'ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' ഉടൻ മോചിതനാകും, കാടിന്‍റെ വിശാലതയിലേക്ക്
text_fieldsഇസ്ലാമാബാദ്: ഇടുങ്ങിയ കൂട്ടിലെ വർഷങ്ങൾ നീണ്ട ഏകാന്തവാസത്തിന് അവസാനമാകുന്നു, 'കാവൻ' ഇനി പുതിയ ജീവിതത്തിലേക്ക് കടക്കും. ലോകമെമ്പാടുമുള്ള മൃഗസ്നേഹികളുടെ പിന്തുണക്കൊടുവിലാണ് കാവൻ എന്ന ആന കൂച്ചുവിലങ്ങിൽ നിന്നും സ്വാതന്ത്ര്യത്തിന്‍റെ ലോകത്തേക്ക് മോചിതനാകുന്നത്.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ മൃഗശാലയിൽ ദുരിതമനുഭവിക്കുന്ന ആനയുടെ പ്രയാസം ലോകമെങ്ങുമുള്ള മൃഗസ്നേഹികൾ കാമ്പയിനായി ഏറ്റെടുത്തിരുന്നു. 35 വർഷമായി ഇവിടെയാണ് കാവൻ കഴിയുന്നത്. 'ലോകത്തിലെ ഏറ്റവും ഏകാന്തനായ ആന' എന്നാണ് കാവൻ വിശേഷിക്കപ്പെട്ടിരുന്നത്.
കാവനെ കുറിച്ചുള്ള വാർത്തകൾ 2016 മുതൽ പുറത്തുവന്നിരുന്നു. ആക്ടിവിസ്റ്റുകൾ നൽകിയ ഹരജിയിൽ ആനയെ കംബോഡിയയിലേക്ക് മാറ്റാൻ ഇസ്ലാമാബാദ് ഹൈകോടതി കഴിഞ്ഞ മേയിൽ ഉത്തരവിട്ടിരുന്നു. നിലവിലെ മൃഗശാലയിൽ മതിയായ ശ്രദ്ധയോ പരിചരണമോ ആനക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.
വെള്ളിയാഴ്ച കാവന്‍റെ ആരോഗ്യ പരിശോധന പൂർത്തിയായതായും യാത്രചെയ്യാൻ പ്രാപ്തനാണെന്നും മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഫോർ പോസ് സംഘടനയുടെ വക്താക്കൾ പറഞ്ഞു. കാവൻ ഉൾപ്പടെ മൃഗശാലയിൽ അവശേഷിക്കുന്ന മൃഗങ്ങളെ സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറ്റാൻ ഈ സംഘടനക്കാണ് ചുമതല നൽകിയിരിക്കുന്നത്.
കാവന് പോഷകാഹാരക്കുറവ് ഉണ്ടെങ്കിലും അമിതഭാരം കാണിക്കുന്നുണ്ടെന്ന് പരിശോധനക്ക് ശേഷം ഇവർ പറഞ്ഞു. കാൽനഖങ്ങൾ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ വർഷങ്ങൾ കഴിയേണ്ടിവന്നത് ആനയുടെ കാലുകളെ മോശമായി ബാധിച്ചിട്ടുണ്ട്.
ശാരീരിക അവശതക്ക് പുറമേ ആനക്ക് സ്വഭാവസംബന്ധിയായ പ്രശ്നങ്ങളുമുണ്ടെന്ന് ഇവർ പറയുന്നു. തല മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് മണിക്കൂറുകളോളം ആന നിൽക്കുമായിരുന്നു. ഇത് ഏകാന്തത മാറ്റാൻ വേണ്ടിയാവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കാവൻ യാത്ര ചെയ്യാൻ യോഗ്യനാണ്. എന്നാൽ, എപ്പോഴാവും യാത്രയെന്ന് നിശ്ചയിച്ചിട്ടില്ല.
കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്കാണ് കാവനെ മാറ്റുക. 25,000 ഏക്കറുള്ള കംബോഡിയയിലെ വന്യജീവി സേങ്കതത്തിൽ ഇതിനകം 80ലധികം ആനകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.
1985ൽ ശ്രീലങ്ക സമ്മാനമായി നൽകിയ 'കാവൻ' ഇസ്ലാമാബാദ് കാഴ്ചബംഗ്ലാവിൽ കുട്ടികൾ അടക്കമുള്ളവരുടെ പ്രധാന ആകർഷണമായിരുന്നു. ആനയെ പീഡിപ്പിച്ചിട്ടില്ലെന്നും കൂട്ടുണ്ടായിരുന്ന പിടിയാന 2012ൽ െചരിഞ്ഞതിനെ തുടർന്നാണ് 'കാവൻ' അക്രമാസക്തനാകുന്നതെന്നുമാണ് കാഴ്ചബംഗ്ലാവ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.