ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനാക് എത്തുമോ?
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ബോറിസ് ജോൺസൻ രാജിവെച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ഇന്ത്യൻ വംശജൻ ഋഷി സുനാകിനാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. ബോറിസ് ജോൺസൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന അദ്ദേഹമാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ആദ്യം മന്ത്രിസ്ഥാനം രാജിവെച്ചത്. മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനാക്. പാകിസ്താൻ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും ഋഷിക്കൊപ്പം രാജിവെച്ചിരുന്നു.
2020 ഫെബ്രുവരിയിലാണ് 42കാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി ബോറിസ് ജോൺസൻ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് തൊഴിലാളികൾക്കും ബിസിനസുകാർക്കും വേണ്ടി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപ്രിയനാക്കിയിരുന്നു. പഞ്ചാബിൽനിന്ന് കുടിയേറിയ മാതാപിതാക്കളുടെ മകനായി സതാംപ്ടണിലാണ് ജനിച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആര്‍. നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് 42കാരനായ സുനാക്.
മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ലൈംഗികാരോപണം ഉയർന്നതും ഇയാളെ സർക്കാരിലെ പ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചതും മന്ത്രിമാരുടെ അതൃപ്തിക്ക് കാരണമായി. പത്തോളം മന്ത്രിമാർ വ്യാഴാഴ്ച രാജിവച്ചതോടെയാണ് ബോറിസ് ജോൺസൻ സ്ഥാനമൊഴിഞ്ഞത്. പാർട്ടിയുടെ നേതൃസ്ഥാനങ്ങളും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. പുതിയ ഭരണാധികാരി വരുംവരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.