ആത്മാർഥ സുഹൃത്തിന്റെ ചരിത്രം കുറിച്ച മടങ്ങിവരവ്; ട്രംപിനെ അഭിനന്ദിച്ച് നെതന്യാഹുവും മാക്രോണും ഉൾപ്പെടെയുള്ള നേതാക്കൾ
text_fieldsവാഷിങ്ടൺ: യു.എസിന്റെ 47ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെയുള്ള ലോകനേതാക്കൾ. ചരിത്രപരമായ മടങ്ങിവരവ് എന്നാണ് ട്രംപിന്റെ വൈറ്റ്ഹൗസിലേക്കുള്ള തിരിച്ചുവരവിനെ നെതന്യാഹു വിശേഷിപ്പിച്ചത്. ''ചരിത്രപരമായ തിരിച്ചുവരവ് നടത്തിയതിന് പ്രിയപ്പെട്ട ഡോണൾഡ് ട്രംപിനും മെലാനിയ ട്രംപിനും അഭിനന്ദനം. വൈറ്റ്ഹൗസിലേക്കുള്ള നിങ്ങളുടെ ചരിത്രപരമായ മടങ്ങിവരവ്, അമേരിക്കക്ക് പുതിയ തുടക്കം സമ്മാനിക്കും. ഈ വിജയം അമേരിക്കയും ഇസ്രായേലും തമ്മിലുള്ള മഹത്തായ സഖ്യത്തിന് ശക്തമായ പ്രതിബദ്ധത വർധിപ്പിക്കും. വളരെ വലിയ വിജയമാണിത്. താങ്കൾക്കൊപ്പം എക്കാലത്തേയും യഥാർഥ സുഹൃത്ത് ബിന്യമിനും സാറ നെതന്യാഹുവും''-എന്നാണ് നെതന്യാഹു ട്രംപിനെ അഭിനന്ദിച്ച് എക്സിൽ കുറിച്ചത്.
ഇനിയുള്ള നാലുവർഷം ഒരുമിച്ച് പ്രവർത്തിക്കാൻ തയാർ എന്നാണ് ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് മാക്രോൺ എക്സിൽ കുറിച്ചത്. നിങ്ങളുടെയും എന്റെയും ബോധ്യങ്ങൾക്കൊപ്പം. ആദരവോടെയും അഭിലാഷത്തോടെയും. കൂടുതൽ സമാധാനത്തിനും സമൃദ്ധിക്കും...ആശംസ കുറിപ്പിൽ മാക്രോൺ സൂചിപ്പിച്ചു. ആരെയും പ്രചോദിപ്പിക്കുന്ന ചരിത്ര വിജയമെന്ന് പറഞ്ഞാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ട്രംപിനെ അഭിനന്ദിച്ചത്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാൻ ട്രംപ് കൂടെയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും സെലൻസ്കി പ്രകടിപ്പിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, റഷ്യൻ മുൻ പ്രധാനമന്ത്രി ദിമിത്രി മെദ്‍വദേവ് എന്നിവരും ട്രംപിനെ അഭിനന്ദിച്ചു.അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.