Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുടക്കം...

തുടക്കം കലാലയങ്ങളിൽനിന്ന്; യുവരോഷത്തിൽ തിളച്ച് ബംഗ്ലാദേശ്

text_fields
bookmark_border
തുടക്കം കലാലയങ്ങളിൽനിന്ന്; യുവരോഷത്തിൽ തിളച്ച് ബംഗ്ലാദേശ്
cancel

ധാക്ക: ബംഗ്ലാദേശിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് യുവതലമുറ. ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിൽ അവർക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട നിരവധി ജീവനുകളാണ്. എന്നാൽ, വർഷങ്ങളായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന ഭരണകൂടത്തെ തൂത്തെറിയുന്നതിനേക്കാൾ വലുതല്ല മറ്റൊന്നും. സമൂഹ മാധ്യമങ്ങൾക്ക് അടിപ്പെട്ടെന്ന് വിലയിരുത്തി തള്ളപ്പെട്ട യുവതലമുറയാണ് തെരുവിൽ വിപ്ലവത്തിന്റെ വിജയക്കൊടി പാറിച്ചത്.

രാജ്യത്തെ കലാലയങ്ങളിൽനിന്ന് തുടക്കമിട്ട പ്രക്ഷോഭത്തിൽ അധ്യാപകരും അഭിഭാഷകരും മാധ്യമപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരുമെല്ലാം ഭാഗഭാക്കായി. മുമ്പ് യു.എസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയപ്പോൾ ഉയർന്ന പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭം.

പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ 15 വർഷം നീണ്ട ഏകാധിപത്യ ഭരണം യുവതലമുറയോട് കാണിച്ച കടുത്ത അനീതിയോടുള്ള പ്രതിഷേധമായിരുന്നു അത്. രാജ്യത്തെ 41 ശതമാനം യുവാക്കൾക്കും പഠനമോ ജോലിയോ ഇല്ല. സാമ്പത്തികനില തകർച്ചയുടെ വക്കിലാണ്. ഭരണകൂടം അഴിമതിയിൽ കൂപ്പുകുത്തുകയും അന്താരാഷ്ട്ര വായ്പകളുടെ ബാധ്യത ബംഗ്ലാദേശിന്റെ ഭാവി തുലാസിലാക്കുകയും ചെയ്തിരുന്നു.

വിദ്യാർഥികളുടെ ന്യായവും സമാധാനപരവുമായ ആവശ്യങ്ങൾ സർക്കാർ നിസ്സാരമായി തള്ളുകയും അവരെ ആക്ഷേപിക്കുകയും ചെയ്തതോടെ കാമ്പസുകളിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കാലങ്ങളായി അവർക്കുള്ളിൽ കിടന്ന കനലാണ് ആളിക്കത്തിയത്.

1971ല്‍ ബംഗ്ലാദേശിനെ പാകിസ്താനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണ് ബംഗ്ലദേശിൽ ജൂലൈ 16ന് പ്രക്ഷോഭം ആരംഭിച്ചത്. സംവരണം വിവേചനമാണെന്നും പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പാർട്ടിക്കാർക്ക് മാത്രമേ ഗുണം ചെയ്യൂവെന്നുമായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. മണിക്കൂറുകൾക്കുള്ളിൽ പ്രക്ഷോഭം തീക്കാറ്റുപോലെ 13 ജില്ലകളിലേക്ക് വ്യാപിക്കുകയായിരുന്നു. നാനാതുറകളിലുള്ളവർ വിദ്യാർഥികൾക്കൊപ്പം ചേർന്നു. അമ്മമാരും സഹോദരിമാരും അവർക്ക് ഊർജം പകർന്നു.

പ്രക്ഷോഭം അടിച്ചമർത്താൻ സർക്കാർ സൈന്യത്തെ രംഗത്തിറക്കി. കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചിട്ടും പിന്മാറാൻ വിസമ്മതിച്ച പ്രക്ഷോഭകർക്കുനേരെ വെടിയുതിർത്തു. സൈന്യത്തിനൊപ്പം സമക്കാരെ നേരിടാൻ അവാമി ലീഗിന്റെ പ്രവർത്തകരും തെരുവിലിറങ്ങി. സമൂഹ മാധ്യമങ്ങൾ വിലക്കി. ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു. സ്കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.

നഹിദ് ഇസ്‍ലാം, സർജിസ് ആലം, ഹസ്നത് അബ്ദുല്ല, ആസിഫ് മഹമൂദ്, അബൂബക്കർ മജുംദാർ, നുസ്റത്ത് തബസ്സും തുടങ്ങിയ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളെ തടവിലിട്ടു. ആശുപത്രിയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ ജയിലുകളിൽ 32 മണിക്കൂറോളം നിരാഹാര സമരം ചെയ്തു. പ്രക്ഷോഭത്തിൽനിന്ന് പിന്മാറാൻ ആറുദിവസത്തോളം പൊലീസിന്റെ കടുത്ത പീഡനങ്ങൾക്ക് ഇരായായെന്നാണ് ഇവർ പറഞ്ഞത്. വിദ്യാർഥി പ്രക്ഷോഭത്തിൽ 150 പേർ മരിച്ചെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, മരണസംഖ്യ 200 കടന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഓർമകളിൽ ടിയാനൻമെൻ സ്ക്വയർ

ചൈനയിലെ ടിയാനൻമെൻ സ്‌ക്വയർ കൂട്ടക്കൊല ലോക ചരിത്രത്തിലെതന്നെ ഏറ്റവും പ്രസിദ്ധമായ, വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിലൊന്നാണ്. ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 1989 ഏപ്രിൽ 15നും ജൂൺ നാലിനുമിടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും‍ സമരക്കാരായ വിദ്യാർഥികൾക്ക് നേരെ കമ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ കൂട്ടക്കൊലയുമാണിത്. 1989 ജൂൺ നാലിനാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ ടിയാനൻമെൻ സ്ക്വയറിൽ സംഘടിച്ച നിരവധി വിദ്യാർഥികളെ‌ കമ്യൂണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്തത്. മരണസംഖ്യ 241 ആണെന്ന് ചൈനീസ് ഭരണകൂടം പറയുന്നുണ്ടെങ്കിലും 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ്‌ അനൗദ്യോഗിക കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladeshstudents protestSheikh Hasina
News Summary - Why students are risking their lives to take on the Bangladeshi government
Next Story