ലോകരാജ്യങ്ങൾ താലിബാനുമായി ബന്ധം പുലർത്തണം, വഴികാട്ടണം -യു.എസിനോട് ചൈന
text_fieldsബൈജിങ്: അഫ്ഗാനിസ്താനിലെ സാഹചര്യങ്ങൾക്ക് അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണെന്നും താലിബാനുമായി എല്ലാവരും ബന്ധം പുലർത്തണമെന്നും യു.എസിനോട് ചൈന. യു.എസ് ഉൾപ്പെടുന്ന അന്താരാഷ്ട്ര സമൂഹം സാമ്പത്തികവും മാനുഷികവുമായ സഹായം നൽകി താലിബാന് വഴികാട്ടണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനോട് ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു.
അഫ്ഗാനിൽ നിന്ന് വിവിധ രാഷ്ട്രങ്ങൾ സൈനികരെ മുഴുവനായി പിൻവലിക്കുന്നത് ഭീകരസംഘങ്ങൾ വീണ്ടും ശക്തിപ്രാപിക്കുന്നതിന് കാരണമാകുമെന്നും വാങ് യി പറഞ്ഞു. അഫ്ഗാനിസ്താന് അടിയന്തിരമായി ആവശ്യമായ സാമ്പത്തിക, ഉപജീവനമാര്‍ഗവും മാനുഷിക സഹായവും നല്‍കാന്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പുതിയ അഫ്ഗാന്‍ രാഷ്ട്രീയ ഘടന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്‍ത്തുക, സാമൂഹിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക, കറന്‍സി മൂല്യത്തകര്‍ച്ച തടയുക, വിലക്കയറ്റം തടയുക, നേരത്തെമുതലുള്ള സമാധാനപരമായ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കായി യുഎസും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വാങ് പറഞ്ഞു.
അമേരിക്കയുടെ പിന്മാറ്റത്തിന് ശേഷം വിദേശ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന ഉറപ്പ് താലിബാനിൽ നിന്ന് ലഭിക്കാനായി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഇടപെടുമെന്നാണ് കരുതുന്നതെന്ന് ബ്ലിങ്കൻ പറഞ്ഞു. തീവ്രവാദ ആക്രമണങ്ങളുടെയും ഭീകരവാദത്തിന്‍റെയും കേന്ദ്രമായി അഫ്ഗാൻ മാറില്ലെന്ന് ഉറപ്പ് നൽകാൻ താലിബാനോട് ആവശ്യപ്പെടണമെന്നും ബ്ലിങ്കൻ പറഞ്ഞു.
അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സൈന്യം ആഗസ്റ്റ് 31നകം പൂർണമായും പിന്മാറുമെന്നാണ് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് ചൈനയും യു.എസും അഫ്ഗാനിലെ സ്ഥിതിഗതികൾ വിശകലനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.