യുക്രെയ്ൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: റഷ്യക്കെതിരെ ലോകം പ്രതികരിക്കണം -സെലൻസ്കി
text_fieldsകിയവ്: യുക്രെയ്ൻ റെയിൽവേ സ്റ്റേഷനിൽ മിസൈലാക്രമണം നടത്തിയ റഷ്യക്കെതിരെ ലോകം ശക്തമായി പ്രതികരിക്കണമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. കിഴക്കൻ യുക്രെയ്നിലെ ക്രമാറ്റോർസ്കിൽ റെയിൽവേ സ്റ്റേഷനിൽ മിസൈലാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് റഷ്യ. ബുച്ചയടക്കമുള്ള യുക്രെയ്ൻ നഗരങ്ങളിൽ കൂട്ടക്കുരുതി നടത്തുന്ന റഷ്യയെ അന്താരാഷ്ട്ര കോടതിയിൽ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യുക്രെയ്നിൽ സിവിലിയന്മാരെ ലക്ഷ്യംവെക്കുന്ന റഷ്യ യുദ്ധക്കുറ്റങ്ങൾക്ക് അന്താരാഷ്ട്ര കോടതിയിൽ വിചാരണ നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് അർസുല വോൺ ദെർ മുന്നറിയിപ്പു നൽകി. ആക്രമണത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യക്കെതിരെ രംഗത്തുവന്നു.
റഷ്യൻ മിസൈൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്ൻ തെക്കൻ മേഖലയിലെ ഒഡേസ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നിർത്തിവെക്കാൻ തയാറാകാത്ത റഷ്യക്കെതിരെ കൽക്കരി ഇറക്കുമതി നിരോധനമടക്കം കൂടുതൽ ഉപരോധങ്ങൾക്കൊരുങ്ങുകയാണ് യൂറോപ്യൻ യൂനിയൻ. ആംനസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൻറൈറ്റ്സ് വാച്ച് അടക്കമുള്ള 15 വിദേശ സംഘടനകളുടെ രജിസ്ട്രേഷൻ റഷ്യ റദ്ദാക്കി.
സൈന്യത്തെ ഉടച്ചുവാർത്ത് റഷ്യ യുക്രെയ്നിൽ കാര്യമായ മുന്നേറ്റം തുടരാനാകാത്ത സാഹചര്യത്തിൽ റഷ്യൻ സൈന്യത്തെ പുനഃസംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ജന. അലക്സാണ്ടർ ഡിവോർനികോവിനാണ് സമ്പൂർണ ചുമതല. സിറിയയിൽ റഷ്യൻ സൈനികനീക്കത്തിൽ പരിശീലനം സിദ്ധിച്ച വ്യക്തിയാണിദ്ദേഹം. ശനിയാഴ്ച ഒഴിപ്പിക്കലിനായി റഷ്യ 10 മാനുഷിക ഇടനാഴികൾ അനുവദിച്ചതായി യുക്രെയ്ൻ അറിയിച്ചു.
റഷ്യൻ പാർലമെന്റ് ചാനലിന് യൂട്യൂബ് വിലക്ക്
റഷ്യൻ പാർലമെന്റ് ഡ്യൂമയുടെ ചാനലിന് യൂട്യൂബ് വിലക്ക്. വിലക്ക് നീക്കണമെന്ന് സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് വാച്ച്ഡോഗ് ആവശ്യപ്പെട്ടു. അതിനിടെ, ഈസ്റ്ററിനു ശേഷം യുക്രെയ്നിലെ എംബസി തുറക്കുമെന്ന് ഇറ്റലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.