യു.എസിൽ അതിശൈത്യം; 19 മരണം, 15 ലക്ഷം പേർ ഇരുട്ടിൽ
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ അതിശൈത്യത്തിൽ 19 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ടുകോടി ആളുകളെ അതിശൈത്യവും മഞ്ഞുവീഴ്ചയും ബാധിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതിബന്ധം നഷ്ടമായി 15 ലക്ഷത്തിലേറെ പേർ ഇരുട്ടിലായി. മൂന്നുദിവസത്തിനിടെ ഒമ്പതിനായിരത്തിലേറെ വിമാന സർവിസുകളാണ് റദ്ദാക്കിയത്.
മഞ്ഞുമൂടി കാഴ്ച മറഞ്ഞതിനാലാണ് വിമാന സർവിസ് റദ്ദാക്കിയത്. ന്യൂയോർക്കിനും ഷികാഗോക്കും ഇടയിലുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ദൂരക്കാഴ്ച സാധ്യമല്ലാത്തതിനാൽ റോഡ് ഗതാഗതവും ദുഷ്‍കരമാണ്. ഏതാനും ദിവസംകൂടി കൊടുംതണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ടെക്സസിനും ക്യൂബെക്കിനുമിടയിലെ 3200 കി.മീ. ഭാഗത്ത് ശീതക്കാറ്റ് ആഞ്ഞുവീശുകയാണ്. യു.എസ്, കാനഡ അതിർത്തിയിലെ തടാകങ്ങൾ മഞ്ഞുമൂടി. റോഡുകളിലെ മഞ്ഞുകട്ടകൾ നീക്കാൻ അധികൃതർ പാടുപെടുകയാണ്. ബ്രിട്ടീഷ് കൊളംബിയ മുതൽ ന്യൂഫൗണ്ട് ലാൻഡ് വരെയുള്ള രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.
തീരമേഖലയിൽ വെള്ളപ്പൊക്കവുമുണ്ടായി. 50 കാറുകൾ ഓഹിയോ നദിയിൽ മുങ്ങി, നാലുപേർ മരിച്ചു. കാഴ്ച മറഞ്ഞ് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ആകെ വിവിധ സംഭവങ്ങളിലായി 19 മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യനിവാസികൾ ക്രിസ്മസ് ആഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മുതൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും ദുരിതം വിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.