അൽശിഫയിൽ മൃതദേഹങ്ങൾക്ക് മുകളിലൂടെ ഇസ്രായേൽ ടാങ്കും ബുൾഡോസറും ഓടിച്ച് കയറ്റി
text_fieldsഗസ്സ: ഒരാഴ്ചയായി ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിലെ അൽശിഫ ആശുപത്രിയിൽനിന്ന് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. കണ്ണിൽകണ്ടവരെ വെടിവെച്ചു വീഴത്തിയ ഇസ്രായേൽ സേന, മൃതദേഹങ്ങൾക്ക് മുകളിലൂടെ യുദ്ധ ടാങ്കുകളും കവചിത ബുൾഡോസറുകളും കയറ്റിയിറക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അൽശിഫ മെഡിക്കൽ കോംപ്ലക്സിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്കും നിർത്തിയിട്ട ആംബുലൻസുകൾക്കും മുകളിലൂടെ ടാങ്കുകളും ബുൾഡോസറും ഓടിക്കുന്നത് കണ്ടതായി ആശുപത്രിയിൽ അഭയം പ്രാപിച്ച ദൃക്‌സാക്ഷിയായ ജമീൽ അൽ അയൂബി പറഞ്ഞു. ആശുപത്രി മുറ്റത്തുണ്ടായിരുന്ന സാധാരണക്കാരുടെ വണ്ടികളും ആംബുലൻസുകളും തകർത്തതായും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ കൊലപ്പെടുത്തിയ നാല് ഫലസ്തീനികളുടെയെങ്കിലും മൃതദേഹങ്ങൾ ഇപ്രകാരം ചതച്ചരച്ച് വികൃതമാക്കിയതായി അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലും പരിസരത്തുമുള്ള സൈന്യം നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും ബാക്കിയുള്ളവരെ തെക്കൻ ഗസ്സയിലേക്ക് ഇറക്കി വിട്ടതായും അൽശിഫ ആശുപത്രിക്ക് സമീപം താമസിക്കുന്ന ആബിദ് റദ്‍വാൻ പറഞ്ഞു. ഇസ്രായേൽ സേനയുടെ അതിക്രമത്തിന് ശേഷം മൃതദേഹങ്ങൾ തെരുവുകളിൽ ചിതറിക്കിടക്കുകയാണെന്നും നിരവധി വീടുകൾ ഇടിച്ചു നിരപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽശിഫയിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബലാത്സംഗം, പട്ടിണി, പീഡനം എന്നിവക്ക് സ്ത്രീകൾ വിധേയരായതായി ദൃക്‌സാക്ഷിയായ ജമീല അൽ-ഹിസി പറഞ്ഞു. നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ അതിക്രമം ഒമ്പതാം ദിവസമായ ഇന്നും തുടരുകയാണ്. ഇസ്രായേൽ സൈനികർ ആശുപത്രിയിലും പരിസരത്തുമായി 170 ലധികം ഫലസ്തീനികളെ കൊല്ലുകയും മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 800 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഞ്ചുമാസത്തിനിടെ നാലാം തവണയാണ് അൽശിഫയിൽ അതിക്രമം അഴിച്ചുവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.