സ്വന്തം വസ്ത്രങ്ങൾ വിറ്റും ജനത്തിന് ഗോതമ്പ് കുറഞ്ഞ വിലയിൽ ലഭ്യമാക്കും -ശഹ്ബാസ് ശരീഫ്
text_fieldsഇസ്ലാമാബാദ്: അടുത്ത 24 മണിക്കൂറിനുള്ളിൽ പത്ത് കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറക്കണമെന്ന് ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹമൂദ് ഖാന് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്‍റെ അന്ത്യശാസനം. വില കുറച്ചില്ലെങ്കിൽ തന്‍റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് കുറഞ്ഞ വിലക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്‌ച പാകിസ്താനിലെ തകാറ സ്‌റ്റേഡിയത്തിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് എക്കാലത്തെയും ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും സമ്മാനിച്ചത് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനാണെന്ന് യോഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് ദശലക്ഷം വീടുകളും പത്ത് ദശലക്ഷം ജോലികളും നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ ഇംറാൻ ഖാൻ പരാജയപ്പെട്ടെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം വിമർശിച്ചു.
സ്വന്തം ജീവൻ പോലും ത്യജിച്ച് രാജ്യത്തെ അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കുമെന്ന് ശഹ്ബാസ് ശരീഫ് പ്രഖ്യാപിച്ചു. ബലൂചിസ്ഥാൻ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ച് തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ഇറങ്ങിയെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഇത് വളരെ അപൂർവമായി സംഭവിക്കുന്നതാണ്. ബലൂചിസ്ഥാനിൽ ആളുകൾ പോളിങ് സ്റ്റേഷനുകളിൽ തിങ്ങിക്കൂടിയിരിക്കുന്നു. ഞാൻ പ്രതീക്ഷിച്ചതുപോലെ പോളിങ് 30 മുതൽ 35 ശതമാനം വരെ തുടരും. ഇത് ജനാധിപത്യത്തിലും ക്രമസമാധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് -ശഹ്ബാസ് ശരീഫ് പറഞ്ഞു. രാജ്യത്തെ ഇന്ധനവില വർധനവിലും ഇംറാൻ ഖാനെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുമെന്ന് മനസ്സിലാക്കിയ മുൻ പ്രധാനമന്ത്രി ലോകമെമ്പാടും ഇന്ധന നിരക്ക് വർധിക്കുന്ന സമയത്ത് രാജ്യത്തെ ഇന്ധനവില കുറച്ചെന്നും ശഹ്ബാസ് ശരീഫ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.