ഗസ്സ വംശഹത്യ: അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയോട് വിവിധ രാജ്യങ്ങളുടെ പ്രതികരണം ഇങ്ങനെ
text_fieldsഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വിധിച്ചത്. ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ ഇടക്കാല വിധിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ചത്. ഗസ്സക്ക് ആവശ്യമായ മാനുഷിക സഹായം നൽകാൻ ഇസ്രായേൽ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും കോടതി വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം ഇസ്രായേലിനോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, വെടിനിർത്തലിന് ഉത്തരവുണ്ടാകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കോടതി ജഡ്ജി ജോവാൻ ഡോനോഗാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയും രണ്ടാം ദിവസം ഇസ്രായേലുമാണ് തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചത്. ഈ മാസം 11, 12 തീയതികളിലായിരുന്നു വിചാരണ. ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യ തന്നെയെന്നതിന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി. നേരത്തേ ആസൂത്രണംചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്കക്കുവേണ്ടി ഹാജരായ അഭിഭാഷക ആദില ഹാശിം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയോട് വിവിധ ലോകരാജ്യങ്ങളുടെ പ്രതികരണം ഇങ്ങനെ
ഫലസ്തീൻ
അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലികി സ്വാഗതം ചെയ്തു. ഒരു രാഷ്ട്രവും നിയമത്തിന് അതീതരല്ലെന്ന് പ്രസ്താവിക്കുന്നതാണെന്ന് വിധി. വംശഹത്യ തടയുന്ന 1948ലെ കൺവെൻഷനിലെ ധാരണകൾ തങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഇസ്രായേലിന് തെളിയിക്കാനായിട്ടില്ല. ഇസ്രായേലിന്‍റെ രാഷ്ട്രീയനീക്കവും വ്യതിയാനങ്ങളും അങ്ങേയറ്റത്തെ നുണകളും കോടതി കണ്ടു. എല്ലാ രാജ്യങ്ങളും, ഇസ്രായേൽ ഉൾപ്പെടെ, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ ബഹുമാനിക്കണമെന്ന് ഫലസ്തീൻ ആവശ്യപ്പെടുന്നു -വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അങ്ങേയറ്റം അതിശയകരമാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രായേൽ മറ്റൊരിക്കലുമില്ലാത്ത വിധത്തിലുള്ള യുദ്ധത്തിലാണ് പോരാടുന്നതെന്നും നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഇസ്രായേൽ രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനായി പൊരുതും.
ദക്ഷിണാഫ്രിക്ക
അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ 'നിർണായ വിജയം' എന്നാണ് ദക്ഷിണാഫ്രിക്ക വിശേഷിപ്പിച്ചത്. വിധിയെ സ്വാഗതം ചെയ്ത ദക്ഷിണാഫ്രിക്ക, ഇസ്രായേൽ വിധി അനുസരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും പറഞ്ഞു. ഫലസ്തീൻ ജനതക്ക് നീതിനൽകുന്നതിൽ നിർണായക നാഴികക്കല്ലാണിത്. ഗസ്സയിലെ ജനതയുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തനം തുടരും.
വിധി അംഗീകരിക്കുന്നെങ്കിൽ ഇസ്രായേൽ ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി നലേദി പാൻഡോർ പറഞ്ഞു. വെടിനിർത്തൽ കൂടാതെ എങ്ങനെയാണ് നിങ്ങൾ കുടിവെള്ളവും സഹായവും നൽകുക. കോടതി വിധി വായിക്കുകയാണെങ്കിൽ വെടിനിർത്തൽ എന്തായാലും നടപ്പിലാക്കേണ്ടിവരും -അദ്ദേഹം പറഞ്ഞു.
ഹമാസ്
ഏറെ പ്രധാനപ്പെട്ടതാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രായേലിനെ ഒറ്റപ്പെടുത്തുന്നതിലും ഗസ്സയിൽ അവർ ചെയ്യുന്ന കുറ്റങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനും വിധി പിന്തുണയേകും.
യു.എസ്
സ്വയം പ്രതിരോധത്തിനായി ഇസ്രായേലിന് നടപടിയെടുക്കാനുള്ള അവകാശമുണ്ടെന്ന തങ്ങളുടെ നിലപാടിനനുസൃതമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെന്ന് യു.എസ് പ്രതികരിച്ചു. വംശഹത്യയെന്ന ആരോപണത്തിന് അടിസ്ഥാനം കണ്ടെത്താനായിട്ടില്ല. വംശഹത്യയെന്ന് കോടതി പറയുകയോ വെടിനിർത്തലിന് വിധിക്കുകയോ ചെയ്തിട്ടില്ല. ഹമാസിന്‍റെ പിടിയിലുള്ള ബന്ദികളെ എത്രയും വേഗം നിരുപാധികം വിട്ടയക്കണമെന്നാണ് കോടതി പറഞ്ഞത് -യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു.
ഖത്തർ
ഇടക്കാലവിധിയെ ഖത്തർ സ്വാഗതംചെയ്തു. ഗസ്സക്കെതിരായ യുദ്ധത്തിൽ വംശഹത്യാവിരുദ്ധ കൺവെൻഷൻ പ്രകാരം അംഗീകരിച്ച ധാരണകൾ തെറ്റിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇസ്രായേൽ എല്ലാ മാർഗവും സ്വീകരിക്കണം. മാനവിക വിജയമായാണ് ഖത്തർ വിധിയെ കണക്കാക്കുന്നത്. നീതിന്യായത്തിന്‍റെയും അന്താരാഷ്ട്ര നിയമത്തിന്‍റെയും വിജയമായാണ് കാണുന്നതെന്നും ഖത്തർ പറഞ്ഞു.
ഈജിപ്ത്
ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന വിധിയെ ഈജിപ്ത് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതി സമാനമായ കേസുകളിൽ ചെയ്തത് പോലെ ഗസ്സയിലും വെടിനിർത്തലിന് ആവശ്യപ്പെടണമെന്ന കാര്യത്തിൽ പ്രതീക്ഷയോടെയാണ് മുന്നോട്ടുനോക്കുന്നതെന്നും ഈജിപ്ത് വ്യക്തമാക്കി.
തുർക്കിയ
വിധിയെ സ്വാഗതം ചെയ്ത തുർക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഗസ്സയിലെ സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ വിധി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കുമെതിരായ ആക്രമണത്തിന് അവസാനമുണ്ടാകും. മൂല്യമേറിയ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇറാൻ
ഇസ്രായേൽ അധികൃതരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് വിധിക്ക് പിന്നാലെ ഇറാൻ പ്രതികരിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ വിജയത്തിന് ദക്ഷിണാഫ്രിക്കയെയും ഫലസ്തീൻ ജനതയെയും അഭിനന്ദിച്ചു. ഇസ്രായേൽ എന്ന കപടരാഷ്ട്രത്തിലെ അധികൃതരാണ് ഇന്ന് ലോകത്തിലെ ഏറ്റവും വെറുക്കപ്പെടുന്നവർ. ഫലസ്തീൻ ജനതക്കെതിരായ വംശഹത്യക്കും യുദ്ധക്കുറ്റങ്ങൾക്കും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.