കുരങ്ങുപനി കോവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമോ? മറുപടിയുമായി അമേരിക്കന്‍ ഡോക്ടർ
text_fieldsവാഷിങ്ടൺ: നിരവധി രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയപ്പെട്ടതിന് പിന്നാലെ രോഗത്തെ സംബന്ധിച്ച ആശങ്കയിലാണ് ലോകം. കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെ മുഴുവനായി ബാധിക്കുന്ന മഹാമാരിയായി കുരങ്ങുപനി മാറുമോ എന്ന രീതിയിലുള്ള ഭീതിയാണ് പലരെയും അലട്ടുന്നത്. എന്നാൽ ഈ വിഷയത്തിന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ഡോക്ടർ.
കുരങ്ങുപനി കേസുകൾ ലോകത്താകമാനം വർധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി ഹെൽത്ത് വൈസ് പ്രസിഡന്റും ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ. ഫഹീം യൂനുസ് പറയുന്നത്. കോവിഡിന് കാരണക്കാരനായ SARS-CoV-2 വൈറസ് പുതുതായി രൂപം കൊണ്ട വൈറസായിരുന്നെന്നും എന്നാൽ കുരങ്ങുപനിയുടെ വൈറസ് പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുരങ്ങുകളില്‍ ഈ രോഗം 1958-ലാണ് സ്ഥിരീകരിക്കുന്നത്. തുടർന്ന് 1970ൽ ആദ്യമായി മനുഷ്യരില്‍ ഈ രോഗബാധ കണ്ടെത്തി. 11 ആഫ്രിക്കന്‍ രാജ്യങ്ങളിൽ അന്ന് രോഗംസ്ഥിരീകരിച്ചിരുന്നു.
കോവിഡ് വൈറസിന്‍റെ കാര്യത്തിൽ നേരിട്ടത് പോലെ വാക്സിന്‍ പ്രതിസന്ധി കുരങ്ങുപനിയിൽ നേരിടാന്‍ സാധ്യതയില്ലെന്നും വസൂരിയുടെ വാക്സിനുകൾ ഈ രോഗത്തിന് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് കുരങ്ങുപനിക്ക് കുറവ് അപകട സാധ്യത മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ കാനഡ, സ്‌പെയിൻ, ഇസ്രായേൽ, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, യു.എസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി 90ലധികം കുരങ്ങുപനി കേസുകൾ ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുരങ്ങ് പനി വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് പകരുന്നത്. യു.കെ.എച്ച്.എസ്.എയുടെ അഭിപ്രായത്തിൽ കുരങ്ങ് പനി വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദർഭങ്ങളിൽ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. കടുത്ത പനി, തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
വൈറല്‍ രോഗമായതിനാല്‍ കുരങ്ങ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാൽ, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കുരങ്ങുപനിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്. അസുഖബാധിതരുമായി സമ്പർക്കമുണ്ടായാൽ 14 ദിവസത്തിനകം വാക്സിനേഷൻ എടുത്തിരിക്കണം.
എങ്ങനെ പ്രതിരോധിക്കാം:
- അസുഖ ബാധിതരായ ആളുകളിൽ നിന്നു അകലം പാലിക്കുക
- അവരുപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ സ്പർശിക്കാതിരിക്കുക
- ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തലോ ഏൽക്കാനിടയായാൽ സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.
- മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക.
- മൃഗങ്ങളെ തൊട്ടതിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വച്ച് കഴുകുക.
- അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.