ഇന്നലെ മാത്രം രണ്ട് ലക്ഷത്തോളം കേസുകൾ; ലോകത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ...
text_fieldsകോവിഡ് 19 വ്യാപനത്തിന് ലോകത്താകമാനം ശമനം സംഭവിച്ചിരിക്കുകയാണ്. രാജ്യങ്ങൾ യാത്രാ വിലക്കുകൾ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതേസമയം ചൈനയുൾപ്പെടെ ഏതാനും രാജ്യങ്ങൾ ലോക്ഡൗൺ ഇപ്പോഴും നടപ്പാക്കിക്കൊണ്ട് സീറോ കോവിഡ് എന്ന ലക്ഷ്യത്തിലേക്കാണ്.
കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന വേൾഡോമീറ്റർ വെബ്സൈറ്റിലെ ഡാറ്റ പ്രകാരം ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 64,06,70,387 ആണ്. 6,61,6647 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായി ഇപ്പോഴും ചികിത്സയിലുള്ളവരാകട്ടെ 1,35,99,531 ആണ്.
കഴിഞ്ഞ മാർച്ചിന് ശേഷം ലോകത്താകമാനം പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. എന്നാലും, കഴിഞ്ഞ ദിവസം ആകെ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 1,98,076 ആണ്. യൂറോപ്യൻ രാജ്യമായ ജർമനിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ -47,180. ജപ്പാനിൽ 37,555ഉം ദക്ഷിണ കൊറിയയിൽ 23,765ഉം യു.എസിൽ 13,999ഉം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇത് 474 കേസുകൾ മാത്രമാണ്.
യൂറോപ്പിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലുമാണ് പ്രതിദിന കേസുകൾ കൂടുതലായി കാണുന്നത്. തയ്‍വാനിൽ 16,602ഉം ഇന്തൊനേഷ്യയിൽ 4408ഉം മലേഷ്യയിൽ 1749ഉം സിംഗപ്പൂരിൽ 1312ഉം ഹോങ്കോങ്ങിൽ 6014ഉം പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
ലോകത്താകമാനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് യു.എസിലാണ്. 9.99 കോടി കേസുകൾ. രണ്ടാമതുള്ള ഇന്ത്യയിൽ ഇത് 4.46 കോടിയാണ്. ഫ്രാൻസ് 3.71 കോടി, ജർമനി 3.60 കോടി, ബ്രസീൽ 3.49 കോടി എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ.
കോവിഡ് ഏറ്റവുമാദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ 2,73,762 ആണ് ആകെ കേസുകൾ. ഇന്നലെ 1794 പുതിയ കേസുകളുണ്ടായി.
ഇന്ത്യയിൽ സജീവ രോഗികളുടെ എണ്ണം 7918 ആയി കുറഞ്ഞിരിക്കുകയാണ്. 98.79 ശതമാനമാണ് രോഗമുക്തി നിരക്ക്. 219.8 കോടി ഡോസ് വാക്സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.