ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് പെഗസസ് നിർമാതാക്കൾ
text_fieldsന്യൂഡൽഹി: ചാരസോഫ്റ്റ്വെയറായ പെഗസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് നിർമാതാക്കളായ എൻ.എസ്.ഒ. ലോകവ്യാപകമായി ഫോൺ ചോർത്തലിന് പെഗസസ് ഉപയോഗിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ പ്രതികരണം.
'ഞങ്ങളുടെ സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്തുവെന്ന് എന്തെങ്കിലും വിശ്വാസയോഗ്യമായ തെളിവ് ലഭിച്ചാൽ അതിനെ കുറിച്ച് വിശദമായി അന്വേഷിക്കും. എപ്പോഴും ചെയ്യാറുള്ളതുപോലെ, ആവശ്യമാണെങ്കിൽ സംവിധാനം നിർത്തലാക്കും' -എൻ.എസ്.ഒ വക്താവ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനില്ലെന്നും കമ്പനി അറിയിച്ചു.
അതേസമയം, പെഗസസ് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ നടന്ന ഫോൺ ചോർത്തലിന്റെ അലയൊലി ലോകമാകെ പടരുകയാണ്. എൻ.എസ്.ഒ നൽകിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് മിക്ക ഭരണകൂടങ്ങളും തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്താനാണ് ശ്രമിച്ചതെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ലോകരാജ്യങ്ങളിൽ വിവാദം കത്തിപ്പടരുന്നത്. വിവിധ രാജ്യങ്ങളിൽ ഫോൺ ചോർത്തലിന് ഇരയാക്കപ്പെട്ട പ്രതിപക്ഷ പാർട്ടി നേതാക്കളും സർക്കാർ വിമർശകരും അന്വേഷണം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
ഇതിനിടെ, ആരോപണവിധേയരായ എൻ.എസ്.ഒയുമായുള്ള സാങ്കേതിക സഹകരണങ്ങൾ തങ്ങൾ അവസാനിപ്പിച്ചതായി ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പ്രഖ്യാപിച്ചു. അതേസമയം, സുരക്ഷിതമെന്ന് കരുതിപ്പോന്ന ഐ ഫോണുകൾ വരെ ചോർത്തലിന് വഴിപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ ആഗോളവിപണിയിൽ ആപ്പിളിെൻറ ഓഹരി മൂല്യം ഇടിഞ്ഞു.
എന്നാൽ, സർക്കാറുകൾ മാത്രമാണ് തങ്ങളുടെ ഉപയോക്താക്കളെന്നും കുറ്റകൃത്യവും ഭീകരവാദവും പോലുള്ള പ്രവൃത്തികൾ തടയാൻ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന നിബന്ധനക്കുവിധേയമായാണ് സേവനങ്ങൾ കൈമാറാറുള്ളൂ എന്നുമാണ് എൻ.എസ്.ഒയുടെ അവകാശവാദം. എന്നാൽ, പുറത്തുവന്ന ചോർത്തൽ വാർത്തകളിലെല്ലാം പെഗസസ് ഉപയോഗിക്കപ്പെട്ടത് സർക്കാറുകളുടെ എതിരാളികളെ നിരീക്ഷിക്കാനാണ്.
പറന്നെത്തി കീഴടക്കും പെഗസസ്
ഗ്രീക്ക് ഇതിഹാസത്തിലെ മാന്ത്രികച്ചിറകുള്ള വെളുത്ത പറക്കും കുതിരയാണ് പെഗസസ്. ഇസ്രായേൽ കമ്പനി എൻ.എസ്.ഒ ഗ്രൂപ് ആണ് ഇതേപേരിൽ ഫോണിൽ കടന്നുകയറി വിവരങ്ങൾ ചോർത്തി സ്വയംനശിക്കുന്ന സ്പൈവെയറിനെ സൃഷ്ടിച്ചത്. ഐഫോണുകളിലെ വിവരങ്ങൾ മോഷ്ടിക്കാനായി നിർമിച്ചതാണിത്. ആൻഡ്രോയിഡ്, ബ്ലാക്ക്ബെറി ഫോണുകളിലും പെഗസസിന് പ്രവർത്തിക്കാൻ കഴിയും. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പെഗസസ് വാങ്ങാൻ കിട്ടില്ല. ഇങ്ങനെ സോഫ്റ്റ്വെയർ ഉണ്ടെന്ന് സ്ഥിരീകരിച്ച എൻ.എസ്.ഒ ഇത് വിൽക്കുന്നത് സർക്കാറുകൾക്ക് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചോർത്തൽ ഇങ്ങനെ
'സ്പിയർ ഫിഷിങ്' എന്ന രീതിയാണ് പണ്ട് നുഴഞ്ഞുകയറാൻ ഉപയോഗിച്ചിരുന്നത്. ഫോണിലേക്ക് സന്ദേശമോ ഇ-മെയിലോ അയക്കും. ഉടമ ഇ-മെയിലിലോ സന്ദേശത്തിലോ ഉള്ള ലിങ്കിൽ ക്ലിക്കുചെയ്താൽ സ്പൈവെയർ ഡൗൺലോഡായി പ്രവർത്തിക്കാൻ തുടങ്ങും. ഇപ്പോൾ 'സീറോ ക്ലിക്' ആക്രമണമാണ് നടത്തുന്നത്. വാട്സ്ആപ് കോളായും മിസ്ഡ് കോളായും കടന്നുകയറി വിവരങ്ങൾ ചോർത്താൻ കഴിയും.
ഓപറേറ്റിങ് സിസ്റ്റത്തിലെ തകരാറുകളോ പഴുതുകളോ ഉപയോഗിക്കുന്ന 'സീറോ-ഡേ' രീതിയും പിന്തുടരുന്നു. ഈ തകരാറുകൾ ഫോൺ നിർമാതാവ് പോലും അറിഞ്ഞിട്ടുണ്ടാവില്ല. ആൻറിവൈറസുകൾ ഉപയോഗിച്ചാലൊന്നും പെഗസസിെൻറ സാന്നിധ്യം അറിയാൻ കഴിയില്ല. ഫോൺ മെമ്മറി ഉപയോഗിക്കാതെ താൽക്കാലിക മെമ്മറിയായ റാമിലാണ് ഇത്തരം സ്പൈവെയറുകളുടെ വാസം. ഫോൺ ഓണാകുേമ്പാൾ പെഗസസ് അപ്രത്യക്ഷമാകും.
എന്തൊക്കെ ചെയ്യും
ഇൻറർനെറ്റുള്ള ഫോണിലേക്ക് മിസ്ഡ് കോൾ, ഇമെയിൽ, എസ്.എം.എസ്, വാട്സ്ആപ് എന്നിങ്ങനെ ഏതുവഴിയിലൂടെയും കടക്കും. ഇത് ബാധിച്ച ഫോൺ ഉപയോഗിച്ച് ചെയ്യുന്നതെന്തും സ്പൈവെയർ നിയന്ത്രിക്കുന്നവർക്ക് അറിയാൻ കഴിയും. ഫോണിെൻറ നിയന്ത്രണം ഏറ്റെടുക്കാനും പറ്റും. ഫോണിെൻറ ഉടമ ഒന്നും അറിയില്ല. മിസ്ഡ് കോൾ വഴി ഫോണിൽ പ്രോഗ്രാം നിക്ഷേപിക്കും. കോൾ എടുക്കണമെന്നില്ല. ഫോണിലെ മുഴുവൻ സംവിധാനങ്ങളും പെഗസസ് വരുതിയിലാക്കും. ഉടമയറിയാതെ ഫോൺ കാമറ ഓണാക്കി ഫോട്ടോ കൈമാറാനും ഉടമ പോകുന്ന സ്ഥലങ്ങൾ ട്രാക്ചെയ്യാനും കോൾ റെക്കോഡ് ചെയ്യാനും കഴിയും. ചോർത്തലിന് ശേഷം പെഗസസ് നശിക്കുന്നതോടെ ഈ മിസ്ഡ് കോൾ വിവരങ്ങളും മാഞ്ഞുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.