വെടിയൊച്ചക്കു നടുവിൽ ഭീതിയോടെ...
text_fieldsആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിൽനിന്ന് റോഡ് മാർഗമാണ് ഞാൻ മാർച്ച് 12ന് സുഡാനിൽ എത്തുന്നത്. സുഡാനിലെ പല ഭാഗങ്ങളിലും സഞ്ചരിച്ച് മാർച്ച് 20നാണ് ഞാൻ തലസ്ഥാനമായ ഖർത്തൂമിലെത്തുന്നത്. അന്നിവിടെ വലിയൊരു പ്രക്ഷോഭം ഉണ്ടായിരുന്നു. സൈനികഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭമായിരുന്നു അത്. വീണ്ടും പല ഭാഗങ്ങളിൽ ചുറ്റിസഞ്ചരിച്ച് ഖർത്തൂമിൽ തിരിച്ചെത്തുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടുള്ള ചെറിയ സമരങ്ങളാണ് അപ്പോൾ കാണുന്നത്. രണ്ടു ദിവസംകൂടി കഴിഞ്ഞപ്പോൾ സ്ഥിതിയാകെ മാറി.
അർധസൈനികവിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സും സൈന്യവും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കു കടന്നതോടെ ജനം ഭീതിയിലായി. ദക്ഷിണ സുഡാനിന്റെ അടുത്തുള്ള ദർഫുർ ഭാഗങ്ങളിൽ വർഷങ്ങളായി വിമതരുമായി സംഘർഷം നിലനിൽക്കുന്നു. വിമതരെ നേരിടാൻ രൂപവത്കരിച്ച അർധസൈനിക വിഭാഗമാണ് റാപിഡ് സപ്പോർട്ട് ഫോഴ്സ്. ഇപ്പോൾ ഇവർ സൈന്യത്തിനെതിരെ തിരിഞ്ഞു. നേരത്തേ സൈനികഭരണത്തിനെതിരെ പ്രതിഷേധിച്ചിരുന്ന ജനങ്ങൾ ഇപ്പോൾ സൈനികവാഹനങ്ങളെ അഭിവാദ്യം ചെയ്യുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
പ്രശ്നം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനും സ്വയംരക്ഷക്കും വേണ്ടിയാണ് ഈ പിന്തുണ എന്നാണ് എനിക്കു തോന്നുന്നത്. ജനങ്ങൾക്ക് രണ്ടു വിഭാഗത്തെയും പേടിയാണ്. വെടിവെപ്പും ബോംബാക്രമണവും പതിവായിരിക്കുന്നു. കഴിഞ്ഞ ദിവസം ബോംബാക്രമണത്തിൽ ഒരു പള്ളി തകർന്നു. ബോംബ് പേടിച്ച് ആളുകൾ ബങ്കറുകളിലാണ് കഴിയുന്നത്. രണ്ടു വിഭാഗം സൈനികരും കടകളിൽ കയറി സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോകുന്നു.
വീടുകളും കൊള്ളയടിക്കുന്നുണ്ട്. അവരുടെ മുന്നിൽപെട്ടാൽ ഒരുപക്ഷേ വെടിവെച്ചുകൊന്നേക്കാം. ഇടക്ക് കുറച്ചുനേരം വെടിനിർത്തൽ ഉണ്ടാകുന്ന സമയത്താണ് ആളുകൾ പുറത്തിറങ്ങുന്നതും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതും. ഈ സമയത്ത് പുറത്തിറങ്ങിയാൽ റോഡുകളിൽ ആളുകളുടെ നീണ്ട നിര കാണാം. കിലോമീറ്ററുകൾ അപ്പുറത്തുനിന്നാണ് വെള്ളം കൊണ്ടുവരേണ്ടത്.
പലയിടത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ട് ജനം ഇരുട്ടിലാണ്. അടിയന്തര മാനുഷിക ആവശ്യങ്ങൾക്ക് സുരക്ഷിതപാത ഒരുക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ആശ്വാസമാണ്. എന്നാൽ, ശാശ്വത പരിഹാരവും സമാധാനവുമാണ് ആവശ്യം. പ്രശ്നപരിഹാരത്തിന് പലരും ഇടപെടുന്നതായി വാർത്തകളിൽ അറിഞ്ഞു. എത്രയും വേഗം പരിഹരിക്കപ്പെടണേ എന്നാണ് പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.