ലങ്കയിൽ സർക്കാറുണ്ടാക്കാൻ പാർട്ടികളെ ക്ഷണിച്ച് വിക്രമസിംഗെ
text_fieldsകൊളംബോ: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാനുള്ള ശ്രമങ്ങൾക്ക് സർവകക്ഷി സർക്കാറുണ്ടാക്കാൻ എല്ലാ പാർട്ടികളെയും ക്ഷണിച്ച് പ്രസിഡന്റ് റനിൽ വിക്രമസിംഗെ. രാഷ്ട്രീയ, സാമൂഹിക സംഘർഷങ്ങൾ അതിജീവിച്ച് സാധാരണ നിലയിലേക്ക് രാജ്യത്തെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെ മാത്രമേ കർമപദ്ധതി തയാറാക്കാനാകൂ. പാർലമെന്റിനുമേൽ പ്രസിഡന്റിന് അധികാരം നൽകുന്ന 19ാം ഭേദഗതി എടുത്തുകളയുന്നതിന് വിവിധ കക്ഷികളുമായി ചർച്ചകൾ ആരംഭിച്ചതായും പ്രസിഡന്റ് കൂട്ടിച്ചേർത്തു. രാജ്യത്തുനിന്ന് ഒളിച്ചോടിയ ഗോടബയ രാജപക്സയുടെ ഇടക്കാല പിൻഗാമിയായി ജൂലൈ 20നാണ് വിക്രമസിംഗെ ചുമതലയേറ്റത്. പതിറ്റാണ്ടുകൾക്കിടെ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കു കാരണക്കാരനായി ഗോടബയ മാറിയതോടെയായിരുന്നു ഒളിച്ചോടൽ.
ഗോടബയയെ പിടികൂടാനായി ഔദ്യോഗിക വസതി വളഞ്ഞ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ പിടിച്ചെടുത്ത ദശലക്ഷക്കണക്കിന് രൂപ ശ്രീലങ്കൻ പൊലീസ് കോടതിയിൽ ഹാജരാക്കി. 1.78 കോടി രൂപയാണ് നാട്ടുകാർ പിടിച്ചെടുത്തത്. നൂറുകണക്കിന് പ്രക്ഷോഭകരാണ് മൂന്നാഴ്ച മുമ്പ് പ്രസിഡന്റിന്റെ വീട് കൈയേറിയത്. ഇവർ എത്തുംമുമ്പ് സ്ഥലംവിട്ട രാജപക്സ ആദ്യം മാലദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും കടന്നിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന രാജ്യത്ത് ജൂലൈയിൽ മാത്രം 60 ശതമാനത്തിലേറെയാണ് പണപ്പെരുപ്പം. ജൂണിൽ 55 ശതമാനത്തോളമായിരുന്നതാണ് വീണ്ടും കുത്തനെ ഉയർന്നത്. ഇന്ധനം, ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് ഇപ്പോഴും കടുത്ത ക്ഷാമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.