ചികിത്സക്കുപോലും നിയന്ത്രണങ്ങൾ; ഫലസ്തീനികൾ കടുത്ത ദുരിതത്തിലെന്ന് ലോക ബാങ്ക്
text_fieldsജറൂസലം: ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ നിയന്ത്രണങ്ങൾ, ഫലസ്തീനികൾക്ക് ആശുപത്രിയിലെത്തുന്നതിനുപോലും പ്രയാസമുണ്ടാക്കുന്നതായി ലോക ബാങ്ക്. സഞ്ചാരം സാധ്യമാകാത്തതുമൂലം സാമ്പത്തിക സ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് ലോക ബാങ്ക് റിപ്പോർട്ടിൽ വ്യക്തമാക്കി. സാധ്യതകൾ ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയിലാണ് ഫലസ്തീൻ സമ്പദ്വ്യവസ്ഥ. ആളോഹരി വരുമാനം മന്ദീഭവിച്ച അവസ്ഥയിലാണ്. പട്ടിണിനിരക്ക് ഉയരുന്നു. ഫലസ്തീനിലെ നാലിലൊരാൾ ദാരിദ്ര്യരേഖക്കു താഴെയാണ്. അധിനിവേശ ഗസ്സയിലെ സഞ്ചാര, വ്യാപാര വിലക്ക്, ഗസ്സചീന്തിലെ ഉപരോധം തുടങ്ങി നിരവധി പ്രശ്നങ്ങൾ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണ്. നിരവധി കടമ്പകൾ കടന്നുവേണം ചികിത്സ തേടാൻ. ഇത് സാധാരണ അസുഖങ്ങളുള്ളവരെയും ഗുരുതര രോഗങ്ങളുള്ളവരെയും ബാധിക്കുന്നു. ഗസ്സയിലാണ് ഏറ്റവും ദുരിതം. ഇവിടെ ചികിത്സസൗകര്യങ്ങൾ കുറവാണ്. സമയത്ത് ചികിത്സക്കുള്ള പെർമിറ്റ് കിട്ടാതെ പലരും നരകിക്കുകയാണിവിടെ. പെർമിറ്റിനുള്ള കാത്തിരിപ്പുമൂലം പലർക്കും ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽനിന്നും ഗസ്സയിൽനിന്നും നിരവധി ഫലസ്തീനികൾ ഇസ്രായേലിൽ ചികിത്സക്കായി പോകാറുണ്ട്. ഇതിനുള്ള നൂലാമാലകൾ പലപ്പോഴും നീണ്ടുപോവുകയാണ് പതിവ്. കഴിഞ്ഞ വർഷം 1,10,000 വെസ്റ്റ് ബാങ്ക് താമസക്കാർക്കും 17,000 ഗസ്സ നിവാസികൾക്കുമാണ് ഇസ്രായേൽ ചികിത്സ തേടാനുള്ള പെർമിറ്റ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.