സന്തോഷം വിട്ടൊഴിയാതെ ഫിൻലൻഡ്; തുടർച്ചയായ ഏഴാം തവണയും സന്തോഷപ്പട്ടികയിൽ ഒന്നാമത്
text_fieldsന്യൂയോർക്: ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ ഏഴാം തവണയും ഫിൻലൻഡ് തന്നെ ഒന്നാംസ്ഥാനത്ത്. യു.എൻ വാർഷിക വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരമുള്ള പട്ടികയിൽ ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വീഡൻ എന്നീ നോർഡിക് രാജ്യങ്ങളുടെ ആധിപത്യമാണ്. 143 രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഏറ്റവും പിന്നിലുള്ളത്. ആദ്യമായി യു.എസും ജർമനിയും ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായി. യഥാക്രമം 23ഉം 24ഉം ആണ് ഇരുരാജ്യങ്ങളുടെയും സ്ഥാനം. കോസ്റ്റാറിക്കയും കുവൈത്തും ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. 13 ആണ് കുവൈത്തിന്റെ സ്ഥാനം. പട്ടികയിൽ ഇന്ത്യ 126ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷവും ഇതേ റാങ്ക് തന്നെയായിരുന്നു.
പ്രകൃതിയുമായുള്ള ശക്തമായ ബന്ധവും ആരോഗ്യകരമായ തൊഴിൽ-സന്തുലിതാവസ്ഥയുമാണ് ഫിൻലൻഡിനെ സന്തോഷപ്പട്ടികയിൽ ഒന്നാമതെത്തിച്ചത് എന്നാണ് ഹെൽസിങ്കി സർവകലാശാലയിലെ സന്തോഷ ഗവേഷകയായ ജെന്നിഫർ ഡി പാവ്‍ലയുടെ കണ്ടെത്തൽ. അഴിമതി നിരക്ക് വളരെ കുറവാണ് ഫിൻലൻഡിൽ. ആരോഗ്യ, വിദ്യാഭ്യാസ മേഖലയും കരുത്താർജിച്ചതാണ്.
പ്രായമായവരുടെ ജനസംഖ്യയിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ 140 മില്യൺ ആളുകൾ 60 വയസ് പൂർത്തിയായവരോ അതിനു മുകളിലുള്ളവരോ ആണ്. വൈവാഹിക ബന്ധം, സാമൂഹിക നിലപാടുകൾ, ശാരിരികാരോഗ്യം എന്നിവയാണ് ഇന്ത്യയിലെ മുതിർന്ന തലമുറയുടെ ജീവിത സംതൃപ്തി നിർണയിക്കുന്ന ഘടകങ്ങൾ. ജീവിക്കുന്ന സാഹചര്യങ്ങൾ അതിൽ ഏറ്റവും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.