സ്ത്രീശാക്തീകരണം: കുവൈത്ത് മുന്നേറ്റപാതയിൽ -സ്റ്റേറ്റ് സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: സ്ത്രീ ശാക്തീകരണത്തിൽ കുവൈത്ത് മുന്നേറ്റ പാതയിലെന്ന് കുവൈത്ത് സ്റ്റേറ്റ് ഫസ്റ്റ് സെക്രട്ടറി ഫഹദ് ഹാജി. ഐക്യരാഷ്രടസഭ (യു.എൻ) സുരക്ഷ കൗൺസിലിൽ സ്ത്രീ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള സംവാദത്തിലാണ് ഫഹദ് ഹാജിയുടെ പരാമർശം. ദേശീയ ഭരണഘടനയ്ക്കും 2030ലെ യു.എൻ സുസ്ഥിര വികസന പദ്ധതിയുടെ ലക്ഷ്യങ്ങൾക്കും അനുസൃതമായി സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള ശ്രമങ്ങൾ കുവൈത്ത് ഭരണകൂടം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
1990ലെ ഇറാഖി അധിനിവേശ കാലത്ത് കുവൈത്ത് വനിതകൾ വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അവർ തികഞ്ഞ ധീരതയോടെ അധിനിവേശക്കാരെ ചെറുത്തു. വികസനത്തിലും കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിലും വിവിധതലങ്ങളിൽ അവരുടെ പങ്കും സംഭാവനകളും വ്യക്തമായി. സ്ത്രീകളുടെ നേട്ടങ്ങൾ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. 2005ലെ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കുന്നതിലും സ്ത്രീകൾ വിജയിച്ചു.
രാജ്യത്ത് അടുത്തിടെ നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ രണ്ടു വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതും മന്ത്രിസഭയിൽ മറ്റു രണ്ടു വനിതകൾ പദവികൾ വഹിക്കുന്നതും ഫഹദ് ഹാജി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ലോകം പരസ്പരബന്ധിതവും ഗുരുതര വെല്ലുവിളികൾ നേരിടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളുടെ പദവി പ്രോത്സാഹിപ്പിക്കുന്നത് പരമപ്രധാനമാണ്. കുവൈത്തിൽ അടുത്തിടെ സ്ത്രീ-ശിശുകാര്യ മന്ത്രാലയം സ്ഥാപിതമായത് സന്തുലിതവും പരസ്പര ബന്ധിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം ഉണർത്തി.
യുദ്ധം, കലഹം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ, ദുരന്തങ്ങൾ എന്നിവയുടെയെല്ലാം ആദ്യ ഇര സ്ത്രീകളാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴും തങ്ങളുടെ വിസ്മയിപ്പിക്കുന്ന കഴിവുകളാൽ പ്രയാസങ്ങളെ അഭിമുഖീകരിച്ച് ഉറച്ചുനിൽക്കാൻ കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്- ഹാജി പറഞ്ഞു. യു.എൻ.എസ്.സി പുറപ്പെടുവിച്ച പ്രസക്തമായ പത്തു പ്രമേയങ്ങൾ നടപ്പാക്കാൻ കൂടുതൽ പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണെന്നു സൂചിപ്പിച്ച അദ്ദേഹം ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതിൽ സ്ത്രീയെ പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.