് സംശയിച്ച സോവിയറ്റ് യൂണിയൻ ഇതിനെ എതിർത്തു. പിന്നീട് ഇരുരാജ്യങ്ങളിലെയും നേതാക്കൾ നെഹ്റുവിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയാണ് ഓസ്ട്രിയയുടെ പുനഃസ്ഥാപനത്തിന് വഴിതെളിച്ചത്. നെഹ്റുവിന്റെ ഫലപ്രദമായ ഇടപെലുകളെ അന്നത്തെ ഓസ്ട്രിയൻ വിദേശകാര്യമന്ത്രി കാൾ ഗ്രൂബർ അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.