31വർഷം ജീവിച്ച് ലോക റെക്കോർഡിട്ടു, പോർച്ചുഗീസിലെ ‘ബോബി’യെ പരിചയപ്പെടാം...
text_fields31 -ാം പിറന്നാൾ ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ എന്ന ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ് പോർച്ചുഗലിലെ ബോബി എന്ന നായ. പോർച്ചുഗീസ് ഗ്രാമമായ കോൺക്വീറോസിലെ വീട്ടിൽ ശനിയാഴ്ചയാണ് ജൻമദിനാഘോഷം. നായ ഇത്രയും കാലം ജീവിച്ചതും ഈ വീട്ടിൽ തന്നെയായിരുന്നു. ശരാശരി 15 വർഷമാണ് നായ്ക്കളുടെ ജീവിത ദൈർഘ്യം. അതിനിരട്ടികാലം ജീവിച്ചാണ് ബോബി റെക്കോർഡിട്ടിരിക്കുന്നത്.
ലിയോണൽ കോസ്റ്റയാണ് ബോബിയുടെ ഉടമ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജന്മദിന പാർട്ടിയിൽ 100 ഓളം പേർ പങ്കെടുത്തു. പ്രദേശികമായ മാംസവും മത്സ്യവുമാണ് അതിഥികൾക്ക് വിളമ്പിയത്. മനുഷ്യർ കഴിക്കുന്നത് മാത്രമാണ് ബോബിയും കഴിക്കുക. ഇതേ ഭക്ഷണം കൂടുതൽ അളവിൽ ബോബിക്കും വിളമ്പി. അതിനു ശേഷം നൃത്ത പരിപാടികളുമുണ്ടായിരുന്നു ബോബിയും നൃത്ത സംഘത്തോടൊപ്പം ചുവടുവെച്ചു.
കോസ്റ്റയുടെ ഉടമസ്ഥതയിൽ നിരവധി പ്രായമേറിയ നായ്ക്കളുണ്ടായിരുന്നു. ബോബിയുടെ മാതാവ് ഗിരയും കോസ്റ്റയുടെ വീട്ടിൽ തന്നെയാണുണ്ടായിരുന്നത്. ഗിര 18 വയസുവരെയാണ് ജീവിച്ചത്. എന്നാൽ തന്റെ ഏതെങ്കിലും നായ്ക്കൾ 30 വയസ് തികക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കോസ്റ്റ് പറഞ്ഞു.
ബോബിയുടെ ജീവിതാന്തരീക്ഷം ശാന്തവും സമാധാനപൂർണവുമായതിനാലാണ് അതിന് ഇത്രയും കാലം ജീവിക്കാനായതെന്ന് കോസ്റ്റ പറഞ്ഞു. ഇത്രയും കാലം ബോബിയെ സ്വതന്ത്രമായി വിഹരിക്കാൻ വിട്ടിരിക്കുകയായിരുന്നു. തന്റെ വീടിനു സമീപത്തെ കാട്ടിലെല്ലാം അലഞ്ഞു തിരയാൻ വിടാറുണ്ട്. ഒരിക്കലും ചങ്ങലക്കിട്ടിട്ടില്ല. മറ്റ് നിരവധി മൃഗങ്ങൾ ചുറ്റുമുള്ളതിനാൽ ഈ നായക്ക് ഒരിക്കലും ഒറ്റപ്പെട്ട് കഴിയേണ്ടിയും വന്നിട്ടില്ല. -കോസ്റ്റ പറഞ്ഞു.
വയസ് കൂടിയതോടെ ബോബിക്ക് എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ വീട്ടുമുറ്റത്ത് മാത്രമാണ് നടക്കുന്നത്. കാഴ്ചക്കും പ്രശ്നമുണ്ട്. കൂടുതൽ സമയം ഉറങ്ങുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ച ഉടൻ ഉറക്കത്തിലേക്ക് വീഴുകയും ചെയ്യുന്നുണ്ടെന്ന് ഉടമ വ്യക്തമാക്കി.
വെറ്ററിനറി സംഘം എത്തി ബോബിയുടെ ജനന വർഷം ഉറപ്പുവരുത്തിയിട്ടുണ്ട്. 1992 ലാണ് ബോബി ജനിച്ചത്. പോർച്ചുഗീസിലെ വളർത്തുമൃഗ രജിസ്ട്രേഷൻ വകുപ്പും ജനന വർഷം ഉറപ്പു വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.