ഇസ്രായേൽ എന്ന ഭീകര രാഷ്ട്രത്തെക്കുറിച്ച് ലോകം അറിയണം -ഉർദുഗാൻ
text_fieldsഇസ്താംബൂൾ: ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം എന്താണ് എന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ലോകം അറിയണമെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ. ഇസ്രായേൽ അധിനിവേശം ആരംഭിച്ചശേഷം ഫലസ്തീന്‍റെ ഭൂപടം എങ്ങനെ മാറിയെന്ന് ലോകത്തെ കാണിക്കുന്നത് തങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്താംബൂളിെന്റ ഏഷ്യൻ, യൂറോപ്യൻ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയായ നോർത്ത് മർമറ മോട്ടോർവേയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സ വിഷയത്തിൽ വ്യാഴാഴ്ച നടന്ന യു.എൻ പൊതുസഭാ യോഗം വിജയകരമായിരുന്നുവെന്ന് ഉർദുഗാൻ വിശേഷിപ്പിച്ചു. ''തുർക്കി നയതന്ത്രജ്ഞനായ വോൾക്കൻ ബോസ്‌കീർ അധ്യക്ഷത വഹിച്ച സെഷനിൽ തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലത് കാവുസോഗ്ലുവും മറ്റ് വിദേശകാര്യ മന്ത്രിമാരും സംബന്ധിച്ചിരുന്നു. ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം 1947 മുതൽ ഫലസ്തീൻ പിടിച്ചടക്കുന്നതിനെക്കുറിച്ചും ഇന്ന് ഒരു ചെറിയ പ്രദേശമായി ഫലസ്തീൻ ചുരുങ്ങിയതിനെക്കുറിച്ചും അവർ സംസാരിച്ചു" -ഉർദുഗാൻ പറഞ്ഞു.
ഗസ്സയിൽ 11 ദിവസം നീണ്ടുനിന്ന ഇസ്രായേൽ അതിക്രമത്തിൽ 66 കുട്ടികളടക്കം 243 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങളും വീടുകളും വിദ്യാലയങ്ങളും റോഡുകളും തകർന്ന് തരിപ്പണമായി. ഹമാസിന്‍റെ പ്രത്യാക്രമണത്തിൽ ഇസ്രയേലിൽ 12 പേരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ഇസ്രായേലും ഫലസ്തീൻ ചെറുത്ത് നിൽപ് പ്രസ്ഥാനങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇതിനുപിന്നാലെ വിജയം ആഘോഷിക്കാൻ ഗസ്സ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമുള്ള ആയിരക്കണക്കിന് ഫലസ്തീനികൾ തെരുവുകളിലേക്ക് ഒഴുകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.