കാലിഫോർണിയയിൽ ആളിപടർന്ന് കാട്ടുതീ; ആയിരങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവ്
text_fieldsലോസ് ഏഞ്ചലസ്: കൊടും ചൂടിനെ തുടർന്ന് വടക്കൻ കാലിഫോർണിയയിൽ വ്യാപക കാട്ടുതീ. വെള്ളിയാഴ്ചയാണ് ആയിരത്തിലധികം ഏക്കറിൽ കാട്ടുതീ പടർന്നത്. ഈ സാഹചര്യത്തിൽ പ്രദേശവാസികളോട് ഒഴിഞ്ഞ് പോകാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടു. അപകടകരമായ നിലയിൽ കാട്ടുതീ വ്യാപിക്കുകയാണെന്നും പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ അപകടത്തിലാണെന്നും സിസ്കിയോ കൗണ്ടിയിലെ അഗ്നിശമന വിഭാഗം മുന്നറിയിപ്പ് നൽകി.
വീഡ്, ലേക്ക് ഷാസ്റ്റിന, എഡ്ജ്‌വുഡ് എന്നീ നഗരങ്ങളിലുള്ളവരോടും ഒഴിഞ്ഞ് പോകാൻ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകളിൽ നിന്ന് കുട്ടികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും കന്നുകാലികൾ ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങൾക്കായി സുരക്ഷിത സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജീവന് ഭീഷണിയുള്ളതിനാൽ പ്രദേശത്തുള്ളവർ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും പ്രദേശം പൂർണമായും അടച്ചതായും ഒഴിപ്പിക്കൽ ഉത്തരവിൽ പറയുന്നു. സെപ്റ്റംബറിൽ രാജ്യത്തെ താപനില റെക്കോർഡ് നിലയിൽ എത്തുമെന്നും കാട്ടുതീ വ്യാപിക്കുമെന്നും കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വടക്കൻ കാലിഫോർണിയയിലെ വലിയതോതിൽ വനങ്ങളുള്ള ജനസാന്ദ്രത കുറഞ്ഞ സിസ്കിയോവിന്‍റെ ഭാഗങ്ങളിൽ സമീപ വർഷങ്ങളിലുണ്ടായ കാട്ടുതീയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായ്. ഏകദേശം 3,000 പേർ വസിക്കുന്ന വീഡിൽ 2014ലെ തീപിടിത്തത്തിൽ 150ലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചത്.
ഫോസിൽ ഇന്ധനങ്ങൾ അനിയന്ത്രിതമായി കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനം കാലാവസ്ഥ വ്യതിയാനങ്ങളെ കൂടുതൽ തീവ്രമാക്കുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി തുടരുന്ന വരൾച്ച അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില വർധിക്കുന്നതിനും കാട്ടുതീ വ്യാപിക്കുന്നതിനും കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.