മണിമലയിൽ വീടിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം
text_fieldsമണിമല (കോട്ടയം): വീടിന് തീപിടിച്ച് വയോധിക മരിച്ചു. മണിമല പാറവിളയിൽ സെൽവരാജന്റെ ഭാര്യ മേരിയാണ് (രാജമ്മ -72) മരിച്ചത്. പരിക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ ബിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൽവരാജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിനീഷിന്റെ ഒടിവുള്ള കാലിന് പ്ലാസ്റ്ററിട്ട ശേഷം വിട്ടയച്ചു.
ഹോളി മാഗി ഫൊറോന പള്ളിക്ക് പിന്നിലുള്ള വീട്ടിൽ വെള്ളിയാഴ്ച പുലർച്ച 12.30ഓടെയാണ് തീപിടിത്തം. വീടിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. ഇവിടെയായിരുന്നു സെൽവരാജും മേരിയും കിടന്നിരുന്നത്. ബിനീഷും ഭാര്യ ലോഹ്യയും മക്കളായ ഹാരോണും ഹർഷയും മുകൾനിലയിലായിരുന്നു. എന്തോ കരിഞ്ഞ് മണക്കുന്നതായി തോന്നിയ ബിനീഷ് വാതിൽ തുറന്നു നോക്കുമ്പോൾ താഴത്തെ നിലയിൽനിന്ന് തീയും പുകയുമാണ് കണ്ടത്. പുകയും ചൂടും കാരണം ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഭാര്യയെയും മക്കളെയും മുകളിലത്തെ നിലയിൽ നിർത്തിയ ബിനീഷ് രണ്ടാം നിലയിൽനിന്ന് ചാടി. ഇതിലാണ് ബിനീഷിന്റെ കാലിന് പരിക്കേറ്റത്. ബിനീഷിന്റെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തി. മുകളിലെത്തെ നിലയിൽനിന്ന് ചാടിയ ലോഹ്യയെയും മക്കളെയും നാട്ടുകാർ പിടിച്ചതിനാൽ രക്ഷപ്പെട്ടു. മുൻവാതിലും അടുക്കള വാതിലും സ്റ്റീൽ ആയിരുന്നതിനാൽ എളുപ്പത്തിൽ തുറക്കാൻ കഴിയുമായിരുന്നില്ല.
നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്ന് വാതിൽ തുറന്ന് ഇരുവരെയും പുറത്തെത്തിച്ചു. പുക ശ്വസിച്ച് ഇരുവരും അബോധാവസ്ഥയിലായിരുന്നു. തീപിടിച്ചിരുന്നില്ല. ഇരുവരെയും ആദ്യം മണിമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മേരി മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് സംശയിക്കുന്നു. തീപിടിത്തത്തിൽ വീട്ടിലെ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളുമടക്കം എല്ലാം കത്തി നശിച്ചു. വിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷ സേന എത്തിയെങ്കിലും വാഹനം വീടിന് സമീപത്തേക്ക് അടുപ്പിക്കാൻ പറ്റാത്തതിനാൽ ഏറെ ദൂരം നടന്നാണ് ഉദ്യോഗസ്ഥർ എത്തിയത്. നാട്ടുകാർ കിണറ്റിൽനിന്ന് വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.സെൽവരാജും മക്കളായ ബിനീഷും ബിനുവും കെട്ടിട നിർമാണ തൊഴിലാളികളാണ്.
വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ മാർത്താണ്ഡത്തു നിന്നാണ് ഇവർ മണിമലയിലെത്തിയത്. ബിനീഷ് പണി തീർത്ത വീട്ടിൽ കഴിഞ്ഞ മേയ് ഒന്നിനാണ് താമസം ആരംഭിച്ചത്. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മണിമല ഹോളി മാഗി പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.