'തൊഴിലാളികൾ ഒരുമിച്ച് നിന്നാൽ ആരെയും പരാജയപ്പെടുത്താം'; കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്കൻ നിയമനിർമാതാവ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് യു.എസ് കോൺഗ്രസ് അംഗം ആൻഡി ലെവിൻ. 'ഒരു വർഷത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം ഇന്ത്യയിലെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് കണ്ടതിൽ സന്തോഷമുണ്ട്.
ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും തൊഴിലാളികൾ ഒരുമിച്ച് നിന്നാൽ, അവർക്ക് കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പരാജയപ്പെടുത്താനും പുരോഗതി കൈവരിക്കാനും കഴിയും എന്നതിന്റെ തെളിവാണിത്' -യു.എസ് നിയമനിർമാതാവ് ആൻഡി ലെവിൻ ട്വീറ്റിൽ പറഞ്ഞു.
അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ആൻഡി ലെവിൻ മിഷിഗണിലെ 9-മത് കോൺഗ്രസ് ഡിസ്ട്രിക്റ്റിന്റെ യു.എസ് പ്രതിനിധിയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗമാണ് ഇദ്ദേഹം.
മഴയും മഞ്ഞും വെയിലും ഒപ്പം ഭീഷണികളും വകവെക്കാതെ ഒരു വർഷമായി ഡൽഹി അതിർത്തിയിൽ സമരം നടത്തുന്നവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വന്ന സർക്കാർ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രാജ്യത്തെ അറിയിക്കുകയായിരുന്നു. കർഷകസമരം പിടിച്ചുലച്ച ഉത്തർപ്രദേശിലും പഞ്ചാബിലും നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അമ്പരപ്പിച്ച പ്രഖ്യാപനം.
''രാജ്യത്തോട് മാപ്പപേക്ഷിച്ചു ആത്മാർഥമായും ശുദ്ധ ഹൃദയത്തോടെയും ഒന്നു പറയാനുണ്ട്. ഞങ്ങളുടെ സമർപ്പണത്തിൽ പോരായ്മയുണ്ടാകാം. കർഷക സഹോദരങ്ങളോട് സത്യം വിശദീകരിക്കാൻ സാധിച്ചില്ല. ഇത് ഒരാളെയും കുറ്റപ്പെടുത്തേണ്ട സമയമല്ല. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചതായി അറിയിക്കുകയാണ്. ഇൗ മാസാവസാനം തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ മൂന്നു നിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്രമം പൂർത്തിയാക്കും''- വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംേബാധന ചെയ്ത് പറഞ്ഞു.
വീടുകളിലേക്കും കുടുംബങ്ങളിലേക്കും വയലുകളിലേക്കും മടങ്ങാൻ സമരക്കാരോട് അദ്ദേഹം കൈകൂപ്പി അഭ്യർഥിച്ചു. എല്ലാ കർഷകരെയും പുതിയ നിയമങ്ങൾ ബോധ്യപ്പെടുത്താൻ കഴിയാത്തതിൽ ഖേദിക്കുന്നു. ഒരു വിഭാഗം മാത്രമാണ് നിയമങ്ങളെ എതിർത്തതെന്നും അവരെ ബോധവത്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി.
ഉത്തർപ്രദേശിൽ നിരവധി പദ്ധതികളുടെയും പരിപാടികളുടെയും പ്രഖ്യാപനം നിർവഹിച്ചു വന്നശേഷമായിരുന്നു മോദിയുടെ കർഷകനിയമം പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവന. തൊട്ടുപിറകെ പ്രധാനമന്ത്രി വീണ്ടും യു.പിയിലേക്കു പോയി. ചരിത്രസമരത്തിെൻറ നിർണായക വിജയത്തിൽ മധുരം നൽകി അതിർത്തിയിൽ കർഷകർ ആഹ്ലാദം പ്രകടിപ്പിച്ചു. തങ്ങളുന്നയിച്ച മറ്റ് ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് സംയുക്ത കർഷക സമിതി പ്രസ്താവിച്ചു. സർക്കാറിനേറ്റ കനത്ത ആഘാതമായി സമൂഹമാധ്യമങ്ങൾ പിന്മാറ്റം ആഘോഷിച്ചു.
പത്തു വട്ടം കർഷകരുമായി ചർച്ച നടത്തിയിട്ടും വിവാദനിയമങ്ങൾ പിൻവലിക്കില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തശേഷമായിരുന്നു കേന്ദ്രത്തിന്റെ നാടകീയ പിന്മാറ്റം. കർഷകരും പ്രതിപക്ഷവും ഒരുപോലെ എതിർത്തുകൊണ്ടിരിക്കുേമ്പാഴും കർഷകരുടെ ഗുണത്തിനുവേണ്ടിയുള്ള നിയമങ്ങളാണെന്ന് സർക്കാറിനൊപ്പം നിന്ന് ന്യായീകരിച്ചവർക്കും ഈ പിന്മാറ്റം പ്രഹരമായി. പുതിയ നിയമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത കോർപറേറ്റ് ലോകം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നടുക്കം പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.