കോവിഡിനെ പിടിച്ചുെകട്ടി 200 ദിവസം; പ്രതിരോധത്തിൽ മാതൃകയാണ് ഇൗ രാജ്യം
text_fieldsതായ്പേയി: ലോകത്തെയാകമാനം നിശ്ചലമാക്കിയ കോവിഡ് മഹാമാരിയെ ഇനിയും പൂർണതോതിൽ പിടിച്ചുകെട്ടാനാകാത്ത സാഹചര്യത്തിൽ ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ 200 ദിവസത്തിനിടെ രാജ്യത്തിനകത്ത് നിന്നും രോഗം പകർന്ന ഒരാൾ പോലുമില്ലെന്ന ഖ്യാദി സ്വന്തമാക്കിയിരിക്കുകയാണ് തായ്വാൻ.
ഏപ്രിൽ 12നാണ് അവസാനമായി തായ്വാനിൽ രോഗം റിപോർട്ട് ചെയ്തത്. വ്യാഴാഴ്ചയാണ് 200 ദിവസം തികഞ്ഞത്. രാജ്യത്ത് ഇതുവരെ 553 കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്തത്. മരിച്ചത് വെറും ഏഴ് പേർ മാത്രം.
രാജ്യത്ത് രോഗം പടർന്ന് പിടിക്കുന്നത് തടയാനായെങ്കിലും വിദേശത്ത് നിന്ന് വരുന്നവരിൽ രോഗബാധിതരുള്ളതിനാൽ അധികൃതർ ജാഗ്രതയിലാണ്. വ്യാഴാഴ്ച ഫിലിപ്പീൻസ്, ഇന്തോനേഷ്യ, യു.എസ് എന്നിവിടങ്ങളിൽ നിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചക്കിടെ ഇത്തരത്തിൽ 20 കേസുകളാണ് റിപോർട്ട് ചെയ്തത്.
എങ്ങനെയാണ് 23 ദശലക്ഷം ജനസംഖ്യ മാത്രമുള്ള കുഞ്ഞൻ ദ്വീപ് രാജ്യം കോവിഡിനെ ചെറുത്തതെന്നല്ലെ, വളരേ മുേമ്പ തന്നെ രാജ്യാതിർത്തികൾ അടച്ചതും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതുമാണ് സഹായകമായതെന്നാണ് വിദഗ്ദർ പറയുന്നത്. ചൈനയിലും മറ്റും വൈറസ് ബാധ റിപോർട്ട് ചെയ്തതിനാൽ ജനുവരി മുതൽ തന്നെ അതിർത്തി അടച്ചിട്ടു.
ഇതോടൊപ്പം തന്നെ വിപുലമായ കോൺടാക്ട് ട്രേസിങ്, വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ക്വാറൻറീൻ, മാസ്ക് നിർബന്ധമാക്കൽ എന്നിവയും ഫലപ്രദമായി. 2003ൽ സാർസിനെ നേരിട്ട അനുഭവസമ്പത്തും ജനങ്ങൾ ഭരണകൂടത്തിെൻറ നിർദേശങ്ങൾ കർശനമായി പാലിച്ചതും സഹായകമായി. എമർജൻസി റെസ്പോൺസ് നെറ്റ്വർക്ക് രൂപീകരിച്ചായിരുന്നു പ്രതിരോധ പ്രവർത്തനം.
മാസ്കുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച തായ്വാൻ തദ്ദേശീയമായി ഉൽപാദനം കൂട്ടുകയും സർക്കാർ മേൽനോട്ടത്തോടെ വിതരണം ത്വരിതപ്പെടുത്തുകയും ചെയ്തു. നാല് മാസത്തിനുള്ളിൽ രണ്ട് ദശലക്ഷം മുതൽ 20 ദശലക്ഷം വരെ മാസ്കുകളാണ് ഓരോ കമ്പനിയും ദിനേന ഉൽപാദിപ്പിച്ചത്.
തായ്വാെൻറ നേട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. യു.എസ് സെനറ്റർ ബെർനി സാൻഡേഴ്സ് തായ്വാെൻറ നേട്ടം ചൂണ്ടിക്കാട്ടി ഇങ്ങെന കുറിച്ചു. 'അവർ എങ്ങനെ ഇത് സാധിച്ചു. അവർ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു'. ഈ വർഷം സാമ്പത്തിക വളർച്ച നേടുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് തായ്വാൻ. 2020ൽ അവർ 1.56 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്ന് പ്രവചനമുണ്ട്.
യു.എസിലടക്കം കോവിഡിെൻറ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ വലിയ രീതിയിലാണ് വന്ന് ഭവിക്കുന്നത്. 86,000 കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. റെക്കോഡാണിത്. വെള്ളിയാഴ്ച മുതൽ ഫ്രാൻസിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതലാണ് ജർമനി വീണ്ടും അടച്ചിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.