ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റ് ഇസ്മായിൽ ഖാദിരി അന്തരിച്ചു
text_fieldsടിരാന: ലോകപ്രശസ്ത അൽബേനിയൻ നോവലിസ്റ്റും നാടകകൃത്തുമായ ഇസ്മായിൽ ഖാദിരി അന്തരിച്ചു. 88 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച ടിറാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അൽബേനിയയിലെ കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തെ നിരവധി കാലം വിമർശിച്ച എഴുത്തുകാരനായിരുന്നു ഖാദിരി. ‘ജനറൽ ഓഫ് ദി ഡെഡ് ആർമി’ എന്ന നോവലിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 1963ൽ കമ്യൂണിസ്റ്റ് ഏകാധിപതി എൻവർ ഹോക്സയുടെ സർക്കാർ അൽബേനിയ ഭരിച്ചിരുന്ന കാലത്താണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
1990ലെ വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിന് ഏതാനും മാസം മുമ്പ് ഖാദിരി അൽബേനിയയിൽനിന്ന് ഫ്രാൻസിലേക്ക് പലായനം ചെയ്തു. പിന്നീട് വർഷങ്ങളോളം പാരിസിൽ കഴിഞ്ഞ അദ്ദേഹം ഈയടുത്താണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. നാടുവിട്ട ഖാദിരിയെ രാജ്യദ്രോഹിയായാണ് അൽബേനിയയിലെ കമ്യൂണിസ്റ്റ് നേതാക്കൾ മുദ്രകുത്തിയത്.
2005ലെ മാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഖാദിരിയെ തേടിയെത്തിയിട്ടുണ്ട്. 2015ൽ ജറൂസലം പ്രൈസ്, 2009ൽ പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് പ്രൈസ്, കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള അമേരിക്കൻ ലിറ്ററേച്ചർ പുരസ്കാരം എന്നിവയും നേടി. 80ലേറെ നോവലുകൾക്ക് പുറമെ കവിതകളും ലേഖനങ്ങളും തിരക്കഥകളുമുൾപ്പെടെ രചിച്ച അദ്ദേഹം 15 തവണ സാഹിത്യ നൊബേലിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്മായിൽ ഖാദിരിയുടെ പല നോവലുകളും മലയാളത്തിലേക്കും മറ്റു നിരവധി ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.