ചൈനയുമായി കൈകോർക്കും; ആഗോള എണ്ണവിപണിയിലെ സ്ഥിരത ലക്ഷ്യമെന്ന് സൗദി
text_fieldsറിയാദ്: എണ്ണയുടെ കാര്യത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമാണ് സൗദി അറേബ്യ പ്രാധാന്യം നൽകുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈർ.എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗം തീരുമാനം കൈക്കൊണ്ടതിനുപിന്നാലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമായ സൗദിയെ വിമർശിച്ചും പിന്തുണച്ചും പ്രസ്താവനകൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിലുള്ള രാജ്യത്തിന്റെ നിലപാട് വിദേശകാര്യ സഹമന്ത്രി ആവർത്തിച്ചത്.
എണ്ണ ഉൽപാദക രാജ്യങ്ങളുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിച്ചുകൊണ്ടുള്ള എണ്ണ നയമാണ് പതിറ്റാണ്ടുകളായി സൗദി പിന്തുടരുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുതലിറക്കുന്നവരുടെ നിക്ഷേപശേഷിയേയും വായ്‌പ നൽകാനുള്ള ധനകാര്യസ്ഥാപനങ്ങളുടെ കഴിവിനെയും ബാധിക്കുന്ന വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാനാണ് സൗദി അറേബ്യ സദാ ശ്രമിക്കുന്നത്.2027ൽ സൗദി എണ്ണ ഉൽപാദനം 1.3 കോടി ബാരലായി ഉയർത്തുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചത് ചൂണ്ടിക്കാട്ടിയ മന്ത്രി നിലവിലുള്ള സാഹചര്യത്തിൽ ഉൽപാദനപരിധി കടക്കാനാവില്ല. രാജ്യത്തിന്റെ എണ്ണനയം സ്ഥിരതയുള്ളതാണ്. ചരിത്രം അതിന് സാക്ഷിയുമാണ് -ആദിൽ അൽ ജുബൈർ വ്യക്തമാക്കി.
അതിനിടെ, അന്താരാഷ്ട്ര എണ്ണ വിപണിയിലെ സന്തുലിതത്വം നിലനിർത്താൻ സൗദിയും ചൈനയും തമ്മിൽ ധാരണയായി. ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ചൈനയുടെ നാഷനൽ എനർജി അഡ്മിനിസ്ട്രേറ്റർ ഷാങ് ജിയാൻഹുവുമായി ഓൺലൈൻ ചർച്ചയും നടത്തി.ഊർജമേഖലയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ച കാര്യം ഇരുപക്ഷവും സ്ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.അന്താരാഷ്ട്ര എണ്ണ വിപണിയുടെ സ്ഥിരത മുൻനിർത്തിയുള്ള ആശയവിനിമയം തുടരുന്നതിനും ഉയർന്നുവരുന്ന അപകടസാധ്യതകളും വെല്ലുവിളികളും നേരിടുന്നതിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
സംയോജിത എണ്ണ പര്യവേക്ഷണം, പെട്രോ കെമിക്കൽരംഗത്തെ നിക്ഷേപം, ഊർജവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് ഭൂഖണ്ഡങ്ങളുമായി തന്ത്രപ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് ഊർജമന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.സമാധാനത്തിനുവേണ്ടിയുള്ള ആണവോർജ ഉപയോഗ വിഷയത്തിൽ ഉഭയകക്ഷി സഹകരണ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ സൗദിയും ചൈനയും പരമാവധി ചേർന്നുനിൽക്കും. വൈദ്യുതി പുനരുൽപാദനരംഗത്തും ശുദ്ധമായ ഹൈഡ്രജൻ മേഖലയിലും ഗവേഷണ, വികസന കാര്യങ്ങളിൽ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.