യുദ്ധത്തിൽ വനിത മാസികയും ഒരായുധമാണ്
text_fieldsആയുധങ്ങൾ എളുപ്പത്തിൽ പിടിക്കാൻ സഹായകമാംവിധം നഖങ്ങളിലെ അക്രിലിക് എങ്ങനെ നീക്കം ചെയ്യാം?
ആർത്തവവും യുദ്ധവും, ഗൈനക്കോളജിസ്റ്റിന്റെ നിർദേശങ്ങൾ
വീടിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയാൽ എന്തു ചെയ്യണം
വീട്ടിലെ പ്രസവത്തിന് ഒരു വഴികാട്ടി
ഒളിവുകേന്ദ്രത്തിൽ എത്താൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ എവിടെ ഒളിക്കണം...
റഷ്യൻ അധിനിവേശം തുടങ്ങിയശേഷം യുക്രെയ്നിലെ വനിത പ്രസിദ്ധീകരണങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ചിലതിന്റെ തലക്കെട്ടുകളാണ് മുകളിൽ കൊടുത്തത്. ഏതാനും ആഴ്ചകൾ മുമ്പുവരെ മാരി ക്ലെയർ യുക്രെയ്ൻ, എല്ലി യുക്രെയ്ൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ വെബ്സൈറ്റ് നിറയെ ജീവിതശൈലീ ഫീച്ചറുകളും ഫാഷൻ ഡിസൈനർമാരുടെ അഭിമുഖങ്ങളും സിനിമകളെയും പുസ്തകങ്ങളെയുംകുറിച്ചുള്ള നിരൂപണങ്ങളും ലൈംഗികതാ കോളവും കരിയർ മാർഗനിർദേശവുമെല്ലാമായിരുന്നു. എന്നാൽ, രണ്ടാഴ്ചകൊണ്ട് എല്ലാം തീർത്തും മാറിയിരിക്കുന്നു. മുഖ്യധാര മാഗസിൻ വെബ്സൈറ്റുകളുടെയും ജനപ്രിയ ബ്ലോഗുകളുടെയും എഡിറ്റർമാർ ഇപ്പോൾ എഴുതുന്നത് പുതു യാഥാർഥ്യത്തിൽ ജീവിക്കുന്ന സ്ത്രീകൾക്കുവേണ്ടിയാണ്.
അതിജീവനത്തിനായി പൊരുതുന്നതിനെയും ആയുധമേന്തുന്നതിനെയും കുഞ്ഞുങ്ങളുമായി അതിർത്തി കടക്കുന്നതിനെയും ആയുധവർഷം തുടരുന്ന നഗരത്തിൽ ബോംബ് ഷെൽട്ടറിനുള്ളിൽ കുഞ്ഞുങ്ങൾക്ക് ജന്മംനൽകുന്നതിനെക്കുറിച്ചുമെല്ലാമാണ് രചനകൾ. യുക്രെയ്ൻ പാർലമെന്റ് അംഗം ലെസിയ വസിലെൻകോ പറഞ്ഞത് തോക്കുകൾ പിടിക്കാനുള്ള സൗകര്യത്തിന് തന്റെ നഖങ്ങൾ മുറിച്ച് ക്രമപ്പെടുത്തിയെന്നാണ്. ഞാൻ യുദ്ധത്തിന് തയാറെടുത്തിരുന്നില്ല. അവസാന നിമിഷം വരെ റഷ്യ ഞങ്ങളെ ആക്രമിക്കുമെന്ന വിശ്വാസമെനിക്കില്ലായിരുന്നു. ആദ്യ രണ്ടു ദിവസം എന്തു ചെയ്യണമെന്നതിനെപ്പറ്റി ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ, പിന്നെയാണ് നമ്മുടെ കൈയിൽതന്നെ വലിയ ഒരു ആയുധം ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്.
സ്ത്രീകൾക്ക് സൈനിക അധിനിവേശവേളയിലെ സംശയങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തി നൽകാൻ തുടങ്ങി. ഗൂഗ്ളിനുപോലും മറുപടി നൽകാൻ കഴിയാത്ത കാര്യങ്ങളിൽ വായനക്കാരികൾക്ക് വിദഗ്ധരിൽനിന്നുള്ള പിന്തുണയും ഉത്തരങ്ങളും ആവശ്യമായിരുന്നു -മാരി ക്ലെയർ യുക്രെയ്ൻ എഡിറ്റർ ഇൻ ചീഫ് ഐറിന റ്റാറ്റരെൻകോ പറയുന്നു. കിയവിലെ മെട്രോയിൽ ഒരു യുവതി കുഞ്ഞിന് ജന്മം നൽകിയതോടെ ഇതേക്കുറിച്ചും സ്ത്രീകൾക്ക് കൃത്യമായ മാർഗ നിർദേശം നൽകേണ്ടതുണ്ടെന്ന് ബോധ്യമായി. സകലയിടങ്ങളിലും ബോംബ് വർഷം തുടരുന്നതിനാൽ ഇപ്പോൾ പ്രസവാശുപത്രികൾപോലും സുരക്ഷിതമല്ല. റഷ്യൻ വാർത്തകൾ വളച്ചൊടിച്ചതും നുണകളുമായതിനാൽ വ്യാജവാർത്തകളെ എങ്ങനെ നേരിടണം എന്ന കാര്യവും ഞങ്ങളെഴുതി. പരിക്കേറ്റ സൈനികർക്ക് അത്യാവശ്യമാകയാൽ രക്തദാനത്തിനുള്ള മാർഗനിർദേശവും പ്രസിദ്ധീകരിച്ചു.
ബോംബിങ്ങിൽനിന്ന് രക്ഷതേടി ഞങ്ങളുടെ ഫാഷൻ എഡിറ്റർ അന്ന ദിവസം മുഴുവൻ ബങ്കറിനുള്ളിലായിരുന്നു. അത് വല്ലാത്ത മനഃശാസ്ത്രപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അത്തരം സന്ദർഭങ്ങളിലെ ആശങ്കകളെയും വൈഷമ്യങ്ങളെയും എങ്ങനെ മറികടക്കണമെന്ന് വിദഗ്ധരുടെ കുറിപ്പുകൾ നൽകാൻ തുടങ്ങിയത് അതു മുതലാണ്.
സമകാലിക യുക്രെയ്ൻ വനിതകളെയോർത്ത് ഞാൻ അഭിമാനംകൊള്ളുന്നു. ഞങ്ങളുടെ ബ്രാൻഡ് മാനേജർ കാറ്ററീനയും ഫോട്ടോഗ്രാഫർ ലിസയും കള്ളപ്രചാരണങ്ങൾക്കെതിരെ ഒരു വിവരയുദ്ധംതന്നെയാണ് നടത്തുന്നത്. ബ്യൂട്ടി എഡിറ്റർ ഒൾഗ രക്തം ദാനം ചെയ്തു, പ്രാദേശിക പ്രതിരോധസേനയിൽ പേരു നൽകിയിട്ടുണ്ട്, ഒപ്പം വെബ്സൈറ്റിനുവേണ്ടി വാർത്തകളുമെഴുതുന്നു.പെരുകുന്ന യുദ്ധക്കുറ്റങ്ങൾ നേരിൽ റിപ്പോർട്ട് ചെയ്യുന്നു ഒരു സഹപ്രവർത്തക, അറിയപ്പെടുന്ന ഒരു ഫാഷൻ ജേണലിസ്റ്റ് യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമപ്രവർത്തകരെ ഏകോപിപ്പിക്കുന്നു. വിവിധ നഗരങ്ങളിൽനിന്ന് ദ്വിഭാഷികളെ സംഘടിപ്പിക്കുന്നു.
ഒരു മുൻനിര വാർത്ത അവതാരക അണ്ടർഗ്രൗണ്ട് കാർ പാർക്കിങ്ങിൽനിന്ന് വാർത്ത റിപ്പോർട്ടിങ് തുടരുന്നു- സാധ്യമായ എല്ലാ മാർഗങ്ങളിൽനിന്നും ഞങ്ങൾ ശത്രുവിനെ എതിരിടുന്നുണ്ട്. ലൈഫ്‌സ്‌റ്റൈൽ ജേണലിസവും രാഷ്ട്രീയവും പരസ്പര വിരുദ്ധമായിരിക്കേണ്ടതില്ല. 2014ൽ പ്രസിഡന്റ് വിക്ടർ യാനുകോവിച് യൂറോപ്യൻ യൂനിയനുമായി രാഷ്ട്രീയ ബന്ധത്തിനും സ്വതന്ത്ര വ്യാപാര കരാറിനും വിസമ്മതിച്ച ഘട്ടത്തിൽ മൈദാൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുമ്പ് ജോലിചെയ്ത വിവ എന്ന ഗ്ലോസി മാസിക വിപ്ലവത്തെ സജീവമായി പിന്തുണച്ചിരുന്നു. അന്നു മുതലാണ് ഞാൻ രാഷ്ട്രീയക്കാരിയായത് -ഐറിന പറയുന്നു.
(ബ്രിട്ടനിലെ ഐ ന്യൂസിൽ ആക്ടിങ് ഒപീനിയൻ എഡിറ്ററാണ് കെസിയ ഡെൽഗാഡോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.