സങ്കടക്കടൽ നീന്തിക്കടക്കുമോ എന്റെ കുട്ടികൾ?
text_fieldsഗസ്സ: ഗസ്സയിലെ കുട്ടികളെ വെള്ളത്തോട് പേടിയില്ലാത്തവരാക്കണം എന്ന നിർബന്ധബുദ്ധിയോടെയാണ് അംജദ് തൻതീഷ് അവിടുത്തെ ബീച്ചുകൾ കേന്ദ്രീകരിച്ച് നീന്തൽ ക്ലാസുകൾ ആരംഭിച്ചത്.
പത്തോ നൂറോ അല്ല, പതിനൊന്നായിരം കുട്ടികളെ ഇങ്ങനെ നീന്തൽ അഭ്യസിപ്പിച്ചു. ഗസ്സയിലെ കടൽത്തീരങ്ങളിൽ നീന്തിത്തുടിച്ച ആ മക്കളുടെ മിടുക്കും വളർച്ചയും കണ്ട് മാതാപിതാക്കളെക്കാളേറെ സന്തോഷിച്ചിരുന്നു തൻതീഷ്. പക്ഷേ, ഇപ്പോൾ അതെല്ലാം വേദനിക്കുന്ന ഓർമകൾ.
വടക്കൻ ഗസ്സയിലെ വീട്ടിൽനിന്ന് നിർബന്ധിത കുടിയിറക്കിന് ഇരയായ തൻതീഷിനിപ്പോൾ വല്ലപ്പോഴുമേ ഇൻറർനെറ്റ് സൗകര്യം ലഭിക്കൂ. ആ സമയം ഫോണിൽ വന്ന് നിറയുന്നത് പ്രിയപ്പെട്ട കുട്ടികളുടെ, സുഹൃത്തുക്കളുടെ, അവരുടെ മാതാപിതാക്കളുടെ, ബന്ധുക്കളുടെ വിയോഗ വാർത്തകൾ. കഴിഞ്ഞയാഴ്ച തന്റെ ഏറ്റവും മിടുക്കനായ മുഹമ്മദ് മുസല്ലം എന്ന വിദ്യാർഥിയുടെ ചിത്രം അദ്ദേഹം ഫേസ്ബുക്കിലിട്ടിരുന്നു, അവനും ഇസ്രായേലി ഭീകരാക്രമണത്തിൽ രക്തസാക്ഷിയായിരിക്കുന്നു.
അതിനുമുമ്പ് സഹ പരിശീലകനും നാലു മക്കളും രക്തസാക്ഷികളായി. ശിഷ്യയും ബന്ധുവുമായ മറിയം ദവാസ് എന്ന 11കാരിക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. വേറെയും ഒരുപാട് കുട്ടികളുടെ മരണവാർത്തകൾ കേൾക്കുന്നു. പല കുട്ടികളും എവിടെ, അവർക്ക് എന്തുപറ്റി എന്നോർത്ത് ആശങ്ക പെരുക്കുന്നു
1999ൽ നാട്ടിലെ പ്രാദേശിക നീന്തൽ മത്സരത്തിൽ ചാമ്പ്യനായതോടെയാണ് ബൈത്ത് ലാഹിയയിൽനിന്നുള്ള തൻതീഷ് നീന്തൽ പരിശീലിപ്പിക്കാൻ തുടങ്ങിയത്. പ്രദേശത്തുനിന്ന് ഒരു ഒളിമ്പിക്സ് മത്സരാർഥിയെയെങ്കിലും ഒരുക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ, അശാന്തിയുടെയും അനിശ്ചിതത്വത്തിന്റെയും അവസ്ഥയിൽ അതത്ര എളുപ്പമായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് കുറെയേറെ കുട്ടികൾ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചതോടെ മത്സരങ്ങൾക്ക് പ്രാപ്തരാക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ ജീവരക്ഷ ഉറപ്പാക്കാനെങ്കിലും തന്നാലാവുന്നത് ചെയ്യണമെന്നുറപ്പിച്ചു.
ഗസ്സ നഗരത്തിലെ കടലോരങ്ങളിലും കൃഷിയിടങ്ങളിലും കുളങ്ങളുണ്ടാക്കി അവയിലാണ് കുട്ടികളെ പരിശീലിപ്പിച്ചിരുന്നത്. യുദ്ധങ്ങളിൽ അവ നശിക്കുമ്പോൾ പുതിയ പൂളുകൾ നിർമിച്ച് കൂടുതൽ കുട്ടികളെ പരിശീലിപ്പിച്ചു പോന്നു.
വീടുവിട്ടുപോകാൻ ആദ്യം മടിച്ചെങ്കിലും വടക്കൻ ഗസ്സയിൽ ഇസ്രായേൽ ഭീകരാക്രമണം ശക്തമായതോടെ കുടുംബത്തെയും കൂട്ടി ഭരണകൂടം സുരക്ഷിതത്വം വാഗ്ദാനം ചെയ്ത തെക്കൻ മേഖലയിലേക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ അവിടെയും നിരന്തരം വ്യോമാക്രമണങ്ങൾ നടക്കുന്നു.
സ്വന്തം കുടുംബത്തിന്റെ കാര്യത്തിലെന്നപോലെ ഗസ്സയിലെ ഓരോ കുഞ്ഞിന്റെയും ജീവനും ഭാവിയുമോർത്ത് ആശങ്കപ്പെടുന്നു ഇദ്ദേഹമിപ്പോൾ. ശാരീരികമായി മാത്രമല്ല, മാനസികമായും അവരെ യുദ്ധം മുറിവേല്പിക്കുമെന്നും അതിനെ അതിജീവിക്കാൻ മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും തൻതീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.