ട്രംപ് പ്രസംഗിച്ച വേദിയിൽ ഒരുക്കിയത് കനത്ത സുരക്ഷ; ഒരു പഴ്സ് പോലും കൈയിൽ കരുതാൻ ആളുകളെ അനുവദിച്ചില്ല -എന്നിട്ടും ആക്രമണം?
text_fieldsവാഷിങ്ടൺ: പെൻസിൽവാനിയയിലെ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ വധശ്രമം നടന്ന വാർത്ത പുറത്തുവന്നതിന്റെ ആഘാതത്തിലാണ് യു.എസ് ജനത. റാലിയിൽ പങ്കെടുക്കാനെത്തിയവരും ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല. കനത്ത സുരക്ഷയാണ് റാലിയിൽ ഒരുക്കിയത്. റാലിയിൽ പങ്കെടുക്കുന്നവർ കൈയിൽ പഴ്സോ ബാഗോ കരുതാൻ പാടില്ലെന്ന് നിഷ്‍കർഷിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട സുരക്ഷ പരിശോധനക്കു ശേഷമാണ് ആളുകളെ വേദിയിലേക്ക് കടത്തിവിട്ടതു തന്നെ. എന്നിട്ടും അക്രമിയെങ്ങനെ ട്രംപിനു നേരെ നിറയൊഴിച്ചു എന്നതാണ് അത്ഭുതമെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ മെലിസ ഷഫേർട്ട് ചോദിക്കുന്നു.
51കാരിയായ മെലിസ ഷഫേർട്ട് ആൺസുഹൃത്തിനൊപ്പമാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയത്. വീട്ടിൽ നിന്ന് പുറത്തുപോകുമ്പോൾ എപ്പോഴും അവർ ഒരു കത്തിയും തോക്കും കൈയിൽ കരുതാറുണ്ട്. എന്നാൽ ഇത്തവണ അത് രണ്ടും വീട്ടിൽ തന്നെ വെച്ചിട്ടാണ് മെലീസ ഇറങ്ങിയത്. കത്തിയും തോക്കും കൈവശം വെക്കാൻ അധികൃതർ അനുവദിക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നു. പഴ്സ് പോലും ഉള്ളിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ല. ഒന്നുരണ്ടു മണിക്കൂറോളം കനത്ത പരിശോധനയായിരുന്നുവെന്നും അവർ പറഞ്ഞു. ഒരുപാട് സമയമെടുത്ത് ക്ഷമയോടെയാണ് സുരക്ഷ ഉദ്യോഗസ്ഥർ ആളുകളെ പരിശോധിച്ചതെന്നും മെലീസ പറഞ്ഞു.
സ്റ്റേജിന് 50 അടി അകലെയായി രണ്ട് ട്രാക്റ്ററുകളും മറ്റൊരു വലിയ വാഹനവും നിർത്തിയിട്ടിരുന്നു. ഇത്രയും സുരക്ഷയൊരുക്കിയിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് അക്രമി എങ്ങനെയാണ് ട്രംപിന് മുന്നിലെത്തിയത് എന്നാണ് മെലിസ ഉൾപ്പെടെയുള്ളവർ ചിന്തിക്കുന്നത്. വെടിവെപ്പിൽ ട്രംപിന്റെ ചെവിക്ക് മുറിവേൽക്കുകയും റാലിയിൽ പങ്കെടുക്കാനെത്തിയ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിയൊച്ച കേട്ടയുടൻ ആളുകൾ പരിഭ്രാന്തരായി. മെലിസയും സുഹൃത്തും ഒരുവിധേന അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി. ഒരു പ്രസിഡന്റ് സ്ഥാനാർഥിക്കുനേരെയുണ്ടായ വെടിവെപ്പ് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. അനധികൃത കുടിയേറ്റക്കാരാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചു. പെൻസിൽവാനിയ സ്വദേശിയായ 20 കാരൻ തോമസ് മാത്യു ക്രൂക്ക്സ് ട്രംപിനെ വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു.
ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്‍റെ ചെവിക്കാണ് പരിക്കേറ്റത്. ഉടൻ സുരക്ഷാ സേനാംഗങ്ങൾ വേദിയിലെത്തി ട്രംപിനെ പൊതിഞ്ഞു. അടുത്തനിമിഷം തന്നെ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.സീക്രട്ട് സർവീസും ആഭ്യന്തര സുരക്ഷാ വിഭാഗവും ചേർന്നാണ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ട്രംപിനുനേർക്കുണ്ടായ ആക്രമണത്തെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം നേതാക്കൾ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.