മഞ്ഞുവീഴ്ചക്കിടെ കാറിൽ കുടുങ്ങിയ 22കാരിക്ക് ദാരുണാന്ത്യം
text_fieldsവാഷിങ്ടൺ: അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ കാറിൽ കുടുങ്ങിയ 22കാരിക്ക് ദാരുണാന്ത്യം. ആൻഡേൽ ടെയ്‌ലർ എന്ന യുവതിയാണ് മരിച്ചത്. ന്യൂയോർക്കിലെ ബഫല്ലോയിലായിരുന്നു സംഭവം. ക്രിസ്മസ് തലേന്ന് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആൻഡേൽ അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. അതിശക്തമായ മഞ്ഞുവീഴ്ച കാരണം 18 മണിക്കൂറാണ് പുറത്തിറങ്ങാനാവാതെ യുവതി കാറിനുള്ളിൽ കുടുങ്ങിക്കിടന്നത്.
തന്റെ ദുരവസ്ഥയുടെ ദൃശ്യങ്ങൾ ആൻഡേൽ ബന്ധുക്കൾക്ക് അയച്ച് കൊടുത്തെങ്കിലും വിവരമറിഞ്ഞ് അധികൃതർ കാർ കണ്ടെത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. ഇത്രയും സമയം വാഹനത്തിൽ കുടുങ്ങിയതിനാൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാവാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം.
100 വർഷത്തിനിടയിലുണ്ടായ ഏറ്റവും കഠിനമായ ശൈത്യകാലത്തിലാണ് അമേരിക്ക കടന്ന് പോകുന്നത്. ഇതുവരെ മരണം 60 കവിഞ്ഞെന്നാണ് റിപ്പോർട്ട്. ഇപ്പോഴും യു.എസിലുടനീളം ശീതക്കാറ്റും മഞ്ഞുവീഴ്ചയും അതിരൂക്ഷമായി തുടരുകയാണ്.
മഞ്ഞുവീഴ്ചയെ തുടർന്ന് ആളപായം കൂടുതലുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തിയ അവസ്ഥയിൽ അമേരിക്കയിലുടനീളം റെയിൽ, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായ സ്ഥിതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.