യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മത്സരത്തിൽ നിന്ന് പിൻമാറി വിവേക് രാമസ്വാമി
text_fieldsവാഷിങ്ടൺ: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരാർഥിയായിരുന്ന ഇന്ത്യൻ വംശജനായ എൻട്രപ്രണർ വിവേക് രാമസ്വാമി പിൻമാറി. റിപ്പബ്ലിക്കൻ അയോവ കോക്കസിൽ നാലാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് പിൻമാറ്റം. എന്റെ മുന്നിൽ അടുത്ത പ്രസിഡന്റാകാനുള്ള ഒരു വഴിയുമില്ല.-എന്നാണ് പിൻമാറ്റത്തെ കുറിച്ച് വിവേക് രാമസ്വാമി പറഞ്ഞത്. അയോവ കോക്കസിൽ വൻമുന്നേറ്റം നടത്തി ഒന്നാമതെത്തിയ മുൻ പ്രസിഡന്റും സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് വിവേക് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചു.
യു.എസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള ആദ്യ വോട്ടെടുപ്പാണ് അയോവ കോക്കസ്. സ്ഥാനാർഥികളെ സംബന്ധിച്ച് വലിയ ഒരു കടമ്പ കൂടിയാണിത്. എന്നാൽ കാര്യമായ മുന്നേറ്റമില്ലാതെ റോൺ ഡിസാന്റിസിനും നിക്കി ഹാലിക്കും പിറകിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു വിവേക്.
ഞാൻ എല്ലാ വഴികളും നോക്കി. ഇന്ന് രാത്രി ഞങ്ങൾ നൽകാൻ ആഗ്രഹിച്ച സർപ്രൈസ് ഒരുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതിനാൽ ഈ നിമിഷം മുതൽ പ്രസിഡൻഷ്യൽ പ്രചാരണ രംഗത്തുനിന്ന് പിൻവാങ്ങുകയാണ്.-38കാരനായ വിവേക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപ് തന്നെയായിരിക്കും അടുത്ത യു.എസ് പ്രസിഡന്റ് എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നിരാശപ്പെടരുത്, റോഡ് ഇവിടെ അവസാനിക്കുന്നില്ലെന്നും പുതിയ ഒന്നിന്റെ തുടക്കമാണിതെന്നും നമുക്ക് സംരക്ഷിക്കാൻ ഒരു രാജ്യമുണ്ടെന്നും ഒരുമിച്ച് മുന്നേറാമെന്നും വിവേക് അനുയായികൾക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.