തുർക്കിയ മധ്യസ്ഥ നീക്കങ്ങൾ വിജയം കാണുമോ?
text_fieldsഇസ്തംബുൾ: ഗസ്സയിൽ കുരുന്നുകളടക്കം നിരപരാധികളായ ആയിരങ്ങൾക്ക് മരണമൊരുക്കി ഇസ്രായേൽ തുടരുന്ന ബോംബുവർഷം അവസാനിപ്പിക്കാൻ ആര് മധ്യസ്ഥത വഹിക്കും? നേരത്തെ, യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനിടെ ധാന്യക്കയറ്റുമതിയടക്കം നിർണായക വിഷയങ്ങളിൽ റജബ് ത്വയ്യിബ് ഉർദുഗാൻ നയിച്ച നീക്കങ്ങൾ ഫലം കണ്ടിരുന്നെങ്കിൽ ഗസ്സയിലും അതേ സാധ്യതകൾ കണക്കുകൂട്ടുകയാണ് വിദഗ്ധർ. ഇരു ശക്തികളുമായും അടുപ്പം നിലനിർത്തുന്നവരെന്നതാണ് തുർക്കിയക്ക് സാധ്യത വർധിപ്പിക്കുന്നത്.
ഇസ്രായേലുമായി മേഖലയിൽ മികച്ച ബന്ധം നിലനിർത്തുന്ന രാജ്യമാണ് തുർക്കിയ. പലപ്പോഴായി വഷളായ ബന്ധങ്ങൾക്ക് സൗഹൃദഭാവം നൽകി കഴിഞ്ഞ വർഷം ഇസ്രായേലുമായും അടുപ്പം സ്ഥാപിച്ചിരുന്നു. ഇതേ സമയം, ഹമാസിന് പൂർണ പിന്തുണ നൽകുന്ന രാജ്യം കൂടിയാണ് തുർക്കിയ. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ മിക്ക രാജ്യങ്ങളും താൽപര്യം കാട്ടിയപ്പോഴും ഉർദുഗാൻ അത് ചെയ്തിരുന്നില്ല. ഇത് ഉപയോഗപ്പെടുത്തി മധ്യസ്ഥ നീക്കങ്ങളുമായി പ്രസിഡന്റ് ഉർദുഗാനും വിദേശകാര്യ മന്ത്രി ഹകൻ ഫിദാനും രംഗത്തുണ്ട്.
ഗസ്സയിൽ അടിയന്തരമായി എത്തിക്കേണ്ട മാനുഷിക സഹായങ്ങൾക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. ഒപ്പം, ഹമാസ് നിയന്ത്രണത്തിലുള്ള 200ലേറെ ബന്ദികളുടെ മോചനവും. നിരവധി രാജ്യങ്ങൾ ബന്ദി മോചന വിഷയത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും വിഷയം ഹമാസ് രാഷ്ട്രീയ വിഭാഗവുമായി ചർച്ച ചെയ്തു വരുകയാണെന്ന് ഫിദാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുർക്കിയയിൽ ഫലസ്തീൻ അനുകൂലമാണ് പൊതുവികാരം. ആയിരങ്ങൾ അണിനിരന്ന പ്രകടനങ്ങൾ രാജ്യത്തുടനീളം ഇപ്പോഴും തുടരുകയാണ്. അതേസമയം ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കാൻ മേഖലയിലെ നേതാക്കൾക്ക് പുറമെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ എന്നിവരടക്കം പ്രമുഖരുമായും തുർക്കിയ ചർച്ച തുടരുകയാണ്. സ്ഥിരമായ സമാധാനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് ഫിദാൻ പറയുന്നു.
ഇതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം നിർത്തിയില്ലെങ്കിൽ തുർക്കി ഇടപെടണമെന്ന് പ്രസിഡന്റ് ഉർദുഗാന്റെ സഖ്യകക്ഷിയായ നാഷനലിസ്റ്റ് മൂവ്മെന്റ് പാർട്ടി നേതാവ് ദൗലത് ബഹ്ചലി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.