വിംബ്ൾഡണിലും കിരീടം ദ്യോകോവിച്ചിന്; 20ാം ഗ്രാൻഡ്സ്ലാമുമായി ഫെഡറർക്കും നദാലിനുമൊപ്പം
text_fieldsലണ്ടൻ: തുടർച്ചയായ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടവുമായി ടോപ് സീഡ് നൊവാക് ദ്യോകോവിച് വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽ ജേതാവായി. 20ാമത് ഗ്രാൻഡ്സ്ലാം സ്വന്തമാക്കിയ സെർബിയക്കാരൻ പുരുഷ സിംഗ്ൾസിൽ കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന റോജർ ഫെഡററുടെയും റാഫേൽ നദാലിെൻറയും നേട്ടത്തിനൊപ്പമെത്തി.
ഫൈനലിൽ ഏഴാം സീഡ് ഇറ്റലിയുടെ മാറ്റിയോ ബെരറ്റീനിയെയാണ് നാലു സെറ്റ് നീണ്ട മത്സരത്തിൽ ദ്യോകോവിച് തോൽപിച്ചത്. സ്കോർ: 6-7, 6-4, 6-4, 6-3. ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടശേഷമായിരുന്നു വിംബ്ൾഡൺ സെൻറർ കോർട്ടിൽ 34കാരെൻറ തിരിച്ചുവരവ്. വിംബ്ൾഡണിലെ പുൽകോർട്ടിൽ ദ്യോകോവിച്ചിെൻറ ആറാം കിരീടമാണിത്. ഒമ്പത് ആസ്ട്രേലിയൻ ഓപൺ, മൂന്നു യു.എസ് ഓപൺ, രണ്ടു ഫ്രഞ്ച് ഓപൺ എന്നിവയും ഷോകേസിലുണ്ട്. ദ്യോകോവിച്ചിനിത് ഈ വർഷം തുടർച്ചയായ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടമാണ്.
പുരുഷ ഡബിൾസിൽ ടോപ് സീഡുകളായ മാറ്റെ പാവിച്-നികോള മെക്റ്റിച് ജോടി ജേതാക്കളായി. ഫൈനലിൽ നാലാം സീഡായ മാഴ്സൽ ഗ്രാനോലേഴ്സ്-ഹൊറേഷ്യോ സെബല്ലോസ് സഖ്യത്തെയാണ് തോൽപിച്ചത്. സ്കോർ: 6-4, 7-6, 2-6, 7-5. വനിത ഡബിൾസിൽ മൂന്നാം സീഡ് സീയേ സൂയി-എലീസ് മെർട്ടെൻസ് സഖ്യം ചാമ്പ്യന്മാരായി. 3-6, 7-5, 9-7ന് സീഡില്ലാജോടി എലേന വെസ്നിന-വെറോണിക്ക കുദെർമെതോവയെയാണ് കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.