'ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ...'-അവസാന വീഡിയോയിൽ അഫ്ഗാൻ യൂട്യുബർ നജ്മ പറഞ്ഞത്...
text_fieldsകാബൂൾ: 'ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുകയാണ്. ഇതിൽ നിന്നുണരാൻ ഒരു ദിവസം നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു. ജോലി ചെയ്യുന്നതിനോ വീടിന് വെളിയിൽ ഇറങ്ങുന്നതിനൊ അനുവാദമില്ലാത്ത നമ്മെളല്ലാവരും അവസാന വീഡിയോ റെക്കോർഡ് ചെയ്ത് വെക്കേണ്ടതുണ്ട്' -അഫ്ഗാൻ യൂട്യൂബറായ നജ്മ സാദിഖിയുടെ അവസാന വീഡിയോയിലെ വാക്കുകളാണിത്. കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ ഹമീദ് കർസായി വിമാനത്താവളത്തിന് സമീപം ഐ.എസ്-കെ നടത്തിയ സ്ഫോടനത്തിലാണ് 20കാരിയായ നജ്മ കൊല്ലപ്പെട്ടത്.
താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ അഫ്ഗാനിലെ സാധാരണക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മനസ്സിൽ ഉയർന്നുവന്ന ആശങ്കയും അനിശ്ചിതത്വവും എല്ലാം വിളിച്ചുപറയുന്നതായിരുന്നു നജ്മയുടെ അവസാന വീഡിയോ. മുമ്പ് അവളുടെ വീഡിയോകളിൽ നിറഞ്ഞുനിന്നത് അക്ഷരാർഥത്തിൽ കാബൂളിലെ സ്ത്രീകളുടെ ആഘോഷമായിരുന്നു. വർണ വസ്ത്രങ്ങൾ ധരിച്ച് നജ്മയും കൂട്ടുകാരികളും നടത്തുന്ന ചെറുയാത്രകൾ, ഭക്ഷണം പാകം ചെയ്യൽ, പാട്ടുപാടൽ... അങ്ങിനെയങ്ങിനെ; സന്തോഷം പകരുന്ന പശ്ചാത്തല സംഗീതത്തോടെ...
അവസാന വീഡിയോയിൽ പക്ഷേ, അതൊന്നുമില്ല. ഇരുളടഞ്ഞ ഭാവിയെ കുറിച്ചുള്ള ആശങ്ക മാത്രം. 'എനിക്ക് കാബൂളിന്‍റെ തെരുവുകളിലൂടെ നടക്കാൻ ഭയമാകുന്നു. എല്ലാ പ്രേക്ഷകരും എനിക്കുവേണ്ടി പ്രാർഥിക്കണം. കാബൂളിലെ ജീവിതം ഏറെ ശ്രമകരമായി തീർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്...' എന്നായിരുന്നു നജ്മയുടെ അവസാന വാക്കുകൾ.
കാബൂളിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാന വർഷ ജേർണലിസം സ്റ്റുഡന്‍റ് ആയിരുന്നു നജ്മ. അടുത്തിടെയാണ് അവർ 'അഫ്ഗാൻ ഇൻസൈഡർ' എന്ന യൂട്യൂബ് ചാനലിന്‍റെ ഭാഗമായത്. 2.40 കോടിയിലേറെ കാഴ്ചക്കാർ നജ്മയുടെ വീഡിയോകൾക്ക് ഉണ്ടായിരുന്നു. സർഗശേഷിയുള്ള യുവതലമുറക്ക് േപ്രാത്സാഹനം നൽകുന്ന 'അഫ്ഗാൻ ഇൻസൈഡർ' താലിബാന് ശേഷമുള്ള അഫ്ഗാനിലെ യുവതികൾക്ക് ഏറെ അവസരങ്ങൾ നൽകിയിരുന്നു. താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ ഇതിൽ പ്രവർത്തിച്ചിരുന്ന പലരും തങ്ങളുടെ ഭാവിയോർത്ത് ആശങ്കയിലാണ്.
'പുതിയ സാഹചര്യത്തിൽ നജ്മ ഒട്ടും സുരക്ഷിതത്വം അനുഭവിച്ചിരുന്നില്ല. ഞാനും...'-നജ്മക്കൊപ്പം 'അഫ്ഗാൻ ഇൻസൈഡറി'ൽ പ്രവർത്തിച്ചിരുന്ന റോഹിന അഫ്ഷർ പറയുന്നു. റോഹിനയാണ് കാബൂൾ സ്ഫോടനത്തിൽ നജ്മ കൊല്ലപ്പെട്ട വാർത്ത സ്ഥിരീകരിച്ചതും. 'സാമ്പത്തിക പ്രതിസന്ധികൾ മാത്രമല്ല എന്നെ അലട്ടുന്നത്. യൂട്യൂബ് വീഡിയോകളിലൂടെ ഏറെ അറിയപ്പെടുന്ന ഒരു യുവതിയാണ് ഞാൻ. എന്‍റെ മുഖം പലരും തിരിച്ചറിയും. ഇങ്ങനെ ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന അഫ്ഗാൻ യുവതികളെ തെരഞ്ഞുപിടിച്ച് വകവരുത്തിയേക്കാമെന്ന അഭ്യൂഹങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒട്ടും സുരക്ഷിതത്വം എനിക്ക് അനുഭവപ്പെടുന്നില്ല' -റോഹിന പറയുന്നു.
'കഴിഞ്ഞ കുറച്ചുവർഷങ്ങളായി അഫ്ഗാനിലെ നിരവധി യുവാക്കളും യുവതികളുമാണ് യൂട്യൂബ് ചാനലുകളിലൂടെ പൊതുരംഗത്ത് എത്തിയത്. അവർക്കത് ജീവിതോപാധി മാത്രമായിരുന്നില്ല. അവരുടെ കഴിവുകൾ പുറംലോകത്ത് എത്തിക്കാനുള്ള അവസരം കൂടിയായിരുന്നു. അതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് ഇല്ലാതായത്. എല്ലാം മാറി. ഞങ്ങൾ വാർത്ത കൊടുക്കുന്നത് നിർത്തി. ഞങ്ങളെ അവർ ലക്ഷ്യമിടുമെന്നും വകവരുത്തുമെന്നുമുള്ള ഭീതിയിലാണ് ഇപ്പോൾ' - 'അഫ്ഗാൻ ഇൻസൈഡറി'ലെ െപ്രാഡ്യൂസറായ ഖ്വാജ സമീയുള്ള സിദ്ദീഖി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.