അഫ്ഗാനിലെ ജനജീവിതം പ്രതിസന്ധിയിൽ; വാഗ്ദാനം ചെയ്ത സഹായം ഉടൻ കൈമാറണം -യുഎൻ അഭയാർഥി ഏജൻസി
text_fieldsഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ മാനുഷിക പ്രതിസന്ധി ഗുരുതരമായി തുടരുകയാണെന്നും ലോകരാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്ത സഹായം ഉടൻ കൈമാറണമെന്നും യു.എൻ അഭയാർഥി ഏജൻസി. അയൽ രാജ്യങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയും വിഭവങ്ങളുടെ ദൗർലഭ്യവും തടസ്സം സൃഷ്ടിക്കുന്നതായും ഏജൻസി വ്യക്തമാക്കിയതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു.
'അഫ്ഗാനിലെ മാനുഷിക പ്രതിസന്ധി വളരെ ഗുരുതരമായി തുടരുകയാണ്. കൂടുതൽ അഭയാർഥികളെ സൃഷ്ടക്കാതിരിക്കാൻ അഫ്ഗാനിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്'' - യു.എൻ.എച്ച്.സി.ആർ (െഎക്യ രാഷ്ട്ര സഭ അഭയാർഥി കാര്യ ഹൈകമ്മീഷണർ) വക്താവ് ബാബർ ബലൂച് ഇസ്ലാമാബാദിൽ പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ സാമ്പത്തികമായി തകർന്നടിഞ്ഞ അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തശേഷം സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തിന് ലഭിച്ചിരുന്ന മിക്ക അന്താരാഷ്ട്ര സഹായങ്ങളും നിർത്തലാക്കി. ഏതാനും മാനുഷിക സഹായം മാത്രമാണ് ഇതിനപവാദം. സെൻട്രൽ ബാങ്കിന്‍റെ വിദേശത്തുള്ള ശതകോടിക്കണക്കിന് രൂപയുടെ ആസ്തികൾ മരവിപ്പിച്ചത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെയാകെ അവതാളത്തിലാക്കി.
'അഫ്ഗാനിലെ കാര്യങ്ങൾ മോശമായാൽ അത് ആ രാഷ്ട്രത്തിൽ മാത്രം ഒതുങ്ങില്ല. പതിറ്റാണ്ടുകളായി അഭയാർഥികൾ ആശ്രയിക്കുന്ന പാകിസ്താൻ, ഇറാൻ തുടങ്ങി മറ്റു പല രാജ്യങ്ങളെയും ഇത് ബാധിക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അഫ്ഗാനിലെ സഹായ പ്രവർത്തനങ്ങൾക്ക് 600 മില്യൺ ഡോളർ വേണം. അതിൽ 35 ശതമാനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. ജനീവയിൽ അടുത്തിടെ നടന്ന കോൺഫറൻസിൽ 100 കോടി ഡോളറിന്‍റെ സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. അത് യാഥാർത്ഥ്യമായാൽ കുറേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും' - ബാബർ ബലൂച് പറഞ്ഞു.
താലിബാൻ രാജ്യഭരണം ഏറ്റെടുത്ത ശേഷം പുതിയ വെല്ലുവിളികളും നേരിടുണ്ടെന്ന് ബലൂച് കൂട്ടിച്ചേർത്തു. വാണിജ്യ വിമാനങ്ങൾ സർവിസ് നിർത്തിയതിനാൽ സഹായമെത്തിക്കാൻ പ്രത്യേക വിമാനങ്ങളെയോ റോഡ് ഗതാഗതത്തെയോ ആശ്രയിക്കണം. അഫ്ഗാനിലേക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഉസ്ബെക്കിസ്താനിൽ ഹ്യുമാനിറ്റേറിയൻ ഹബ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ ഭരണകൂടവുമായി യുഎൻ ഏജൻസികൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അതിന്‍റെതായ ചില ശുഭസൂചനകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീജീവനക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുക എന്നത് സുപ്രധാനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.