‘മൂന്നാം ലോകയുദ്ധം ആരംഭിച്ചിരിക്കുന്നു’; റഷ്യൻ സഖ്യകക്ഷികളും അണിനിരന്നെന്ന് യുക്രെയ്ൻ മുൻ സൈനിക കമാൻഡർ
text_fieldsകീവ്: കഴിഞ്ഞ ദിവസം യുക്രെയ്നെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതോടെ പ്രദേശത്തെ സംഘർഷം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. ഇതിനു പിന്നാലെ, മൂന്നാം ലോകയുദ്ധം ആരംഭിച്ചിരിക്കുന്നുവെന്ന പരാമർശവുമായി രംഗത്തുവന്നിരിക്കുകയാണ് യുക്രെയ്ന്റെ മുൻ സൈനിക കമാൻഡർ ഇൻ ചീഫ് വലേറി സലൂഷ്ണി. റഷ്യൻ സഖ്യകക്ഷികൾ നേരിട്ട് യുദ്ധത്തിന്‍റെ ഭാഗമായെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യു.കെയിലെ യുക്രെയ്ൻ പ്രതിനിധി കൂടിയായ സലൂഷ്ണി ഇക്കാര്യം പറയുന്നത്.
“2024ൽ മൂന്നാം ലോകയുദ്ധം ആരംഭിച്ചതായി ഞാൻ വിശ്വസിക്കുന്നു. റഷ്യക്കൊപ്പം സഖ്യകക്ഷികളും യുദ്ധത്തിൽ ചേർന്നുകഴിഞ്ഞു. ഉത്തര കൊറിയയിൽനിന്നുള്ള പട്ടാളക്കാർ യുക്രെയ്നെതിരെ നിലയുറപ്പിച്ചിരിക്കുന്നു. ഇറാന്‍റെ പരോക്ഷ പിന്തുണയും റഷ്യക്ക് കിട്ടുന്നുണ്ട്. സംഘർഷം യുക്രെയ്ന് പുറത്തേക്ക് വ്യാപിക്കാതെ തടയാൻ ഇപ്പോഴും കഴിയും. എന്നാൽ ചില കാരണങ്ങളാൽ ഞങ്ങളുടെ സഖ്യകക്ഷികൾ ഇക്കാര്യം മനസിലാക്കുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ യുക്രെയ്ൻ അതിജീവിക്കും. എന്നാൽ ഈ യുദ്ധം ഞങ്ങൾക്ക് തനിയെ ജയിക്കാനാകുമോ എന്ന കാര്യം അവ്യക്തമാണ്” -സലൂഷ്ണി പറഞ്ഞു.
കഴിഞ്ഞദിവസത്തെ റഷ്യയുടെ മിസൈൽ ആക്രമണം യുദ്ധത്തിന്‍റെ തീവ്രതയും ക്രൂരതയും ഏറ്റുന്നതാണെന്നും സലൂഷ്ണി കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ കടന്നുകയറ്റത്തെ ഒരുപരിധി വരെ തടയാൻ സലൂഷ്ണിയുടെ നേതൃത്വത്തിലുള്ള സൈനിക സംഘത്തിനു കഴിഞ്ഞിരുന്നു. പിന്നീട് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സലൂഷ്ണിയെ നീക്കിയത്. സെലസ്കിയുടെ വിശ്വസ്തനായ ജനറൽ ഒലക്സാണ്ടർ സിർസ്കിയാണ് നിലവിൽ സൈനിക തലവൻ.
അതേസമയം യുക്രെയ്ൻ അതിർത്തിയിൽ പതിനായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരെയാണ് റഷ്യ അണിനിരത്തിയത്. ഇറാന്‍റെ അത്യാധുനിക ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് യുക്രെയ്നെതിരെ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ റുബേസാണ് റഷ്യ യുക്രെയ്നു നേരെ പ്രയോഗിച്ചത്. ഡിനിപ്രോയിൽ പതിച്ച മിസൈൽ 1000 കിലോമീറ്റർ അകലെ റഷ്യയിലെ അസ്ട്രാക്കൻ മേഖലയിൽനിന്നാണ് തൊടുത്തത്. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു.
5,800 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യത്തിലേക്ക് പ്രയോഗിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ ആറ് പതിറ്റാണ്ട് മുമ്പാണ് റഷ്യ വികസിപ്പിച്ചത്. ആണവായുധമായും പ്രയോഗിക്കാവുന്ന റുബേസ് മിസൈലിൽ സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കൾ തന്നെയാണ് റഷ്യ പ്രയോഗിച്ചതെന്നാണ് വിവരം. രാസായുധമായും ജൈവായുധമായും മിസൈൽ പ്രയോഗിക്കാനാകും. അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യക്കു നേരെ യുക്രെയ്ൻ പ്രയോഗിച്ചതിനു തൊട്ടടുത്ത ദിവസമാണ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.