കോവിഡ് 19; സിംഗപ്പൂർ മരണനിരക്ക് കുറക്കുന്നതെങ്ങനെ?
text_fieldsസിംഗപ്പൂർ: ആഗോളതലത്തിൽ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. 57,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴും 27 മരണം മാത്രമാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ കോവിഡ് മരണനിരക്ക് മൂന്നു ശതമാനമായിരിക്കേ, സിംഗപ്പൂരിൻെറ മരണനിരക്ക് വെറും 0.05 ശതമാനവും.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് ജനസംഖ്യയായിരിക്കാം ഇതിനുകാരണം എന്നു പലരും അഭിപ്രായപ്പെടുേമ്പാഴും സിംഗപ്പൂരിനേക്കാൾ കുറവ് ജനസംഖ്യയുള്ള ഡെൻമാർക്കിൽ മൂന്നുശതമാനവും ഫിൻലാൻഡിൽ നാലുശതമാനവുമാണ് കോവിഡ് മരണനിരക്ക്.
രണ്ടുമാസത്തിലേറെയായി ഒരു കോവിഡ് മരണം പോലും സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. സിംഗപ്പൂരിൻെറ മരണനിരക്ക് കുറക്കാൻ സാധിച്ചതിൻെറ പ്രധാന കാരണങ്ങൾ പരിശോധിക്കാം.
രോഗവ്യാപനം
സിംഗപ്പൂരിൽ രോഗം സ്ഥിരീകരിച്ചവരിൽ 95 ശതമാനവും കുടിയേറ്റ തൊഴിലാളികളിലാണ്. അവരുടെ പ്രായമാകട്ടെ 20നും 30നും ഇടയിൽ. ഇടുങ്ങിയ ഡോർമെറ്ററികളിൽ താമസിക്കുന്ന ഇവരിൽ ഭൂരിഭാഗവും കെട്ടിട, കപ്പൽ നിർമാണ ജോലിയിൽ ഏർപ്പെടുന്നവരാണ്. രോഗം സ്ഥിരീകരിക്കുന്നവരിൽ ഭൂരിഭാഗവും യുവാക്കളിലായതിനാൽ തന്നെ മരണനിരക്കും കുറയുന്നു. പലർക്കും ചെറിയ ലക്ഷണങ്ങളോടെ കോവിഡ് വന്നുപോകുകയും ചിലർക്ക് രോഗലക്ഷണങ്ങളില്ലാെത തന്നെ രോഗം വന്നു മാറിയതായും കാണുന്നു.
രോഗം കണ്ടെത്തൽ
രോഗബാധ നേരത്തേ കണ്ടെത്തുന്നതിലൂടെ വ്യാപനത്തിൻെറ തോത് കുറക്കാൻ സാധിക്കുന്നു. വ്യാപക സമ്പർക്ക പട്ടിക തയാറാക്കുന്നതിലൂടെയും പരിശോധനയിലൂടെയും രോഗം നേരത്തേ കണ്ടെത്തും. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം പേരെയും ഇതിനോടകം പരിശോധിച്ചു കഴിഞ്ഞു. 57 ലക്ഷം പേരിൽ 9,00,000 പേരെ പരിശോധനക്ക് വിധേയമാക്കി.
ഡോർമെറ്ററികളിൽ താമസിക്കുന്നവരെയും കെയർ ഹോമുകളിൽ താമസിക്കുന്നവരെയും വ്യാപക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. 13 വയസിൽ താഴെയുള്ളവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൗജന്യ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നു.
ആശുപത്രി സൗകര്യം
കോവിഡ് പരിശോധനയും ചികിത്സയുടെ ഭാഗമാക്കി. കോവിഡ് രോഗികളായ 45വയസിന് മുകളിലുള്ളവരെയും പ്രത്യേക ശ്രദ്ധ നൽകേണ്ടവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ച് പ്രത്യേക ശ്രദ്ധ നൽകും. തെക്കുകിഴക്കൻ ഏഷ്യയിലെ പ്രധാന ആശുപത്രി ടൂറിസം ഹബാണ് സിംഗപ്പൂർ. നിരവധി സ്വകാര്യ ആശുപത്രികളും പൊതു ജനാരോഗ്യ കേന്ദ്രങ്ങളും ഇപ്പോൾ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗലക്ഷണമില്ലാത്തവരെ താമസിപ്പിക്കുന്നതിനായി സർക്കാറിൻെറ നേതൃത്വത്തിൽ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കി. കോവിഡ് അതിഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളവർക്ക് പ്രത്യേക ശ്രദ്ധയും നൽകി വരുന്നു. നിലവിൽ ഒരു കോവിഡ് രോഗിപോലും സിംഗപ്പൂരിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
മാസ്ക് നിർബന്ധം
ഏപ്രിൽ മുതൽ സിംഗപ്പൂരിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കുന്നത് കോവിഡ് വ്യാപനം കുറക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം. മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലും കോവിഡ് വ്യാപനം കുറക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
കോവിഡ് മരണം
കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളാണ് സിംഗപ്പൂർ സ്വീകരിച്ചുവരുന്നത്. ന്യുമോണിയ, ഹൃദയ സംബന്ധ പ്രശ്നങ്ങൾ തുടങ്ങിയവ മൂലമുള്ള മരണങ്ങൾ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.