എന്നവസാനിക്കും കോവിഡ്? ഇതാണ് വിദഗ്ധരുടെ നിഗമനങ്ങൾ
text_fieldsന്യൂയോർക്: കോവിഡ് 'തുരങ്കത്തിെൻറ' അവസാനം കാണാൻ എന്നു സാധിക്കും? ഒന്നരവർഷമായി ലോകം ചോദിക്കുന്നതാണിത്. മൂന്ന് അല്ലെങ്കിൽ ആറു മാസം കൊണ്ട് എല്ലാം ശരിയാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എന്നാൽ അതെകുറിച്ച് ശാസ്ത്രജ്ഞർക്ക് അത്ര നല്ല കാര്യങ്ങളല്ല പറയാനുള്ളത്.
ലോകത്ത് കോടിക്കണക്കിന് ആളുകൾ ഇനിയും കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടില്ല. അതിനാൽ വൈറസിനെ പൂർണമായി ഇല്ലാതാക്കാൻ ഉടൻ സാധിക്കില്ലെന്ന് മിനിസോട സർവകലാശാലയിലെ സാംക്രമിക രോഗ ഗവേഷണ കേന്ദ്രത്തിെൻറ ഡയറക്ടറും യു.എസ് പ്രസിഡൻറ് ജോ ബൈഡെൻറ ഉപദേശകനുമായ മൈക്കിൾ ഓസ്റ്റർഹോം പറയുന്നു.
വരും മാസങ്ങളിൽ ക്ലാസ് മുറികളിലും പൊതുഗതാഗതത്തിലും േജാലി സ്ഥലങ്ങളിലും വൈറസ് വ്യാപന സാധ്യത കൂടുതലാണ്. വാക്സിനെടുത്താലും ആളുകളിൽ രോഗവ്യാപനമുണ്ടാകും. ഒരിക്കൽകൂടി ആശുപത്രികൾ രോഗികളെ കൊണ്ടു നിറഞ്ഞുകവിയുന്ന അവസ്ഥ ഉണ്ടായേക്കാം. സ്കൂളുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയും വരാം.
കഴിഞ്ഞ 130 വർഷത്തിനുള്ളിൽ ലോകം നേരിട്ട അഞ്ച് മഹാമാരികൾ പരിശോധിച്ചാൽ കോവിഡിെൻറ കാര്യത്തിൽ ഒരു നിഗമനത്തിലെത്താമെന്ന് ഡെൻമാർക്കിലെ റോസ്കിൽഡ് സർവകലാശാലയിലെ എപ്പിഡമിയോളജിസ്റ്റും പോപ്പുലേഷൻ ഹെൽത്ത് സയൻസ്സ് പ്രഫസറുമായ ലോൺ സൈമൺസൻ വിലയിരുത്തുന്നു. അതിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന മഹാമാരി അഞ്ചുവർഷം ദൈർഘ്യമുള്ളതായിരുന്നു. ഇവക്കെല്ലാം രണ്ടുമൂന്നു വർഷത്തിനുള്ളിലാണ് നാല് തരംഗങ്ങൾ വരെയുണ്ടായത്.
എന്നാൽ കോവിഡ് രണ്ടുവർഷത്തിനുള്ളിൽ തന്നെ മൂന്നാംതരംഗ ഭീഷണിയിലാണ്. 1918ലെ സ്പാനിഷ് ഫ്ലൂവിലെ മരണനിരക്കിനെക്കാൾ ഇരട്ടിയിലധികം ആളുകൾ ഇപ്പോൾ തന്നെ കോവിഡ് ബാധിച്ച് മരിച്ചു. ഇതൊക്കെ വെച്ചുനോക്കുേമ്പാൾ കോവിഡ് വൈറസ് ഉടനൊന്നും വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് ലോൺ സൈമൺസൺ പറയുന്നത്. അടുത്ത മാസങ്ങൾ നിർണായകമാണ്.
വാക്സിനെടുക്കാത്ത ഒരുപാടാളുകൾ ഇപ്പോഴുമുണ്ട്. അതുപോലെ വാക്സിനെ പ്രതിരോധിക്കുന്ന വകഭേദങ്ങളും ഭീഷണിയാണ്. അതുകൊണ്ട് ആറുമാസത്തിനുള്ളിൽ കോവിഡ് വ്യാപനം മൂർധന്യത്തിലെത്തില്ല. എന്നാൽ, ലോക ജനസംഖ്യയുടെ 90 മുതൽ 95 ശതമാനം വരെ ആളുകളും വാക്സിനെടുത്ത് പ്രതിരോധ ശേഷി നേടിയാൽ ഇതിനു മാറ്റംവരാം.
യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, റഷ്യ, ബ്രിട്ടൻ, ഇസ്രായേൽ എന്നിവയാണ് വാക്സിനേഷനിൽ മുന്നിൽ. ആഫ്രിക്കൻ രാജ്യങ്ങളിൽ ജനസംഖ്യയുടെ അഞ്ചുശതമാനത്തിൽ താഴെയാണ് ഇപ്പോഴും വാക്സിൻ നിരക്ക്. ഇന്ത്യയിൽ 26 ശതമാനം ആളുകൾ മാത്രമാണ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത്. മലേഷ്യ, മെക്സികോ, ഇറാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഡെൽറ്റ വകഭേദത്തിെൻറ പിടിയിലാണ്. വാക്സിനേഷൻ വൈറസിനെതിരെ ദീർഘകാല സംരക്ഷണം നൽകുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന പഠനങ്ങൾ.
എന്നാൽ ആ പ്രതീക്ഷയും ഇപ്പോൾ ഇല്ലാതായി. പരമാവധി ആറുമാസം വരെയേ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചാലും പ്രതിരോധ ശേഷിയുണ്ടാകൂ എന്നാണ് പുതിയ കണ്ടെത്തൽ. അതിനാൽ ബൂസ്റ്റർ ഡോസ് അനിവാര്യമാണെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.