ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന യുവതിയെ അറസ്റ്റ് ചെയ്തു
text_fieldsവാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമേരിക്കൻ ലോ എൻഫോഴ്സ്മെന്‍റ് വൃത്തങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
എന്നാൽ യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. യു.എസ് കസ്റ്റംസ്, ബോർഡർ പ്രൊട്ടക്ഷൻ ഓഫിസേഴ്സ് എന്നിവരാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് മാരക വിഷം അടങ്ങിയ കത്ത് വൈറ്റ് ഹൗസിലേക്ക് അയച്ചത്. യു.എസ് പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ച് കത്ത് എവിടെ നിന്നുവന്നുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയും. കാനഡയിൽ നിന്നാണ് കത്ത് വന്നതെന്ന് റോയൽ കനേഡിയൻ മൊണ്ട് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.
കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞുവെന്ന് യു.എസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്നത്. റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. റിസിനെതിരെ ഫലപ്രദമായ മരുന്നില്ല.
ഇതിനു മുമ്പും റിസിന്‍ അടങ്ങിയ കത്തുകൾ വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് 2014ല്‍ മിസിസിപ്പിയിലെ ഒരാള്‍ റിസിന്‍ അടങ്ങിയ കത്ത് അയച്ചിരുന്നു.കേസില്‍ ഇയാള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.
2018ല്‍ നാവിക സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയും റിസിന്‍ അടങ്ങിയ വിഷവസ്തു പെന്‍റഗണിലേക്കും വൈറ്റ് ഹൗസിലേക്കും അയച്ചതില്‍ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.