വീഴ്ചക്കരികെ അസോവ്സ്റ്റൽ പ്ലാന്റ്; മരിയുപോളിൽ റഷ്യൻ കൊടി പാറുമോ?
text_fieldsകിയവ്: തലസ്ഥാനം കാത്ത അതേ ആവേശത്തോടെ തുറമുഖ നഗരമായ മരിയുപോളും നിലനിർത്താൻ ജീവൻ പണയംനൽകി യുക്രെയ്ൻ സേന നടത്തുന്ന പോരാട്ടം അവസാനത്തോടടുക്കുന്നോ? കരിങ്കടൽ തീരത്തെ പരമപ്രധാന നഗരമായ മരിയുപോളിൽ യുക്രെയ്ൻ ചെറുത്തുനിൽപ് അവസാന മണിക്കൂറുകളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിന്റെ ഭൂരിഭാഗവും ഇതിനകം കൈവിട്ടെങ്കിലും പ്രശസ്തമായ അസോവ്സ്റ്റൽ ഉരുക്കുനിർമാണ പ്ലാന്റ് താവളമാക്കി യുക്രെയ്ൻ സൈനികർ ചെറുത്തുനിൽക്കുന്നതാണ് റഷ്യക്ക് തലവേദനയാകുന്നത്. ഇവിടെ തടിച്ചുകൂടിയ സൈനികർ അടിയന്തരമായി കീഴടങ്ങണമെന്ന് റഷ്യ വീണ്ടും അന്ത്യശാസനം നൽകിയിട്ടുണ്ട്. 1,000 ഓളം സാധാരണക്കാരും വിശാലമായ പ്ലാന്റിനുള്ളിൽ അഭയം തേടിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടെ ഇവിടെ കഴിയുന്നതിനാൽ നേരിട്ട് ആക്രമണത്തിന് സാധ്യമല്ലെന്നത് റഷ്യയെ കുഴക്കുന്നു.
മാർച്ച് രണ്ടു മുതൽ റഷ്യ ഉപരോധമേർപ്പെടുത്തിയ പട്ടണമാണ് മരിയുപോൾ. ഇവിടെ നിയന്ത്രണം പൂർണാർഥത്തിലല്ലെങ്കിലും റഷ്യൻ സൈനികർക്കാണ്. യുക്രെയ്ന്റെ കിഴക്ക് ഡോൺബസ് മേഖലയും 2014ൽ റഷ്യ പിടിച്ചടക്കിയ ക്രിമിയയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന നഗരമായതിനാൽ എന്തു വിലകൊടുത്തും മരിയുപോൾ പിടിക്കുമെന്ന് റഷ്യ ഉറപ്പിച്ചമട്ടാണ്.
ഓരോ വർഷവും ലക്ഷക്കണക്കിന് ടൺ ഉരുക്ക് ഉൽപാദിപ്പിക്കുന്ന അസോവ്സ്റ്റൽ പിടിച്ചാൽ മരിയുപോളിൽ യുക്രെയ്ന് ഒന്നും ബാക്കിയുണ്ടാവില്ല. 1990കളിൽ അന്നത്തെ സോവിയറ്റ് റഷ്യ സ്ഥാപിച്ചതാണ് ഈ പ്ലാന്റ്. നിലവിൽ യുക്രെയ്നിലെ ഏറ്റവും വലിയ സമ്പന്നൻ റിനത് അഖ്മദോവിന്റെ ഉടമസ്ഥതയിലാണ്. അസോവ് കടലിന് അഭിമുഖമായി 11 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. എണ്ണമറ്റ കെട്ടിടങ്ങളും ബ്ലാസ്റ്റ് ഫർണസുകളും റെയിൽ ട്രാക്കുകളും ഇതിനകത്തുണ്ട്.
നഗരത്തിനുള്ളിലെ നഗരമായി പ്ലാന്റ് നിലനിൽക്കുന്നതാണ് റഷ്യക്ക് കടന്നുകയറ്റം പ്രയാസകരമാക്കുന്നത്. ആ കടമ്പ കൂടി കടക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അകത്ത് രാസായുധ പ്രയോഗം വരെ മോസ്കോ പരിഗണിക്കുന്നുവെന്നാണ് സൂചന.
അതേ സമയം, മരിയുപോളിൽ നിലവിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തകരാറിലായതിനാൽ റഷ്യൻ അധിനിവേശം ഏതറ്റംവരെ എത്തിയെന്നതിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമല്ല. ഇപ്പോഴും യുക്രെയ്ൻ സേന പോരാട്ടമുഖത്തുണ്ടെന്ന് മേയർ വാഡിം ബോയ്ചെങ്കോ അവകാശപ്പെടുന്നു.
നഗരത്തിൽ 14,000 റഷ്യക്കാർക്കെതിരെ 3,000 യുക്രെയ്ൻ പോരാളികളുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.